കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഈ മാസം ഇരുപത്തെട്ടിന് മുൻകൂർ ജാമ്യാപേക്ഷകളിൽ അന്തിമവിധി വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുദ്രവച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചാലേ വിധിപറയാനാവൂ എന്നാണ് കോടതി പറഞ്ഞത്. സ്വപ്നയും ശിവശങ്കറും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങളും ഇ ഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ സമർപ്പിച്ചിട്ടുളള മുൻകൂർ ജാമ്യാപേക്ഷകളിലാണ് 28ന് അന്തിമവിധിവരുന്നത്. നേരത്തേ ഇരു കേസുകളിലും ഹൈക്കോടതി ഇന്നുവരെ ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
മുൻകൂർ ജാമ്യഹർജി പരിഗണിക്കവെ കടുത്ത വാദപ്രതിവാദങ്ങളാണ് കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ഉന്നത സ്വാധീനമുളളതിനാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും അതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കേസിൽ പ്രതിചേർത്തിട്ടില്ലെന്നതിനാൽ അറസ്റ്റിനെ ഭയക്കേണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക ഉണ്ടെന്ന് ശിവശങ്കർ കോടതിയിൽ പറഞ്ഞു. കുടുംബം, ജോലി എല്ലാം നശിച്ചു. സമൂഹത്തിൽ ആകെ ഒറ്റപ്പട്ടു. ഹോട്ടലിൽ റൂംപോലും കിട്ടാത്ത സ്ഥിതിയായി എന്നും ശിവശങ്കർ പറഞ്ഞു. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തുടർച്ചയായ ചോദ്യംചെയ്യലുകളും യാത്രയും ആരോഗ്യത്തെ ബാധിച്ചുവെന്നും അന്വേഷണ സംഘം തരുന്ന നോട്ടീസിൽ കേസ് നമ്പർപോലും ഇല്ലെന്നും അദ്ദേഹം കോടതിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസം എൻ ഐ എ രജിസ്റ്റർചെയ്ത കേസിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ശിവശങ്കറിനെ ഇപ്പോൾ പ്രതിചേർക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീർപ്പാക്കിയത്.
സ്വർണക്കടത്തുകേസിലെ മുഖ്യ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദ് ഒമാനിലേക്ക് 1.90ലക്ഷം ഡോളർ ( 1.40 കോടി രൂപ ) കടത്തിയത് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെയുള്ള കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലായത്.
രോഗം നാടകമാണെന്നും ചോദ്യം ചെയ്യലിൽ നിന്നുൾപ്പെടെ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വിശദമായ വാദത്തിന് ഇന്നത്തേക്ക് സിംഗിൾബെഞ്ച് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |