പുനരുദ്ധാരണ പാക്കേജിന് ബാങ്കുകളുടെ അംഗീകാരം
മുംബയ്: കടക്കെണിയിൽപ്പെട്ട് പ്രവർത്തനം അവസാനിപ്പിച്ച പ്രമുഖ ഇന്ത്യൻ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് വീണ്ടും പറക്കാനൊരുങ്ങുന്നു. ജെറ്റിനെ പുനരുജ്ജീവിപ്പിക്കാനായി ലണ്ടൻ ആസ്ഥാനമായുള്ള ധനകാര്യ ഉപദേശക സ്ഥാപനമായ കാൽറോക്ക് കാപ്പിറ്റലും ദുബായ് വ്യവസായിയായ മുരാരി ലാൽ ജലാനും ചേർന്ന് സ്ഥാപിച്ച കൺസോർഷ്യം സമർപ്പിച്ച പദ്ധതി ബാങ്കുകളുടെ സമിതി (ക്രെഡിറ്റേഴ്‌സ് കമ്മിറ്റി) അംഗീകരിച്ചു.
കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻ.സി.എൽ.ടി) അനുമതി കൂടി ലഭിച്ചാൽ, ജെറ്റിനെ പുനരുദ്ധരിക്കാനുള്ള നടപടികൾക്ക് കൺസോർഷ്യം തുടക്കമിടും. ശമ്പളക്കുടിശികയും കടവും ഉൾപ്പെടെ ജെറ്റിന് 40,000 കോടി രൂപയോളം ബാദ്ധ്യതയുണ്ടെന്നാണ് ബാങ്കുകളും ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, പുനരുജ്ജീവന പാക്കേജ് പ്രകാരം ജെറ്റിന്റെ ബാദ്ധ്യത 15,525 കോടി രൂപ മാത്രമാണ്.
എസ്.ബി.ഐ., യെസ് ബാങ്ക് എന്നിവ ഉൾപ്പെട്ട ബാങ്കിംഗ് സമിതിക്ക് 11,344 കോടി രൂപ ജെറ്റ് വീട്ടാനുണ്ടെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ബാങ്കുകൾ സൂചിപ്പിക്കുന്ന ബാദ്ധ്യത 7,459.80 കോടി രൂപയാണ്.
സർവീസ് 2021ൽ
കാൽറോക്ക്-ജലാൻ കൺസോർഷ്യത്തിന്റെ പദ്ധതി പ്രകാരം ജെറ്റ് എയർവേസ് അടുത്തവർഷം മദ്ധ്യത്തോടെ വീണ്ടും സർവീസ് ആരംഭിക്കും. ഇതിനായി ആയിരം കോടി രൂപയുടെ ഓഹരി നിക്ഷേപം കൺസോർഷ്യം നടത്തും. പഴയ ആറ് വിമാനങ്ങൾ വിറ്റ് പുതിയത് വാങ്ങും. പ്രമുഖ വിമാനത്താവളങ്ങളിൽ ജെറ്റിനുള്ള സ്ളോട്ടുകൾ മറ്റ് കമ്പനികൾക്ക് നൽകിയിരുന്നു; അത് തിരികെ വാങ്ങും.
തുടക്കവും ഇറക്കവും
1993 മേയ് അഞ്ചിന് മുംബയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ജെറ്റിന്റെ കന്നിപ്പറക്കൽ. കടക്കെണിമൂലം 2019 ഏപ്രിൽ 18ന് ചിറക് മടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |