ന്യൂഡൽഹി: ശനിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് വാക്സിൻ രാജ്യമാകമാനമുള്ള ജനങ്ങൾക്കിടയിൽ കൊവിഡ് വാക്സിൻ വിതരണം നടത്താനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. ഇത് രണ്ടാ തവണയാണ് വാക്സിൻ വിതരണം സംബന്ധിച്ചുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും പാഠമുൾക്കൊണ്ട് വേണം കൊവിഡ് വാക്സിൻ വിതരണം നടത്തേണ്ടതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ട്.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ എത്തിക്കേണ്ടതുണ്ടെന്നും അത് ചെയ്യുമ്പോൾ രാജ് ത്തിന്റെ ഭൂവ്യാപ്തിയും വൈവിധ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. പെട്ടെന്നുള്ള ഈ ഒരുക്കങ്ങൾ വാക്സിൻ വിതരണം ചെയ്യാൻ രാജ്യം ഒരുങ്ങിയോ എന്ന സംശയമാണ് ജനിപ്പിക്കുന്നത്. ഇതിനു പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.
ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് വികസിപ്പിച്ചെടുക്കുന്ന ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ 'കോവാക്സിൻ' നിലവിൽ അതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അവസാനത്തിലാണ്. അധികം വൈകാതെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് ഭാരത് ബയോടെക് കടക്കുകയും ചെയ്യും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല എന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
ഈ അനുകൂല സാഹചര്യം കണക്കിലെടുത്താണോ പ്രധാനമന്ത്രി വാക്സിൻ വിതരണത്തിനായി തയ്യാറെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നിലവിൽ മൂന്നു വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലിരിപ്പുണ്ടെന്നും മറ്റ് രാജ്യങ്ങൾക്ക് ഗവേഷണ സഹായങ്ങൾ ഇന്ത്യൻ ശാസ്ത്രജ്ഞർ നൽകുന്നുണ്ടെന്നും ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മാർ, ഖത്തർ എന്നീ രാജ്യങ്ങൾ 'കോവാക്സി'ന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്താനുള്ള അനുമതി ചോദിച്ചിട്ടുണ്ടെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ ഈ സംശയത്തിന് ആക്കം കൂട്ടുന്നതാണ്.
ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന കൊവിഡ് വാക്സിനായ ആസ്ട്രസെനേക്കയുടെ 'ഓക്സ്ഫോർഡ് വാക്സിന്റെ' രണ്ടാംഘട്ട, മൂന്നാഘട്ട പരീക്ഷണങ്ങൾ നിലവിൽ പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണം പൂർത്തിയായാൽ 60 മുതൽ 70 വരെ ദശലക്ഷം കൊവിഡ് വാക്സിനുകൾ ഡിസംബറോടെ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനാകും. സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നിരിക്കിലും മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം, ഉടനേയുള്ള വാക്സിൻ വിതരണത്തിനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നു എന്നത് അങ്ങനെ തള്ളിക്കളയാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |