ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പോയ വനിതാ സ്ഥാനാർത്ഥിക്കെതിരെ മോശം പരാമർശം നടത്തിയ മുൻമുഖ്യമന്ത്രി കമൽനാഥിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. മുൻ എം.എൽ.എ ഇമർതി ദേവിയെയാണ് ഒരു പൊതുപരിപാടിക്കിടെ കമൽനാഥ് 'ഐറ്റം' എന്ന് പറഞ്ഞ് അവഹേളിച്ചത്. അതിനെതിരെ നടപടിയെടുത്തില്ലെങ്കിൽ നിങ്ങൾ അതിനെ അനുകൂലിക്കുന്നതായി കരുതുമെന്നും ചൗഹാൻ എഴുതിയ കത്തിൽ പറയുന്നു.
കമൽനാഥിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചൗഹാൻ, ബി.ജെ.പി എം.പി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ തുടങ്ങിയവർ രണ്ടു മണിക്കൂറോളം മൗന വ്രതം നടത്തി.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ നരോട്ടം മിശ്ര, ബുപേന്ദർ സിംഗ്, വിശ്വാസ് സാരംഗ് തുടങ്ങിയവരും ഇന്നലെ രാവിലെ 10 മുതൽ 12 വരെ ഭോപ്പാലിലെ മിന്റോ ഹാളിൽ നടന്ന മൗന വ്രതത്തിൽ പങ്കെടുത്തു. നവംബർ 3ന് ഉപതിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെ കമൽനാഥിനെ പ്രസ്താവന കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. ഐറ്റം എന്നത് മോശം അർത്ഥത്തിലല്ല പ്രയോഗിച്ചതെന്ന വിശദീകരണം കമൽനാഥും നൽകിയിട്ടുണ്ട്.
വെട്ടിലാക്കിയ കമന്റ്
ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽനാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായ ഇമർതി ദേവിക്കെതിരെ വിവാദ പരാമർശം നടത്തിയത്. 'ഒരു ഐറ്റമായ എതിർസ്ഥാനാർത്ഥിയെ പോലെയല്ല ഞങ്ങളുടെ സ്ഥാനാർത്ഥി അദ്ദേഹം എളിയവനാണ്. ഞാൻ എതിർസ്ഥാനാർത്ഥിയുടെ പേര് പറയേണ്ട കാര്യമില്ലല്ലോ. എന്തൊരിനമാണത്' എന്നായിരുന്നു കമൽനാഥിന്റെ വാക്കുകൾ. ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലർത്തുന്ന ഇമർതി ദേവിയും 21 എം.എൽ.എമാരുംകോൺഗ്രസിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് കമൽനാഥ് സർക്കാർ വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |