കൊല്ലം: ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരം - ചെന്നൈ സൂപ്പർഫാസ്റ്റ് മെയിലിന്റെ കോച്ചുകൾ വേർപെട്ടു. കോച്ചുകളിലെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സംവിധാനം പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 3.45 ഓടെ കരുനാഗപ്പള്ളിക്കു സമീപം മാരാരിത്തോട്ടത്തായിരുന്നു അപകടം.
എൻജിനു പിന്നിലുള്ള അഞ്ച്, ആറ് എ.സി കോച്ചുകൾക്കിടയിലെ കപ്ളിംഗ് വേർപെടുകയായിരുന്നു. അപകടം മനസിലാക്കി ലോക്കോ പൈലറ്റുമാർ എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും അര കിലോമീറ്ററോളം മാറിയാണ് അഞ്ച് കോച്ചുകൾ സഹിതം എൻജിൻ നിന്നത്. വേർപെട്ട കോച്ചുകൾ നൂറ് മീറ്ററിലധികം മുന്നോട്ട് നീങ്ങിയെങ്കിലും ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനം പ്രവർത്തിച്ചതിനാൽ സുരക്ഷിതമായി നിന്നു.
പെട്ടെന്നുള്ള ബ്രേക്കിംഗിൽ കാര്യമറിയാതെ പകച്ച യാത്രക്കാർ ട്രെയിൻ നിന്ന ശേഷമാണ് കോച്ചുകൾ വേർപെട്ട വിവരം അറിയുന്നത്. ട്രെയിനിലെ ഗാർഡും ആർ.പി.എഫ് ഉദ്യോഗസ്ഥരും വിവരം മേലുദ്യോഗസ്ഥർക്ക് കൈമാറി. കരുനാഗപ്പള്ളി, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുകളിലും അറിയിച്ചു. എൻജിനുൾപ്പെടെയുള്ള ഭാഗം പിന്നോട്ടെടുത്ത് വേർപെട്ട കോച്ചുകൾക്കു സമീപമെത്തിച്ച് ലോക്കോ പൈലറ്റും ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാരും കപ്ളിംഗ് ഉറപ്പിച്ചശേഷം 50 മിനിട്ടിനുശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.
സംഭവത്തിൽ ആർ.പി.എഫ്, റെയിൽവേ എൻജിനിയറിംഗ്, മെക്കാനിക്കൽ, ട്രാഫിക് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനും കരുനാഗപ്പള്ളിക്കും ഇടയിൽ കൊടും വളവും കല്ലുകടവ് ആറിന് കുറുകെയുള്ള പാലവും കടന്നശേഷമാണ് ട്രെയിനിന്റെ കപ്ളിംഗ് വേർപെട്ടത്. ഇത് വൻ ദുരന്തം ഒഴിവാക്കി. മാസങ്ങൾക്കുമുൻപ് ഇവിടെ ചരക്ക് ട്രെയിൻ പാളം തെറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |