തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കാൻ ഇന്ന് ചേര്‍ന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. എൽ.ഡി.എഫിലെ പതിനൊന്നാം ഘടകക്ഷിയായാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനം.
കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് കേരള കോൺഗ്രസ് (എം) മുന്നണിയുടെ ഭാഗമാകുന്നതോടുകൂടി സംഭവിക്കുന്നതെന്നും ഇത് യു.ഡി.എഫിനെ ശിഥിലമാക്കുമെന്നും എൽ.ഡി.എഫ് കൺവീനർ അഭിപ്രായപ്പെട്ടു.
ഒരു ഉപാധികളുമില്ലാതെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ജോസ് വിഭാഗത്തിന്റെ എൽ.ഡി.എഫ് മുന്നണി പ്രവേശം. വരാന്‍പോകുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് പോകുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മുന്നണിയില്‍ തീരുമാനമായി. അദ്ദേഹം പറഞ്ഞു.
മറ്റ് പാര്‍ട്ടികളെ എല്‍ ഡി എഫ് അംഗമാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ അംഗത്വത്തിന് അത്തരത്തിലുള്ള യാതൊരുവിധ താമസവുമുണ്ടായില്ലെന്നും അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി. എൽ.ഡി.എഫ് യോഗ തീരുമാനം ജോസ് കെ. മാണി സ്വാഗതം ചെയ്തിട്ടുണ്ട്.
കെ.എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരം എന്നാണ് അദ്ദേഹം തീരുമാനത്തോട് പ്രതികരിച്ചത്. അതേസമയം വിഷയത്തിൽ എൻ.സി.പി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സീറ്റുകളുടെ കാര്യത്തിൽ മുൻ ധാരണയുണ്ടോ എന്നാണ് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരൻ മാസ്റ്റർ ചോദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |