കൊൽക്കത്ത : കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഗൂർഖ ജൻമുക്തി മോർച്ച തലവൻ ബിമൽ ഗുരുംഗ് കൊൽക്കത്തയിലെത്തി. എൻ.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായും 2021ൽ നടക്കാൻ പോകുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം ചേരുമെന്നും ബിമൽ അറിയിച്ചു. സാൾട്ട് ലേക്കിലെ ഗൂർഖാ ഭവന് പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ബിമൽ ഇക്കാര്യം അറിയിച്ചത്.
ഗൂർഖകളോടും ഗോത്രവർഗ വിഭാഗങ്ങളോടും ബി.ജെ.പി പ്രതിബദ്ധത പാലിച്ചില്ലെന്നും എന്നാൽ മമതാ ബാനർജി അവർ പറഞ്ഞ എല്ലാ വാക്കുകളും പാലിച്ചിട്ടുണ്ടെന്നും അതുകൊണ്ട് എൻ.ഡി.എ വിടാനും ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചതായി ബിമൽ പറഞ്ഞു.
പ്രത്യേക ഗൂർഖാ സംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുമെന്നും 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കാര്യം ഉയർത്തിക്കാട്ടുന്ന പാർട്ടിയ്ക്കൊപ്പം നിലകൊള്ളുമെന്നും ബിമൽ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി താൻ ജാർഖണ്ഡിലും അതിന് മുമ്പ് ഡൽഹിയിലുമായിരുന്നുവെന്ന് ബിമൽ വെളിപ്പെടുത്തി.
2017ൽ ഡാർജിലിംഗിൽ നടന്ന ആക്രമണ സംഭവങ്ങൾക്ക് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനാണ് ബിമൽ ഒളിവിൽ പോയത്. ഇന്ന് കൊൽക്കത്തയിൽ പ്രത്യക്ഷപ്പെട്ട ബിമലിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയിരുന്നില്ല. യു.എ.പി.എ അടക്കം ചുമത്തിയുള്ള 150 ലേറെ കേസുകളിൽ പ്രതിയാണിയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |