തിരുവനന്തപുരം: ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ചേക്കേറിയ നിമിഷത്തിൽ രാഷ്ട്രീയ ബോംബ് പൊട്ടിച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്ത് നടത്തിയ ഹസന്റെ വാർത്താസമ്മേളനത്തിൽ നിർണായക വെളിപ്പെടുത്തലുണ്ടായത്.
പാലാ ജോസ് കെ മാണിക്ക് കൊടുത്താൽ എൽ.ഡി.എഫ് വിടുമെന്ന് മാണി സി കാപ്പൻ പറഞ്ഞെന്നായിരുന്നു ഹസന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനെയാണ് കാപ്പൻ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിൽ ചർച്ച നടത്തി. എൽ.ഡി.എഫ് മുങ്ങുന്ന കപ്പലാണ്. ജോസ് കെ മാണി വന്നതുകൊണ്ട് നേട്ടമുണ്ടാകില്ല. എൻ.സി.പിയിൽ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും ഹസൻ പറഞ്ഞു. കേരള കോൺഗ്രസ് കോട്ടയം എം.പി സ്ഥാനവും രാജിവയ്‌ക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
കോട്ടയത്തായിരുന്നു എൽ.ഡി.എഫിലേക്ക് ചേർന്നുകൊണ്ടുള്ള ജോസ് കെ മാണിയുടെ കേരള രാഷ്ട്രീയത്തിലെ നിർണായക പ്രഖ്യാപനം. ഇതിനു തൊട്ടുപിന്നാലെയായിരുന്നു യു.ഡി.എഫ് കൺവീനറുടെ തുറന്നുപറച്ചിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |