
ന്യൂഡൽഹി: ഡൽഹി അതീവ ഗുരുതരമായ വായു മലിനീകരണത്തിലൂടെ കടന്നുപോകുന്നതിനാൽ 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി. ബി.എസ്. ഫോർ മാനദണ്ഡം പാലിക്കാത്ത 15 വർഷം പിന്നിട്ട പെട്രോൾ വാഹനങ്ങൾക്കെതിരെ ഡൽഹി സർക്കാരിന് നടപടിയെടുക്കാം. രാജ്യതലസ്ഥാനത്തെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്. ഇതിനിടെയാണ് ഡൽഹി സർക്കാരിന്റെ അപേക്ഷ അംഗീകരിച്ചത്. നേരത്തെ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് നിരോധനമുണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീംകോടതി കടുത്ത നടപടി വിലക്കിയിരുന്നു. ആ ഉത്തരവാണ് ഇന്നലെ പരിഷ്ക്കരിച്ചത്. അതേസമയം,ഡൽഹി സ്‌കൂളുകളിലെ 5ാം ക്ലാസിന് വരെ അവധി നൽകിയ ഡൽഹി സർക്കാരിന്റെ നടപടിയിൽ കോടതി ഇടപെട്ടില്ല. ഡൽഹി അതിർത്തിക്ക് ചുറ്റുമുള്ള 9 ടോൾ പ്ലാസകൾ കുറച്ചു ദിവസത്തേക്ക് അടച്ചിടുകയോ,മാറ്റുകയോ ചെയ്യണമെന്ന് കോടതി താത്പര്യം പ്രകടിപ്പിച്ചു. ടോൾ പ്ലാസകളിൽ മണിക്കൂറുകളുടെ കുരുക്ക് കാരണം വാഹനങ്ങളിൽ നിന്ന് വലിയതോതിൽ പുക പുറത്തേക്ക് വരുന്നത് മലിനീകരണം വർദ്ധിക്കാൻ കാരണമെന്ന് വിലയിരുത്തിയാണിത്.
50% വർക്ക് ഫ്രം ഹോം
എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളും ഇന്നുമുതൽ 50% വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചു. കെട്ടിടനിർമ്മാണം പൂർണമായി വിലക്കിയ സാഹചര്യത്തിൽ തൊഴിലാളികൾക്ക് 10,000 രൂപ വീതം നൽകും.
വിമാനങ്ങൾ വൈകി
ഡൽഹിയിൽ ഇന്നലെ കനത്ത പുകമഞ്ഞിനെ തുടർന്ന് 10ലധികം വിമാന സർവീസുകൾ റദ്ദാക്കി. നിരവധി വിമാനസർവീസുകൾ വൈകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |