തിരുവനന്തപുരം: ബാങ്കുകളെ സമ്മർദ്ദത്തിലാക്കി 1.90 ലക്ഷം യു.എസ് ഡോളർ (1.40കോടി രൂപ) മാറിയെടുത്ത് വിദേശത്തേക്ക് കടത്താൻ സ്വപ്നയ്ക്ക് ഒത്താശ ചെയ്തതിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതിയാക്കിയേക്കും. ഡോളർ കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ട് അദ്ദേഹത്തെ ചോദ്യംചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
പരിധിയിൽ കവിഞ്ഞ് ഡോളർ ലഭിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടൽ കാരണമാണ് ഡോളർ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി നിർണായകമാണ്. സ്വപ്നയെയും സരിത്തിനെയും പ്രതിയാക്കി കസ്റ്റംസ് എടുത്ത കേസിൽ ശിവശങ്കറിനെ കൂട്ടുപ്രതിയാക്കാനാണ് കസ്റ്റംസ് നീക്കം. ശിവശങ്കറിനെതിരായ പുതിയ കേസ് ഡോളർ കടത്തിനാണെന്ന് കേരളകൗമുദി ശനിയാഴ്ച റിപ്പോർട്ട്ചെയ്തിരുന്നു.
ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്രകളിലും സ്വപ്ന ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. ശിവശങ്കർ ഒപ്പമുള്ളതിനാൽ ഗ്രീൻചാനൽ ലഭിച്ചു. അതിനാൽ പരിശോധനയുണ്ടായില്ല. ഇരുവരുടെ ഫോണുകൾ പരിശോധിച്ച് ഡിജിറ്റൽ തെളിവുകളും കസ്റ്റംസ് ശേഖരിച്ചു.
ലൈഫ് പദ്ധതിയിലെ കോഴപ്പണമാണ് ഡോളറാക്കി കടത്തിയതെന്ന കസ്റ്റംസ് നിഗമനം സി.ബി.ഐ അന്വേഷിക്കുന്ന ലൈഫ് കോഴക്കേസിലും നിർണായകമാവും. ഫ്ലാറ്ര് നിർമ്മാണത്തിന് റെഡ്ക്രസന്റ് നൽകിയ 3.2കോടിയുടെ ആദ്യഗഡു കരമന ആക്സിസ് ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് ഡോളറാക്കി കോൺസുലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി. 2019 ആഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി.
ദുരൂഹമായ വിദേശയാത്രകൾ
1. കൊച്ചി സ്‌മാർട്ട് സിറ്റിയുടെ അവലോകനത്തിനായി 2017ഏപ്രിലിൽ ശിവശങ്കർ യു.എ.ഇ സന്ദർശിച്ചത് സ്വപ്നയുമൊത്ത്
2. പ്രളയസഹായം തേടി മുഖ്യമന്ത്റി യു.എ.ഇയിലെത്തിയത് 2018 ഒക്ടോബർ17മുതൽ 20വരെ. ഇതിനു മുന്നോടിയായി സ്വപ്നയും ശിവശങ്കറും പോയി
3. സംസ്ഥാനത്തേക്ക് ഐ.ടി നിക്ഷേപം ആകർഷിക്കാൻ 2018 ഏപ്രിലിൽ ശിവശങ്കർ ഒമാനിലെത്തി. സ്വപ്നയും അവിടെയെത്തി. മടക്കയാത്ര ഇരുവരും ഒരുമിച്ച്
4. ഇവയ്ക്ക് പുറമെ നാലുവട്ടം കൂടി ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തി. ശിവശങ്കറിന്റെ പാസ്പോർട്ടുൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്
ഇനി
തിങ്കളാഴ്ചയോടെ ശിവശങ്കറിനെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും
അന്നുതന്നെ അന്വേഷണസംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാണ് സാദ്ധ്യത
കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനിട
മുൻകൂർ ജാമ്യം തേടി ശിവശങ്കർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും
ഡോളർ കേസിലെ പങ്കിന് തെളിവുള്ളതിനാൽ ചോദ്യം ചെയ്യണമെന്ന് കസ്റ്റംസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |