ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ഒറ്റവരി സന്ദേശത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. കൊവിഡ് പ്രതിസന്ധിയുടെ കരിനിഴലിൽ രാജ്യം മാസങ്ങളായി കടന്നുപോകുമ്പോൾ ഏഴു തവണയാണ് ജനത്തിന് ആശ്വാസവും ഊർജ്ജവും പകർന്നുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാൽ അതിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യ തവണ ഒഴിച്ച് മറ്റെല്ലാ പ്രാവശ്യവും ദിവസങ്ങൾക്ക് മുൻപ് മുൻകൂട്ടി അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. എന്നാൽ ഏഴാം തവണ വീണ്ടും അപ്രതീക്ഷിതമായി മണിക്കൂറുകൾക്ക് മുൻപായി മാത്രമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വിവരം അദ്ദേഹത്തിന്റെ ഓഫീസ് പുറത്ത് വിട്ടിരിക്കുന്നത്.
പ്രതീക്ഷ വാക്സിനിൽ
വീണ്ടുമൊരു ലോക്ക്ഡൗൺ മുതൽ അനവധി പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തും എന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും, വാക്സിൻ സംബന്ധമായ പ്രഖ്യാപനമാവും പ്രധാനമന്ത്രിയിൽ നിന്നും ഇന്ന് ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് രാജ്യം. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ കൊവിഡ് വാക്സിൻ രാജ്യമാകമാനമുള്ള ജനങ്ങൾക്കിടയിൽ വിതരണം നടത്താനുള്ള നിർദേശങ്ങളെ കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് വാക്സിൻ വിതരണം സംബന്ധിച്ചുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തത്. പെട്ടെന്നുള്ള ഈ ഒരുക്കങ്ങൾ വാക്സിൻ വിതരണം ചെയ്യാൻ രാജ്യം ഒരുങ്ങിയോ എന്ന സംശയം ജനിപ്പിച്ചിരുന്നു.
ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് വികസിപ്പിച്ചെടുക്കുന്ന ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനായ 'കോവാക്സിൻ' നിലവിൽ അതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അവസാനത്തിലാണ്. അധികം വൈകാതെ മൂന്നാം ഘട്ട പരീക്ഷണത്തലേക്ക് ഭാരത് ബയോടെക് കടക്കുകയും ചെയ്യും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല എന്നതും പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്.
ഈ അനുകൂല സാഹചര്യം കണക്കിലെടുത്താണോ പ്രധാനമന്ത്രി വാക്സിൻ വിതരണത്തിനായി തയ്യാറെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. നിലവിൽ മൂന്നു വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലിരിപ്പുണ്ടെന്നും മറ്റ് രാജ്യങ്ങൾക്ക് ഗവേഷണ സഹായങ്ങൾ ഇന്ത്യൻ ശാസ്ത്രജ്ഞർ നൽകുന്നുണ്ടെന്നും ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മാർ, ഖത്തർ എന്നീ രാജ്യങ്ങൾ 'കോവാക്സി'ന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്താനുള്ള അനുമതി ചോദിച്ചിട്ടുണ്ടെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ ഈ സംശയത്തിന് ആക്കം കൂട്ടുന്നതാണ്.
ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന കൊവിഡ് വാക്സിനായ ആസ്ട്രസെനേക്കയുടെ 'ഓക്സ്‌ഫോർഡ് വാക്സിന്റെ' രണ്ടാംഘട്ട, മൂന്നാഘട്ട പരീക്ഷണങ്ങൾ നിലവിൽ പൂനയിലെ സെറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷണം പൂർത്തിയായാൽ 60 മുതൽ 70 വരെ ദശലക്ഷം കൊവിഡ് വാക്സിനുകൾ ഡിസംബറോടെ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനാകും. സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നിരിക്കിലും മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം, ഉടനേയുള്ള വാക്സിൻ വിതരണത്തിനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പുകളെ സൂചിപ്പിക്കുന്നു എന്നത് അങ്ങനെ തള്ളിക്കളയാനാകില്ല.
കോവിഡ് വാക്സിൻ വിതരണത്തിനായി ഡിജിറ്റൽ ആരോഗ്യ ഐഡി ഉപയോഗിക്കുമെന്ന സൂചനയും കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുക്കവേ പ്രധാനമന്ത്രി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |