സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടുത്തകാലത്തു തുറക്കാനുള്ള സാദ്ധ്യത ഇല്ല. കൊവിഡ് വ്യാപനത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലാണിപ്പോൾ കേരളം. വ്യാപനം ഇനിയും കൂടുമെന്നും അടുത്ത രണ്ടു മാസങ്ങൾ ഏറെ നിർണായകമാകുമെന്നാണ് വിദഗ്ദ്ധന്മാർ പറയുന്നത്. ആ നിലയ്ക്ക് പുതുവർഷാരംഭത്തിനു മുമ്പ് സ്കൂളുകളും കലാലയങ്ങളും തുറക്കുന്നതിനെക്കുറിച്ച് അധികം പ്രതീക്ഷ വേണ്ട. ദേശീയ തലത്തിൽ കൊവിഡ് നില മെച്ചപ്പെട്ടതോടെ മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. ഉയർന്ന ക്ളാസുകളിലെ കുട്ടികൾക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂളുകളിലെത്താൻ അവസരമൊരുക്കുകയാണ്.
ഓൺലൈൻ ക്ളാസുകൾ വഴി അദ്ധ്യയനം മുടങ്ങാതിരിക്കാൻ രാജ്യത്തുടനീളം നടപടി ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടികളിലെ സമ്മർദ്ദം ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. നഷ്ടമായ അദ്ധ്യയനത്തെ ഓർത്തു വേവലാതിപ്പെടുന്നവരാണ് അധികവും. ക്ളാസ് മുറികളിലിരുന്നു പഠിക്കുന്നതിന്റെ അനുഭവം മറ്റേതു മാർഗത്തിലൂടെ ലഭിക്കുകയില്ലല്ലോ. മാത്രമല്ല പാഠപുസ്തകങ്ങളിലെ വിജ്ഞാനം മാത്രമേ ഓൺലൈൻ വഴി പകർന്നുകിട്ടുകയുള്ളൂ. കുട്ടികളുടെ മനസിനെ പാകപ്പെടുത്തുന്ന ഇതര കാര്യങ്ങൾ അനുഭവവേദ്യമാകണമെങ്കിൽ സ്കൂൾ അന്തരീക്ഷത്തിലേക്ക് വീണ്ടും എത്താനാകണം.
അദ്ധ്യയന ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സി.ബി.എസ്.ഇ നേരത്തെ തന്നെ സിലബസ് മുപ്പതു ശതമാനം വെട്ടിക്കുറച്ചിരുന്നു. സ്കൂളുകൾ തുറക്കാൻ വൈകുന്നതു പരിഗണിച്ച് വീണ്ടും കുറവ് വരുത്താനും നടപടിയായിട്ടുണ്ട്. കേന്ദ്ര സിലബസ് തിരഞ്ഞെടുത്ത കുട്ടികൾക്ക് വളരെയധികം ആശ്വാസം നൽകുന്ന തീരുമാനമാണിത്. ആവശ്യത്തിലേറെ പാഠങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് എല്ലാ സ്കൂൾ ബോർഡുകളുടെയും സിലബസുകളെന്ന് സാർവത്രികമായ ആക്ഷേപം നേരത്തെ തന്നെയുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാഠഭാഗങ്ങളിൽ നിന്ന് വേണ്ടാത്തവ നീക്കം ചെയ്യുന്നത് ഉചിതമായ നടപടി തന്നെയാണ്.
സി.ബി.എസ്.ഇ സിലബസിൽ പകുതിയോളം ഒഴിവാക്കിയെങ്കിലും സംസ്ഥാനത്ത് ഇക്കാര്യത്തിൽ ഇനിയും തീരുമാനമുണ്ടാകാത്തത് കുട്ടികളിൽ ഉത്കണ്ഠ ഉളവാക്കുന്നുണ്ട്. സിലബസ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നും ഓൺലൈൻ ക്ളാസുള്ളതിനാൽ കുട്ടികൾ എല്ലാം ഗ്രഹിച്ചുകൊള്ളുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെയും വിദഗ്ദ്ധരുടെയും നിലപാട്. ഇത് ശരിയായ സമീപനമാണെന്നു പറയാനാകില്ല. ജനുവരിക്ക് മുമ്പ് സ്കൂളുകൾ തുറക്കാനുള്ള സാഹചര്യമില്ലെന്നു ബോദ്ധ്യമായ നിലയ്ക്ക് സിലബസിൽ ആവശ്യമായ കുറവു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഓൺലൈൻ ക്ളാസിന്റെ സമ്മർദ്ദം അതിജീവിക്കാനുള്ള ഒരു മാർഗം കൂടിയാണത്. തുടർച്ച ആവശ്യമായ പാഠഭാഗങ്ങൾ നിലനിറുത്തി മറ്റു ഭാഗങ്ങൾ വെട്ടിച്ചുരുക്കുന്നതുകൊണ്ട് അപകടമൊന്നും വരാൻ പോകുന്നില്ല. പ്രത്യേകിച്ചും മാനവിക വിഷയങ്ങളിൽ. വിദഗ്ദ്ധ സമിതി വിളിച്ചുകൂട്ടി എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. തൊഴിലാളിക്ക് തലയിലെടുക്കാവുന്ന ചുമടുഭാരം കുറവു ചെയ്തുകൊണ്ട് വിജ്ഞാപനമിറങ്ങിയത് ഈ അടുത്ത ദിവസമാണ്. അതുപോലെ സ്കൂൾ കുട്ടികളുടെ പഠനഭാരവും ആശ്വാസകരമായ നിലയിൽ കുറയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിത്തീർന്നിരിക്കുകയാണ്. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകത നീതിപീഠങ്ങളും വിദഗ്ദ്ധ സമിതികളുമൊക്കെ പേർത്തും പേർത്തും ആവശ്യപ്പെട്ടിട്ടും ക്രിയാത്മക നടപടികൾ ഉണ്ടാകുന്നില്ല. സിലബസ് എത്ര കൂടുന്നുവോ വിദ്യാഭ്യാസ നിലവാരവും അതനുസരിച്ച് ഉയരുമെന്ന ധാരണ നിലനിൽക്കുന്നതുകൊണ്ടാണ് കുട്ടികൾ അമിതഭാരം ചുമക്കേണ്ടിവരുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ ക്ളാസുകളിലൂടെ അദ്ധ്യയനം മുടങ്ങാതിരിക്കാൻ സർക്കാർ വിപുലമായ സംവിധാനം ഒരുക്കിയത് ആശ്വാസമായിട്ടുണ്ടെങ്കിലും പരിമിതികളും ഒപ്പം തന്നെയുണ്ട്. പല കാരണങ്ങളാൽ എല്ലാവരിലും അത് വേണ്ടപോലെ എത്തുന്നില്ലെന്നതാണ് പ്രശ്നം. മൊബൈൽ, കമ്പ്യൂട്ടർ, ടിവി എന്നിവയുടെ കുറവു നേരിടുന്ന വിഭാഗങ്ങൾ ഉണ്ട്. വൈദ്യുതി ബന്ധത്തിലെ തടസങ്ങളാണ് മറ്റൊരു വലിയ പ്രതിസന്ധി. ഗ്രാമപ്രദേശങ്ങളിൽ ഇതൊക്കെ സർവസാധാരണമാകയാൽ അദ്ധ്യയനത്തിൽ നേരിടുന്ന തടസങ്ങൾ അവഗണിക്കാവുന്നതല്ല. മുടങ്ങാതെ ഓൺലൈൻ ക്ളാസുകളിലിരിക്കുന്ന കുട്ടികളിൽത്തന്നെ വേണ്ടവിധം ഗ്രഹിക്കാൻ കഴിയാതെ ബുദ്ധിമുട്ട് നേരിടുന്ന ധാരാളം കുട്ടികളുണ്ട്. ഒരേ മട്ടിലും ശൈലിയിലുമുള്ള ക്ളാസുകൾ മടുപ്പിക്കുന്നുമുണ്ട്. ഓൺലൈൻ ക്ളാസുകൾ ഇനിയും തുടരേണ്ടിവരുമെന്നതിനാൽ ഒരു പുനരവലോകനത്തിനു സമയമായെന്നാണ് തോന്നുന്നത്. സർക്കാരിനു പുറമെ അംഗീകാരവും വിഭവശേഷിയുമുള്ള സ്ഥാപനങ്ങൾ കൂടി ഈ രംഗത്തു കടന്നുവരുന്നത് അഭികാമ്യമായിരിക്കും. രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളുടെയും ദേശീയ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഐ.ടി സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങൾ സ്കൂളുകൾക്കു ലഭ്യമാക്കാവുന്നതേയുള്ളൂ. കുട്ടികളെ കൂടുതൽ ആകർഷിക്കുംവിധം ക്ളാസുകളുടെ ഘടന മാറ്റാൻ ഐ.ടി വിദഗ്ദ്ധന്മാർക്ക് കഴിയും. ഐ.ടി മേഖലയിലെ അനന്ത സാദ്ധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്താം. ഇപ്പോൾത്തന്നെ പല സ്വകാര്യ കമ്പനികളും തങ്ങളുടേതായ പഠന ആപ്പുമായി രംഗത്തുണ്ട്. സാമ്പത്തിക ശേഷിയുള്ള കുട്ടികൾ അവയുടെ സേവനം പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ പൊതുവിദ്യാലയങ്ങളിലെ ലക്ഷക്കണക്കിനു വരുന്ന കുട്ടികളിൽ ഭൂരിപക്ഷത്തിനും അവ അപ്രാപ്യമായതിനാൽ സർക്കാരാണ് ഇവിടെയും അവർക്ക് തുണയാകേണ്ടത്.
കൊവിഡ് മഹാമാരിയിൽ നിന്നും മുക്തമായി വിദ്യാലയങ്ങൾ സാധാരണ മട്ടിലേക്കു തിരിച്ചുപോകുമ്പോഴും ഇപ്പോഴത്തെ ഓൺലൈൻ പഠന സമ്പ്രദായം നിലനിറുത്താവുന്നതേയുള്ളൂ. ക്ളാസ് പഠനത്തിനു പുറമെ അധിക വിജ്ഞാന സമ്പാദനത്തിനു മാത്രമല്ല, ക്ളാസിൽ പഠിച്ച കാര്യങ്ങൾ കൂടുതൽ ആഴത്തിൽ ഹൃദിസ്ഥമാക്കാനും അതു സഹായിക്കും. പൊതുവിദ്യാലയങ്ങൾ ഹൈടെക്കാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സമ്പ്രദായം സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റാൻ ഒരു പ്രയാസവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |