മുംബയ്: കഴിഞ്ഞ ഡിസംബറിൽ അഞ്ച് സുഹൃത്തുക്കൾക്കൊപ്പം ഇന്ത്യ കാണാനെത്തിയതാണ് റഷ്യക്കാരനായ അലക്‌സാണ്ടർ (29). ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങി. ഭക്ഷണത്തിനും താമസത്തിനുമായി ചിലവിട്ട് കൈയിലെ പണമെല്ലാം തീർന്നു. ഇതിനിടയിൽ വീടുകളിൽ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കൾ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബയിലെ റോഡരികിൽ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാൻ ഭിക്ഷയാചിക്കുകയാണ്.
'ദയവായി സഹായിക്കണം. ഞാൻ ഒരു റഷ്യൻ വിനോദസഞ്ചാരിയാണ്. വീട്ടിലേക്ക് മടങ്ങാൻ പണമില്ല'-ഇങ്ങനെ എഴുതിയ ബോർഡ് അടുത്തുവച്ചാണ് അലക്‌സാണ്ടർ ഭിക്ഷ യാചിക്കുന്നത്.
'സുഹൃത്തുക്കൾക്ക് ബന്ധുക്കൾ പണം അയച്ചു നൽകി, എന്റെ അമ്മയ്ക്ക് പണമില്ലാത്തതിനാൽ വിമാനടിക്കറ്റിനുള്ള പൈസ കണ്ടെത്താൻ കഴിഞ്ഞില്ല." അലക്‌സാണ്ടർ പറയുന്നു.
ഡിസംബറിൽ ഇന്ത്യയിലെത്തിയ യുവാവ് ട്രെയിൻ മാർഗം ആദ്യം ഗോവയിലേക്കാണ് പോയത്. ഇവിടെ താമസിക്കുന്നതിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ജൂൺ വരെ ഗോവയിൽ താമസിക്കേണ്ടിവന്നു. ജൂലായിൽ കൈയിലെ പണമെല്ലാം തീർന്നു. ഭക്ഷണത്തിനായി തെരുവുകളിൽ യാചിച്ചു. ആഗസ്റ്റിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചപ്പോൾ ഗോവ വിട്ടു. ലോറിയിൽ കയറി ഋഷികേശിലെത്തി. അവിടെ രണ്ട് മാസം താമസിച്ചു. ഗ്വാളിയാറിലേക്ക് പോകാൻ കുറച്ച് ആളുകൾ പണം തന്നെന്ന് യുവാവ് പറയുന്നു. 'ഒക്ടോബർ ആദ്യ ആഴ്ചകളിൽ ഞാൻ അവിടെയായിരുന്നു. നാട്ടുകാർ ഭക്ഷണം തന്നു, അവരുടെ വീടുകൾക്ക് മുന്നിൽ ഉറങ്ങാൻ അനുവദിച്ചു. ട്രക്കിൽ കയറിയാണ് ഇപ്പോൾ നവി മുംബയിൽ എത്തിയത്."- അലക്‌സാണ്ടർ പറഞ്ഞു.
പൊലീസ് ഇൻസ്‌പെക്ടർ രവീന്ദ്ര ദൗന്ത്കർ യുവാവിന്റെ സഹായത്തിനെത്തി. ഇപ്പോൾ ഇയാൾക്ക് വേണ്ട താമസവും ഭക്ഷണവും പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിരിക്കയാണ്. റഷ്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും യുവാവിന്റെ മടക്കയാത്രയ്ക്ക് വേണ്ട നടപടികൾക്ക് ശ്രമിക്കുകയാണെന്നും ദൗന്ത്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |