തിരുവനന്തപുരം: വർഷങ്ങളായി അനധികൃതമായി സർവീസിൽ നിന്ന് വിട്ടു നിൽക്കുന്ന 385 ഡോക്ടർമാർ ഉൾപ്പെടെ 432 ആരോഗ്യപ്രവർത്തകരെ പിരിച്ചുവിട്ട് സർക്കാർ ഉത്തരവായി. ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാരാണ് 47 പേർ.
പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാത്തവരെയാണ് പരിച്ചുവിട്ടത്. അനധികൃതമായി വിട്ടുനിന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തേ പുറത്താക്കിയിരുന്നു.
പിരിച്ചു വിട്ട ഡോക്ടർമാരിൽ പ്രൊബേഷനിലുള്ളവരും ഉൾപ്പെടുന്നു. അനധികൃത അവധിയിലായിരുന്ന 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമസിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്‌നീഷ്യൻമാർ, 2 റേഡിയോഗ്രാഫർമാർ, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്‌രണ്ട്, ഒരു അറ്റൻഡർ ഗ്രേഡ് രണ്ട്, 3 റെക്കോഡ് ലൈബ്രേറിയൻമാർ, ഒരു പി.എച്ച്.എൻ. ട്യൂട്ടർ, 3 ക്ലാർക്കുമാർ എന്നിവരാണ് പിരിച്ചു വിടപ്പെട്ട മറ്റ് ജീവനക്കാർ.
സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടരുമ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. അനധികൃത അവധിയിലുള്ളവർ സർവീസിൽ പ്രവേശിക്കണമെന്ന് നിരവധി തവണ സർക്കുലർ ഇറക്കുകയും മാദ്ധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. വളരെ കുറച്ച് പേരാണ് മറുപടി നൽകിയതും ജോലിയിൽ പ്രവേശിച്ചതും. ആരോഗ്യവകുപ്പിന്റെ പ്രവർത്തനം താറുമാറാക്കുകയും ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ തടസമുണ്ടാക്കുകയും അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ.
''കൊവിഡ് സാഹചര്യത്തിൽ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആവശ്യമുണ്ട്. അതിനാലാണ് കർശനനടപടി. അനധികൃതമായി ഹാജരാകാത്തവരെ കണ്ടെത്തി റിപ്പോർട്ട് നൽകാനും കർശനമായ അച്ചടക്ക നടപടി എടുക്കാനും വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.'
- മന്ത്രി കെ.കെ.ശൈലജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |