പ്രമോദ് മിത്തൽ, ബ്രിട്ടണിലെ സമ്പന്നരിൽ 19ാം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലിന്റെ സഹോദരൻ. 250 കോടി പൗണ്ട് ആണ് ഇദ്ദേഹത്തിന്റെ കടബാധ്യത. ബ്രിട്ടണിലെ ഏറ്റവും പാപ്പരായ വ്യക്തി. ! 2013ൽ മകൾ സൃഷ്ടിയുടെ വിവാഹത്തിന് 500 ലക്ഷം പൗണ്ട് ചെലവഴിച്ച പ്രമോദ് മിത്തലിനെ കഴിഞ്ഞ വർഷം ലണ്ടനിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു.
അന്ന് 130 ദശലക്ഷം പൗണ്ടായിരുന്നു പ്രമോദിന്റെ കടം. എന്നാൽ ഇന്ന് അത് 250 കോടി പൗണ്ട് ആയി മാറിയിരിക്കുകയാണ്. ഇതിൽ 1.1 ദശലക്ഷം പൗണ്ടിന് ഭാര്യ സംഗീതയോടാണ് കടപ്പെട്ടിരിക്കുന്നത്. 30കാരനായ മകൻ ദിവ്‌യേഷിൽ നിന്ന് 2.4 ദശലക്ഷം പൗണ്ടിനും ഭാര്യാ സഹോദരൻ അമിത് ലോഹിയോട് 1.1 ദശലക്ഷം പൗണ്ടിനും കടപ്പെട്ടിരിക്കുകയാണ് 64 കാരനായ പ്രമോദ്. 170 ദശലക്ഷം പൗണ്ട് 94 കാരനായ തന്റെ പിതാവിൽ നിന്നുമാണ് പ്രമോദ് കടംവാങ്ങിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ബോസ്‌നിയയിൽ വച്ച് കോക്കിംഗ് പ്ലാൻറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ പ്രമോദ് അറസ്‌റ്റിലായിരുന്നു. അന്ന് 10 ദശലക്ഷം കെട്ടിവച്ച് ജാമ്യത്തിലിറങ്ങി. സാമ്പത്തിക ക്രമേക്കേടുകളെ തുടർന്ന് കഴിഞ്ഞ വർഷം സി.ബി.ഐയും പ്രമോദ് മിത്തലിനെതിരെ കേസെടുത്തിരുന്നുവെങ്കിലും ജ്യേഷ്ഠൻ ലക്ഷ്മി മിത്തലിന്റെ സഹായത്താൽ രക്ഷപ്പെട്ടിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ 2,210 കോടി രൂപയാണ് പ്രമോദ് മിത്തൽ കുടിശ്ശിക വരുത്തിയത്. ഈ തുക ലക്ഷ്മി മിത്തൽ നൽകി.
തനിക്ക് വ്യക്തിപരമായ വരുമാനമില്ലെന്ന് കഴിഞ്ഞ വർഷം പ്രമോദ് മിത്തൽ ലണ്ടൻ കോടതിയിൽ പറഞ്ഞിരുന്നു. കുടുംബാംഗങ്ങൾക്ക് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അവരുടെ വരുമാനത്തെ കുറിച്ച് തനിക്ക് വളരെ കുറച്ച് വിവരങ്ങൾ മാത്രമേയുള്ളൂവെന്നും മിത്തൽ പറഞ്ഞിരുന്നു. തന്റെ പ്രതിമാസ ചെലവുകൾ ഏകദേശം 2,000 മിതൽ 3,000 പൗണ്ട് വരെയാണെന്നും ഇത് തന്റെ കുടുംബവും ഭാര്യയുമാണ് വഹിക്കുന്നതെന്നും മിത്തൽ പറയുന്നു. നിയമപരമായ നടപടികൾക്കുള്ള ചെലവ് വരെ മറ്റുള്ളവരാണ് വഹിക്കുന്നത്.
അടുത്തിടെ സമാന സംഭവവികാസങ്ങൾ തന്നെയാണ് മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയുടെ കാര്യത്തിലും കേട്ടത്. ലക്ഷ്മി മിത്തലിന്റെയും പ്രമോദ് മിത്തലിന്റെയും ബിസിനസ് ജീവിതം ഏകദേശം മുകേഷ് - അനിൽ അംബാനി സഹോദരൻമാർക്ക് സമാനമാണ്. 1994ലാണ് ലക്ഷ്മി മിത്തലും പ്രമോദ് മിത്തലും രണ്ട്‌വഴിക്ക് പിരിഞ്ഞത്. ലക്ഷ്മി മിത്തൽ ഇതിനുശേഷം ആർസെലർ മിത്തൽ സ്ഥാപിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമാതാവാണ് ഈ കമ്പനി. പ്രമോദ് മിത്തലിന്റെ കമ്പനിയായ ഗ്ലോബൽ സ്റ്റീൽ ഹോൾഡിംഗ്സ് ലിമിറ്റഡാകട്ടെ പാപ്പരുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |