മാർക്സും മൂലധനവും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം- ചരിത്രം, വർത്തമാനം എന്നിത്യാദി ഗ്രന്ഥങ്ങൾ വായിച്ചും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം കണ്ടും ജോസ് മോൻ സ്വയം പാകപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം തിരുനഗരത്തിലേക്ക് സ്വന്തം കാറിൽ വന്നത്. യു.ഡി.എഫ് മുന്നണി വിട്ടതിന്റെ ഹാംഗോവർ മാറിക്കഴിഞ്ഞിരുന്നു. കെട്ടിലും മട്ടിലും ഒരു ചുവപ്പൻമട്ടുണ്ടായിരുന്നു.
തിരുനഗരത്തിൽ എത്തിക്കഴിഞ്ഞ ശേഷമാണ് ചില്ലറ ഏടാകൂടങ്ങൾ വൈതരണികളായി മുന്നിൽ നില്പുണ്ടെന്ന യാഥാർത്ഥ്യത്തിലേക്ക് ആ ഇളംമനസ്സ് കടന്നുചെന്നത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം കണ്ടിരുന്നുവെങ്കിലും എ.കെ.ജി സെന്ററിലിരുന്ന് ഗൗരവം വിടാതെ ചിരിക്കാറുള്ള കോടിയേരിസഖാവിന്റെ മുഖവും വൈകുന്നേരത്തെ ആറുമണി പത്രസമ്മേളനങ്ങളിൽ ഗാംഭീര്യം ഒട്ടും ചോരാതെ കമ്മ്യൂണിസ്റ്റ് രീതിയിൽ മാത്രം കുലുങ്ങിച്ചിരിക്കാറുള്ള പിണറായി സഖാവിന്റെ മുഖവും കണ്ടുശീലിച്ചതിനാൽ അവരും അവരെ പലപ്പോഴും കാണാറുള്ള ആ എ.കെ.ജി മന്ദിരവും അല്ലാതൊരു കമ്മ്യൂണിസം ഈ ഭൂഗോളത്തിലുണ്ടാവാനിടയുണ്ടെന്ന് ജോസ്‌മോൻ സഖാവ് കരുതിയിരുന്നില്ല. ഏതാണ്ട് അതുപോലെയൊക്കെ തന്നെയുള്ള ഗൗരവവും ഗാംഭീര്യവുമൊക്കെയായി ഒരു കാനം സഖാവുണ്ടെന്നും അങ്ങേർക്കും കൂട്ടാളികളായ വലത് കമ്മ്യൂണിസ്റ്റുകൾക്കും വേണ്ടി എം.എൻ സ്മാരകം എന്നു പേരായ ഒരു കെട്ടിടം കൂടി ഇവിടെവിടെയോ ഉണ്ടെന്നും അതും ആഗോളകമ്മ്യൂണിസത്തിന്റെ പ്രതിബിംബമാണെന്നും തിരുനഗരത്തിലെത്തി ചേർന്നപ്പോഴാണ് ജോസ് മോൻ തിരിച്ചറിഞ്ഞത്.
അതിന്റെ ലൊക്കേഷൻ കൃത്യമായി എവിടെയാണെന്ന് ജോസ് മോന് നിശ്ചയമില്ലായിരുന്നു. കമ്മ്യൂണിസ്റ്റ് ആയി പാകപ്പെട്ടുവരാൻ കുറച്ച് സമയമെടുക്കുമെന്നതിനാൽ അതിലൊരു തെറ്റ് പറയാനാവില്ല. മേല്പറഞ്ഞ പുസ്തകങ്ങളിലൊന്നും അതേപ്പറ്റി പരാമർശമില്ലായിരുന്നു. പോരാത്തതിന് വലത് കമ്മ്യൂണിസ്റ്റുകളുമാണ്. എ.കെ.ജി മന്ദിരത്തിലേക്ക് ബന്ധപ്പെട്ട വേളയിലാണ് ജോസ് മോൻ ആ യാഥാർത്ഥ്യം തിരിച്ചറിയുകയുണ്ടായത്. അങ്ങനെയാണ് എം.എൻ സ്മാരകത്തെ തേടിയുള്ള യാത്ര ആരംഭിക്കുന്നത്. എ.കെ.ജി സെന്ററിന്റെ സഹായം ആവോളമുണ്ടായത് കൊണ്ട് എം.എൻ സ്മാരകത്തെ കണ്ടെത്താൻ വലിയ പ്രയാസമുണ്ടായില്ല.
ആദ്യമായിട്ടാകുമ്പോൾ അതൊക്കെ സ്വാഭാവികമാണ്. പരിചയപ്പെട്ട് വരുമ്പോഴല്ലേ യഥാർത്ഥ കമ്മ്യൂണിസ്റ്റായി തീരുക. അപ്പോൾ എം.എൻ സ്മാരകമൊക്കെ ആ കൈവെള്ളയിൽ കിടന്ന് കറങ്ങിക്കോളും. അതുകൊണ്ട് എം.എൻ സ്മാരകം കണ്ടെത്താൻ തുടക്കത്തിൽ ജോസ് മോന് സാധിച്ചില്ല എന്നത് ഒരു കുറവായി ആരും വ്യാഖ്യാനിക്കേണ്ട.
.................................
- ജോസ്‌മോൻ വരുന്നതറിഞ്ഞ് വെള്ളരിയും ചക്കക്കുരുവും ഉപ്പേരിയും പപ്പടവും പാലടയുമൊക്കെയായി എ.കെ.ജി സെന്ററിൽ ലക്ഷണമൊത്തൊരു സദ്യവട്ടം തന്നെ ഒരുക്കാൻ നിശ്ചയിച്ചതായിരുന്നു. സദ്യ കമ്മ്യൂണിസ്റ്റ് പദാവലിയിലില്ലാത്തതല്ല. അതാവാം. എങ്കിലും ഇല ഏർപ്പാട് ചെയ്തിരുന്നില്ല. രണ്ടിലയും കൊണ്ടാണല്ലോ ജോസ് മോൻ വരുന്നത് എന്നത് കണക്കിലെടുത്തായിരുന്നു ഇത്. പക്ഷേ കൊവിഡ്-19 മഹാമാരി എല്ലാ സദ്യകളെയും വിലക്കിയ സ്ഥിതിക്ക് തൽക്കാലം സദ്യവട്ടമങ്ങ് മാറ്റി വയ്ക്കുകയായിരുന്നു. പോരാത്തതിന് നിരോധനാജ്ഞയുമാണ്. എങ്കിലെന്താണ്! സദ്യയില്ലാത്തതിന്റെ ഒരു കുറവ് അറിയിക്കാതെ തന്നെ ജോസ് മോനെ കോടിയേരി സഖാവ് വരവേറ്രുവെന്നാണ് സിൻഡിക്കേറ്റുകൾ വെളിപ്പെടുത്തുന്നത്.
സദ്യ ഉണ്ണാതെ തന്നെ വയറ് നിറഞ്ഞാണ് ജോസ് മോൻ സുസ്മേരവദനനായി എ.കെ.ജി സെന്ററിന്റെ ചവിട്ടുപടികൾ ഇറങ്ങിയത്. ആ പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും റെഡ് വോളണ്ടിയർമാർച്ചിന്റെ ഇരമ്പൽ പരിസരമാകെ മുഴങ്ങിക്കേട്ടതായി പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ജോസ് മോന് എന്തിനും ഏതിനും ഇനിയൊരു കുറവും വരുത്തരുതെന്ന് എ.കെ.ജി സെന്ററിൽ നിന്ന് ചില കേന്ദ്രങ്ങളിലേക്ക് കർക്കശനിർദ്ദേശങ്ങൾ പോയിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ വിവരം. ജയരാജനണ്ണൈ ജലീൽ സായ്‌വിന്റെ ഒരു കൈ സഹായത്തോടെ സ്പീക്കറുടെ കസേര മറിച്ചിട്ടതും ശിവൻകുട്ടി സഖാവ് നിയമസഭയ്ക്കകത്ത് കരണം മറിഞ്ഞതും ഒടുവിൽ സഭയുടെ മേശപ്പുറത്ത് സമർപ്പിക്കപ്പെട്ടതുമെല്ലാം ഈയൊരു നല്ലകാലം വരാനായിരുന്നല്ലോ എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത ചാരിതാർത്ഥ്യം അനുഭവപ്പെടുന്നുണ്ട്!
.......................
- ഹസ്സൻജി നേരേ വാ, നേരേ പോ മനുഷ്യനാണ്. ഉള്ളിലൊന്നും രഹസ്യമാക്കി വയ്ക്കുന്ന ശീലം പണ്ടേയില്ല. അങ്ങനെയാണ് മാണി കാപ്പൻ ഒളിച്ചും പാത്തും വന്ന് ചർച്ചിച്ച് മടങ്ങിയ കാര്യം ഹസ്സൻജി കണ്ട കാര്യം കണ്ടപോലെ പറഞ്ഞത്. ചെന്നിത്തലഗാന്ധിയുമായാണ് കാപ്പൻജി ചർച്ച നടത്തിയതെന്നാണ് ഹസ്സൻജി പറഞ്ഞത്. പിള്ള മനസ്സിൽ കള്ളമില്ലാത്തത് കൊണ്ടുതന്നെ ഒരുമാതിരിപ്പെട്ടവരെല്ലാം അതങ്ങ് വിശ്വസിച്ചതായിരുന്നു. എന്നിട്ടും ചെന്നിത്തലഗാന്ധി അത് നിഷേധിച്ചുകളഞ്ഞത് ഒട്ടും ശരിയായില്ല. എല്ലാം നശിപ്പിച്ചുവെന്ന മട്ടിലാണിപ്പോൾ ചെന്നിത്തലഗാന്ധി നടക്കുന്നത്. ഹസ്സൻജിയിൽ നിന്ന് ഒരു വെളിപ്പെടുത്തലല്ലേ വന്നുള്ളൂ എന്ന് സമാധാനിക്കുക. ഇനിയെത്ര വരാനിരിക്കുന്നു!
-ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |