പത്തനാപുരം: ആരോഗ്യ വകുപ്പ് സംസ്‌കരിച്ചെന്ന ധാരണയിൽ ബന്ധുക്കൾ മരണാനന്തര കർമ്മം നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചള്ളൂർ സ്വദേശി ദേവരാജന്റെ മൃതദേഹമാണ് മെഡിക്കൽ കൊളേജിലുള്ളത്. മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം ഇന്നലെയാണ് ബന്ധുക്കളറിഞ്ഞത്.
മൃതദേഹം ഏറ്റുവാങ്ങണമെന്നാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് ദേവരാജന്റെ ബന്ധുക്കളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ ഇടമില്ലാത്തതിനാൽ കൊല്ലത്തെ പൊതുസ്മശാനത്തിൽ സംസ്‌കരിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് നൽകിയതായി ബന്ധുക്കൾ പറയുന്നു. ഇത് വിശ്വസിച്ചാണ് മരണാനന്തരകർമ്മം നടത്തിയത്. ഇന്നലെ മറ്റൊരു ആവശ്യത്തിന് പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ അറിയുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്തംബർ പതിനെട്ടിനാണ് ദേവരാജനെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായതിനാൽ അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. ഇതിനിടയിൽ ഇയാൾ കൊവിഡ് ബാധിതനായയോടെ ഭാര്യയെ വീട്ടിലേക്ക് മടക്കിഅയച്ചു. ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ രണ്ടിനാണ് ദേവരാജൻ മരിച്ചെന്ന വിവരം ഭാര്യ പുഷ്പ അറിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്.
സംസ്കരിച്ചിട്ടില്ലെന്ന വിവരം ലഭിച്ചതോടെ വീട്ടിൽ സൗകര്യമില്ലെന്ന് ബന്ധുക്കൾ പത്തനാപുരം പൊലീസിനെ അറിയിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി.
ആരോഗ്യ വകുപ്പിന്റെ വിശദീകരണം
ദേവരാജനെ പത്തനാപുരത്ത് നിന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം എസ്.എൻ കോളേജിലെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില വഷളായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പിന്നീട് ദേവരാജനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിന്റെ വിശദീകരണം.
'ദേവരാജനെ ജില്ലാ ആശുപത്രിയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. പിന്നെങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയെന്ന് അറിയില്ല. പാരിപ്പള്ളിയിൽ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കൊല്ലം സ്വദേശികളായ കൊവിഡ് ബാധിതർ മരിച്ചാൽ കൊല്ലം മെഡിക്കൽ ഓഫീസിനെ അറിയിക്കും. ദേവരാജന്റെ കാര്യത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്".
- ആർ. ശ്രീലത, ഡി.എം.ഒ കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |