കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സിന് നൽകിയ മൊഴി പുറത്തായി. 2016 മുതൽ സംസ്ഥാന സർക്കാരും യു എ ഇ കോൺസുലേറ്റും തമ്മിലുളള പോയിന്റ് ഒഫ് കോൺടാക്ട് താനായിരുന്നു എന്നും അതിന് തന്നെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും മൊഴിയിൽ ശിവശങ്കർ പറയുന്നത്. സ്വപ്നക്കൊപ്പം മൂന്ന് തവണ വിദേശ യാത്ര നടത്തിയിട്ടുണ്ട്. റീബിൽഡ് കേരളയുടെ ചുമതലയും ഉണ്ടായിരുന്നു. റെഡ് ക്രസന്റുമായി ഒരു തവണ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നും മൊഴിയിൽ ശിവശങ്കർ പറയുന്നു.
എന്നാൽ 2017ൽ സ്വപ്നയ്ക്കൊപ്പം മുഖ്യമന്ത്രിയെ ക്ളിഫ് ഹൗസിൽ വച്ച് കണ്ടതായി ഓർക്കുന്നില്ലെന്നും മൊഴിയിൽ പറയുന്നുണ്ട്. നേരത്തേ സ്വപ്ന നൽകിയ മൊഴിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലും അല്ലാതെയും പലതവണ കണ്ടുമുട്ടിയെന്ന് സ്വപ്നയുടെ മൊഴിയോട് പ്രതികരിക്കാൻ ചോദ്യം ചെയ്യലിൽ ശിവശങ്കർ തയ്യാറായില്ല.
കളളക്കടത്ത് സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ സഹായിക്കണമെന്ന ആവശ്യവുമായി സ്വപ്ന പലവട്ടം വന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഒരു സഹായവും നൽകിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. സ്വർണമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് സ്വപ്ന ഒരുഘട്ടത്തിലും പറഞ്ഞിരുന്നില്ലെന്നും ശിവശങ്കർ പറയുന്നുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ അടക്കം നയതന്ത്ര ബാഗേജ് വഴി എത്തിക്കാറുണ്ടെന്നും അവ വിൽപ്പന നടത്താറുണ്ടെന്നുമാണ് സ്വപ്ന മൊഴി നൽകിയത്.
സ്വർണക്കടത്തുകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ശിവശങ്കറിന്റെ മൊഴിയുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |