കൊല്ലം : ഒരു ചെറിയ ചുറ്റിക, ഒരു സ്‌ക്രൂഡ്രൈവർ ഇത്രയുമുണ്ടെങ്കിൽ ഏത് പൂട്ടും ആൽബിൻ രാജിന് മുന്നിൽ തുറക്കും. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ടി.ബി ജംഗ്ഷനിലെ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതിയാണ് തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്ക് കര വീട്ടിൽ ആൽബിൻരാജ് (ഷൈജു 39). ആൽബിൻ രാജിനെ കണ്ടാൽ ഒറ്റനോട്ടത്തിൽ മോഷ്ടാവാണെന്ന് ആരും പറയില്ല. നിവർന്ന് നിൽക്കാൻ ആരോഗ്യമില്ലെന്ന് കാഴ്ചയിൽ തോന്നും. എന്നാൽ കൂട്ടാളികളാരുമില്ലെങ്കിലും എത്രവലിയ മോഷണവും നടത്താമെന്ന ചങ്കുറപ്പാണ് ഈ കള്ളന്റെ പ്ലസ്. നാടുചുറ്റാൻ ഒരുവാഹനം കൂടിയായാൽ നേരം പുലരും മുമ്പ് എത്ര വലിയ വീടായാലും സ്ഥാപനമായാലും കൊള്ളയടിച്ചിരിക്കും.
പൊലീസ് നമിക്കുന്ന മോഷണതന്ത്രം
തിരുവനന്തപുരം പെരുങ്കടവിള ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സഹകരണ ബാങ്കിലെ കവർച്ചാശ്രമത്തിൽ നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായ ആൽബിന്റെ മോഷണ തന്ത്രത്തിന് മുന്നിൽ പൊലീസും നമിച്ചതാണ്. എന്നാൽ, ഈ പഴുതൊക്കെ അടച്ചായിരുന്നു കരുവാറ്റയിലെ കവർച്ച. വർഷങ്ങൾക്ക് മുമ്പ് വിളപ്പിൽശാലയിലെ ഒരു വീട്ടിൽ മോഷണത്തിനിടെ പിടിക്കപ്പെട്ട ആൽബിൻ രാജിനെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് പൊതിരെ തല്ലിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് കോയമ്പത്തൂർ സ്വദേശിനിയെ വിവാഹം കഴിച്ച് അവിടേക്ക് ചേക്കേറിയത്.
മോഷണം ഒരു വീക്ക്നസ് ആയതിനാൽ കോയമ്പത്തൂരിൽ നിന്ന് വിലയ്ക്ക് വാങ്ങിയ ജീപ്പിൽ കറങ്ങി ഭൂതപ്പാണ്ടി, ആരുവായ്‌മൊഴി, വളളിയൂർ, തോവാള, നേശമണി നഗർ, തക്കല, കുലശേഖരം എന്നിവിടങ്ങളിൽ മോഷണം നടത്തി. ഈ കേസുകളിലെല്ലാം പിടിക്കപ്പെട്ട് തമിഴ്നാട്ടിൽ ജയിലിൽ ആയതോടെ തമിഴ്നാട് പൊലീസിന്റെയും നോട്ടപ്പുള്ളിയായി ആൽബിൻ. മോഷണ മുതലുകൾ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ഭൂതപാണ്ടിയിൽ പാട്ടത്തിനെടുത്ത എസ്റ്റേറ്റിൽ കുടുംബവുമൊത്ത് പച്ചക്കറി കൃഷി നടത്തിയ ആൽബിൻ കർഷകനായി നാട്ടിൽ അറിയപ്പെട്ടതോടെ നാട്ടുകാർ ഒരുവിധത്തിലും സംശയിക്കാത്ത വിധമാക്കി ഓപ്പറേഷൻ. വല്ലപ്പോഴും കേരളത്തിലെ കുടുംബവീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഇയാൾ നാട്ടുകാരോട് താൻ തമിഴ്നാട്ടിൽ കട നടത്തുകയാണെന്നാണ് പറഞ്ഞിരുന്നത്.
ഇല്ലാത്ത ബിസിനസുകളില്ല, മോഷ്ടിച്ച തുണികൾ വിൽക്കാൻ ഭാര്യയ്ക്ക് തുണിക്കടയും
കോയമ്പത്തൂരിൽ ഭാര്യയുടെ പേരിൽ പുതുതായി തുണിക്കട ആരംഭിച്ച് മോഷ്ടിച്ച തുണികൾ വിൽപ്പന നടത്തിയ സംഭവവുമുണ്ട്.ഉദിയൻ കുളങ്ങരയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് മോഷ്ടിച്ച തുണിത്തരങ്ങൾ ഇത്തരത്തിലാണ് വിറ്റത്. ജൂനിയർ ആട് ആന്റണിയെന്ന് അറിയപ്പെട്ടിരുന്ന ആൽബിന് തമിഴ്നാട്ടിൽ ഇല്ലാത്ത ബിസിനസുകളില്ല. തമിഴ്നാട്ടിൽ ഏക്കർ കണക്കിന് ഭൂമി, ടെക്െ്രസ്രെൽ ഷോപ്പ് എന്നിവയുടെ മുതലാളിയാണ് ആൽബിൻ. എല്ലാം കേരളത്തിൽ നിന്ന് മോഷ്ടിച്ച പണത്തിൽ നിന്നുണ്ടാക്കിയതാണെന്ന് മാത്രം.
വാസം വി.ഐ.പി ബ്‌ളോക്കിൽ
കോയമ്പത്തൂർ കോവൈപ്പുത്തൂർ രംഗസ്വാമി നഗറിൽ മന്ത്രിമാർ ഉൾപ്പെടെ വി.ഐ.പികൾ താമസിക്കുന്ന റസിഡന്റ് ഏരിയയിൽ പ്രതിമാസം 20,000 രൂപ വാടകയുള്ള ഇരുനില വീട്ടിലായിരുന്നു ആൽബിന്റെ താമസം. സ്വിമ്മിംഗ് പൂളൊഴികെ എല്ലാവിധ സംവിധാനങ്ങളുമുള്ള വീട്ടിലെ മിക്ക മുറികളും എ.സിയാണ്. നിരീക്ഷണത്തിന് സി.സി ടി.വി കാമറ വേറെ. മൂന്ന് നിരകളായി തിരിച്ച് തൊട്ടുരുമ്മും വിധം പണിത് ഉയർത്തിയിരിക്കുന്ന ബഹുനില കെട്ടിടങ്ങളുള്ള സ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടാൻ പൊലീസ് നന്നെ വിയർത്തു. ആൽബിൻ വീട്ടിലുണ്ടെന്ന വിവരം സ്ഥിരീകരിച്ച പൊലീസ് പല സംഘങ്ങളായി കോവൈപ്പുത്തൂർ രംഗസ്വാമി നഗറിൽ പലസ്ഥലങ്ങളിലായി കാത്തു നിന്നു. വീട്ടിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ ആൽബിനെ പൊക്കാനായിരുന്നു രണ്ട് വാഹനങ്ങളുമായി കാത്ത് നിന്ന പൊലീസിന്റെ പദ്ധതി.
രാവിലെ പതിനൊന്ന് മണിമുതൽ വൈകുന്നേരം നാലുമണിവരെ കാത്തിട്ടും ആൽബിൻ പുറത്തിറങ്ങിയില്ല. ഈ സമയം സംശയകരമായി കാണപ്പെട്ട വാഹനങ്ങളെയും ആളുകളെയും സമീപവാസി കാമറയിൽ പകർത്തി തമിഴ്നാട് പൊലീസ് ബീറ്റ് ഓഫീസർക്ക് അയച്ചു. ഞൊടിയിടയിൽ തമിഴ്നാട് പൊലീസെത്തി. കള്ളൻമാരോ കുഴപ്പക്കാരോ ആണെന്ന് സംശയിച്ചെത്തിയ പൊലീസുകാരെ കേരള പൊലീസ് സേനാംഗങ്ങളാണെന്ന് ഐ.ഡി കാർഡ് സഹിതം കാണിച്ച് ബോദ്ധ്യപ്പെടുത്തിയാണ് മടക്കി അയച്ചത്. ആൽബിനെ മണിക്കൂറുകൾ കാത്ത് നിന്ന് മുഷിഞ്ഞ പൊലീസ് രണ്ടും കൽപിച്ച് ആൽബിന്റെ കോട്ടയിലേക്ക് കടക്കാൻ തീരുമാനിച്ചു.
വീട് വളഞ്ഞ പൊലീസ് സംഘം തുടർച്ചയായി കോളിംഗ് ബെൽ അടിച്ചുകൊണ്ടിരിക്കുമ്പോൾ കാമറയിലൂടെ പുറത്ത് പൊലീസാണെന്ന് മനസിലാക്കിയ ആൽബിൻ രക്ഷപ്പെടാനുള്ള പഴുതുകൾ തേടി. രണ്ടാം നിലയുടെ വാതിൽ ഭാര്യയെകൊണ്ട് തുറപ്പിച്ച് പൊലീസിന്റെ ശ്രദ്ധ അവിടേക്ക് മാറ്റി രക്ഷപ്പെടാൻ ആൽബിൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീടിന്റെ നാല് വശവും പൊലീസുണ്ടെന്ന് തിരിച്ചറിഞ്ഞ ആൽബിൻ ഗത്യന്തരമില്ലാതെ മട്ടുപ്പാവിലെ വാതിലിലൂടെ പുറത്തേക്ക് ചാടിയശേഷം ഈ വാതിൽ പുറത്ത് നിന്ന് പൂട്ടി. സമീപത്തെ രണ്ട് നില വീടുകൾക്ക് മീതെകൂടി ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസും പിന്തുടർന്നു.പൊലീസ് വാട്ടർ പൈപ്പുകൾ വഴി ഇരുനില കെട്ടിടത്തിന് മുകളിൽ കയറി. എട്ടുവീടുകളാണ് പൊലീസും ആൽബിനും ചാടിക്കടന്നത്. പിടിക്കപ്പെടാതിരിക്കാൻ വീടുകൾക്ക് മുകളിൽ നിന്ന് സിനിമാ സ്‌റ്റൈലിൽ താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മീതെ ചാടിയും കത്തിയെറിഞ്ഞും രക്ഷപ്പെടാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും പൊലീസും വിട്ടുകൊടുത്തില്ല. മൂന്ന് കിലോ മീറ്റർ ദൂരം പിന്തുടർന്നാണ് ആൽബിൻ രാജിനെ പൊലീസ് കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |