സയൻസ് ടീച്ചറായിരുന്ന എന്റെ അമ്മയ്ക്ക് ഞാനും സയൻസ് ഐച്ഛിക വിഷയമെടുത്ത് ഡിഗ്രിക്ക് പിന്തുടരാനായിരുന്നു ആഗ്രഹം; കൂടാതെ ഏറ്റവും കൂടുതൽ ജോലിക്ക് സാദ്ധ്യതയുള്ള ഒരു സബ്ജക്ടാണ് സയൻസ്. അപ്പോൾ സ്വാഭാവികമായും സയൻസ് തന്നെ എടുക്കണം എന്ന ആവശ്യവുമായി അമ്മ പിന്നാലെ കൂടി. ഏയ് എനിക്ക് മലയാളം പഠിക്കാനായിരുന്നു മോഹം. ഒരുപക്ഷേ ചെറുകഥകളും കുഞ്ഞുകവിതകളും എഴുതിതുടങ്ങിയ എനിക്ക് ഉപരിപഠനത്തിന് മലയാളം ആയിരിക്കും കൂടുതൽ കൂട്ടാവുക എന്നൊരു തോന്നൽ! അതുകൊണ്ട് അമ്മയോട് സൗഹാർദ്ദത്തോടെ പറഞ്ഞു.
''വേണ്ട അമ്മേ... എന്നെ നിർബന്ധിക്കരുതേ... എനിക്ക് മലയാളം എടുക്കാനാണ് കൂടുതൽ ആഗ്രഹം.""
' മലയാളം ഇൗ കേരളത്തിന്റെ ഇട്ടാവട്ടത്തിൽ കിടന്നുകറങ്ങാനേ നിന്നെ ഉപകരിക്കൂ. സയൻസിൽ പ്രാവീണ്യം നേടിയാൽ അതിന്റെ മേഖലകൾ നിനക്ക് ഉൗഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്!"
അമ്മയുടെ ഉപദേശം ഞാൻ വീണ്ടും സ്നേഹപൂർവം ഒഴിവാക്കി.
അങ്ങനെ ഡിഗ്രിക്ക് മലയാളമെടുത്ത് പഠനം തുടങ്ങി. മലയാളം വാക്കുകൾക്കും വരികൾക്കമുള്ള വ്യാപ്തി ഞാൻ തിരിച്ചറിയുന്നു... മലയാളം സാഹിത്യം ഞാൻ എന്തെന്നറിയുന്നു.. കെ.പി. അപ്പൻസാറിന്റെ ലേഖനങ്ങൾക്കും നിരൂപണങ്ങൾക്കുമുള്ള അർത്ഥവ്യാപ്തി എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിയുന്നു! അങ്ങനെ വർഷങ്ങൾ കടന്നു, ഞാൻ ഡിഗ്രി അവസാനവർഷമെത്തി. അന്ന് കോളേജിൽ കവിതാമത്സരം നടക്കുന്നു. മത്സരങ്ങളിൽ എനിക്കും പ്രവേശനം ഉണ്ടായിരുന്നു.
പ്രൊഫസർ ബോർഡിൽ കവിതയുടെ പേര് എഴുതി ഇട്ടു-' ജീവിതം"
എന്നിട്ടദ്ദേഹം പറഞ്ഞു 'ഒരുമണിക്കൂർ സമയം കൊണ്ട് കുറഞ്ഞത് പതിനാല് വരി കവിതയെങ്കിലും എഴുതിയിരിക്കണം."
അരമണിക്കൂർ ആലോചനയിൽ മുഴുകി ഞാനിരുന്നു. പിന്നെ ഉള്ള അരമണിക്കൂറിനുള്ളിൽ ഞാൻ പതിനാല് വരി കവിത എഴുതിതീർത്തു!
'കേകാ" വൃത്തത്തിൽ എഴുതിയ എന്റെ കവിതയ്ക്കായിരുന്നു ഒന്നാംസ്ഥാനം!
അത് കോളേജ് മാഗസിന്റെ ആദ്യപേജിൽ തന്നെ അച്ചടിച്ച് കൂടി കണ്ടപ്പോൾ അതിലേറെ സന്തോഷം തോന്നി.
ഒാഫീസ് കഴിഞ്ഞു; വീട്ടിലെത്തി ഒരു കപ്പ് കോഫിയുമായി ഉമ്മറത്തിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ഞാൻ ഗേറ്റുതുറന്നു ഒാടിച്ചെന്ന് കൈയിലിരിക്കുന്ന കോളേജ് മാഗസീൻ തുറന്ന് എന്റെ കവിത കാണിച്ചു-
''നോക്കൂ അച്ഛാ""
''ഒാ വെരിഗുഡ്, മോൾക്കാണോ കവിതാമത്സരത്തിൽ ഫസ്റ്റ് പ്രൈസ്?""
''അതെ അച്ഛാ"
കോഫി കുടിക്കുന്നതിനോടൊപ്പം അച്ഛൻ എന്റെ കവിതയും വായിക്കുന്നുണ്ടായിരുന്നു.
''നന്നായിരിക്കുന്നു മോളെ... പ്രത്യേകിച്ച് ആദ്യത്തെ നാലുവരി മനോഹരമായിരിക്കുന്നു!"
അത് കേട്ട ഉടനെ ഞാൻ വീണ്ടും അച്ചടിച്ചുവന്ന എന്റെ കവിതയുടെ ആദ്യത്തെ നാലുവരി ഒന്നുകൂടി വായിച്ചു-
'ദാരിദ്ര്യം നൃത്തം വയ്ക്കും ചാളയിൽ പിറന്നവർ
അരിവാളുമായെത്തി കറ്റയറുത്തീടുന്നു!
കണ്ണിന് കുളിരേകും അക്കാഴ്ച കാണാനെന്റെ
കണ്ണുകൾക്കതിയായ കൗതുകം ജനിച്ചുപോയ്!
ഒന്നുകൂടി വായിച്ചപ്പോൾ, എനിക്കും തോന്നി അച്ഛൻ പറഞ്ഞത് വളരെ ശരിയാണെന്ന്.
അച്ഛന്റെ കപ്പുംവാങ്ങി ഞാൻ അടുക്കളയെ ലക്ഷ്യമാക്കി നീങ്ങി. അമ്മയെ കാണാൻ.
ഡിഗ്രികഴിഞ്ഞ് പുറത്തിറങ്ങിയിട്ട്, ഉടനെതന്നെ ബി.എഡിന് ചേർന്നു, എന്റെ ലക്ഷ്യം സർക്കാർ സ്കൂളിൽ മലയാളം അദ്ധ്യാപികയായി ഒരു ജോലി നേടുക എന്നതായിരുന്നു. അതുകൊണ്ട് പഠിത്തത്തിനോടൊപ്പം പി.എസ്.സി ജനറൽ നോളഡ്ജ് പുസ്തകങ്ങളും എന്റെ സഹപാഠികളായിരുന്നു.
ഒരിക്കൽ കോളേജിൽ അഡ്മിഷൻ എടുക്കാൻ അച്ഛനോടൊപ്പം പോയപ്പോൾ അന്ന് അച്ഛൻ പറഞ്ഞ ഒരുകാര്യം മറക്കാതെ ഇന്നും ഞാനോർക്കുന്നു-
''മോള് ചിന്തിച്ചിട്ടുണ്ടോ; എന്ന് എനിക്കറിയില്ല. എന്തുകൊണ്ടാണ് പി.എസ്.സി ടെസ്റ്റിൽ പാസാകുന്നവരുടെ എണ്ണം കുറയുന്നത്? കാരണം കോളേജിലെ പരീക്ഷയ്ക്ക് പഠിക്കുന്നതുപോലെ ആരും പി.എസ്.സിക്ക് ഹാർഡ് വർക്ക് ചെയ്യാറില്ല! കാരണം പരീക്ഷ പോലെ ഇത് എനിക്ക് ജയിക്കണം എന്ന നിർബന്ധമില്ലാത്തതുകൊണ്ടാണ്, ആ നിർബന്ധബുദ്ധി പിന്തുടർന്നാൽ ആ കടമ്പയും കടക്കാം, വളരെ ഇൗസിയായി."
എത്ര ശരിയാണ് അച്ഛന്റെ ഉപദേശം.
ഞാനിപ്പോൾ പി.എസ്.സി പരീക്ഷാ പുസ്തകങ്ങളുടെ സഹപാഠി മാത്രമല്ല, അവ എന്റെ ആത്മമിത്രങ്ങൾ കൂടിയാണ്.
ബി.എഡ് അവസാനിക്കുന്നതോടൊപ്പം വളരെ ആത്മവിശ്വാസത്തോടെ പി.എസ്.സിയുടെ രണ്ട് ടെസ്റ്റുകളിലും പരീക്ഷ എഴുതി.
നിനച്ചിരിക്കാതെയാണ് അപ്പോൾ എന്റെ കസിൻ ഒരു വിവാഹ ആലോചനയുമായി വന്നത്. ദുബായിൽ ജോലിയുള്ള ഒരു എൻജിനീയർ. കസിന് ഏറെ പരിചയമുള്ള ചെക്കൻ. ഒറ്റ ഡിമാൻഡ് മാത്രം.
''പെണ്ണിന് ബി.എഡ് ഡിഗ്രി ഉണ്ടായിരിക്കണം, അത്രമാത്രം."
അതുകാരണം ചെറുക്കനെ കുറിച്ച് കൂടുതൽ അറിയാൻ അച്ഛൻ താത്പര്യപ്പെട്ടു. അങ്ങനെ ആ കല്യാണകാര്യം അത്താഴം കഴിക്കുന്നതിനോടൊപ്പം ചർച്ച ചെയ്യപ്പെട്ടു. ചർച്ചയ്ക്കിടയിൽ ഞാൻ ആദ്യമായി അച്ഛനോട് ചോദിച്ചു.
''സർക്കാർ സ്കൂളിലെ അദ്ധ്യാപിക"" എന്ന മോഹം ഞാൻ വെടിയണോ അച്ഛാ?"
അതുകേട്ട് ചിരിച്ചുകൊണ്ട് ആത്മാർത്ഥതയോടെ അച്ഛൻ പറഞ്ഞു.
''അതും നടക്കും മോളെ."
ഇടതുകൈ കൊണ്ട് എന്റെ തോളിൽ തട്ടിയിട്ട് അച്ഛൻ വീണ്ടും സ്നേഹത്തോടെ പറഞ്ഞു.
'''ഡോണ്ട് വറീ, ബേട്ടാ."
പിന്നെ ഞാനൊന്നും പറഞ്ഞില്ല. കാരണം അച്ഛനെ എനിക്ക് അത്ര വിശ്വാസമാണ്.
അങ്ങനെ എന്റെ കല്യാണം മംഗളമായി നടന്നു.
ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം ഞാൻ ദുബായിലേക്ക് പറന്നുയർന്നു.
മുമ്പ് ഒരിക്കൽ എപ്പോഴോ മുറ്റത്തെ മാവിൻചുവട്ടിലിരുന്ന് മനോഹരമായ ആ കവിത വായിക്കുമ്പോൾ, 'ഒരു ദേശത്തിന്റെ കഥ" എന്ന നോവലിലെ അവസാന ഭാഗത്ത്- ശ്രീധരൻ പാടുന്നതിങ്ങനെയായിരുന്നു.
കാണുന്നു ഞാനിന്നു നിന്മണിമൂക്കുത്തി
വാനിൽ തിളങ്ങുന്ന താരമോരോന്നിലും-
അത്രയും വായിച്ചിട്ട് മുഖമുയർത്തി ഞാൻ വാനിലേക്ക് നോക്കി. നക്ഷത്രങ്ങളെ കാണാനായിട്ട് ഒരു കുഞ്ഞുനക്ഷത്രം പോലും കാണാനില്ല, അപ്പോഴാണ് ആ നീലാകാശത്തിലൂടെ പറന്നുനീങ്ങുന്ന ഒരു വിമാനത്തെ ഞാൻ കാണുന്നത്.
അപ്പോൾ അതിനെ നോക്കി ഞാൻ വെറുതെ ചോദിച്ചിരുന്നു.
''എന്നെങ്കിലും നീ എന്നെയും കൂട്ടി ഇൗ വാനിലൂടെ ഒന്നുപറക്കുമോ എന്ന്!?"
ആ മോഹമിതാ സഫലമായിരിക്കുന്നു. എന്നെയും കൊണ്ട് ഒരു വിമാനം പറക്കുകയാണ്. മേഘപാളികൾക്കിടയിലൂടെ , ഒരൊച്ചയുമില്ലാതെ അതിവേഗത്തിൽ പറക്കുകയാണ്. മണിക്കൂറുകളോളം പറന്നുപറന്ന് ഞാൻ ദുബായിൽ എത്തിച്ചേർന്നു. ആദ്യമായിട്ടാണ് ഞാൻ ഫ്ലാറ്റിലെ താമസവുമായി ഇടപെഴുകാനൊരുങ്ങുന്നത്.
രാവിലെ ഗേറ്റിനടുത്ത് കിടക്കുന്ന മലയാളം ദിനപത്രം എടുക്കുന്നതിനുപകരം ഇവിടെ പ്രധാന വാതിലിനരികിൽ കിടക്കുന്നത് ഇംഗ്ളീഷ് പത്രമാണ്.
ചെറുപ്പത്തിലെ തന്നെ അച്ഛൻ പഠിപ്പിച്ച ഒരു പാഠമാണ് ദിവസവും രാവിലെ നിർബന്ധമായും ന്യൂസ് പേപ്പർ വായിക്കുക എന്നത്. ഞാൻ ആ ശീലം ദുബായിലും പിന്തുടരുന്നു. അങ്ങനെ ന്യൂസ് പേപ്പറിൽ കണ്ട ചില സ്കൂളുകളിലെ പ്രൈമറി ടീച്ചർക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷയും അയച്ചുകൊടുത്തു. സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ആവേശത്തിൽ ഇൗദിനെ വരവേൽക്കാനായി ദുബായ് ഒരുങ്ങുകയാണ്. നാളെമുതൽ മൂന്നുദിവസം ദുബായിൽ അവധിയാണ്. എല്ലാ ഭാഷക്കാരും എല്ലാ ദേശക്കാരും മലയാളികളും സന്തോഷത്തോടെ ദുബായിൽ ആഘോഷിക്കുന്ന ഒരു ഉത്സവം. പാതകളുടെ ഇരുവശങ്ങളിലും നിറയെ നിറമാർന്ന ബൾബുകളും ബാനറുകളും കൊണ്ടുനിറച്ചിരിക്കുന്നു. പിന്നെ ചെടികളും ചെറിയ മരങ്ങളും മിന്നിമിന്നിതിളങ്ങുന്ന ലൈറ്റുകൾ കൊണ്ട് നിറച്ചും ദുബായ് നഗരവീഥികൾ ഒരു അപ്സര സുന്ദരിയെപ്പോലെ മനോഹരമാക്കിയിരിക്കുന്നു. ഇൗദ് ദിനത്തിൽ അച്ഛനെ രാവിലെതന്നെ ഒന്നു വിളിക്കാമെന്ന് വിചാരിച്ച് റിസീവർ കൈയിലെടുക്കുന്നതിന് മുമ്പ് അത് റിംഗ് ചെയ്യാൻ തുടങ്ങി.
അങ്ങേ തലയ്ക്കൽ ഞാൻ അച്ഛന്റെ ശബ്ദം കേട്ടു.
''ഒാ അച്ഛനാണോ? ഞാൻ വിളിക്കാനൊരുങ്ങുകയായിരുന്നു. എന്താ അച്ഛാ സുഖം തന്നെ അല്ലേ?"
''അതെ മോളെ, ഒരു സന്തോഷവാർത്ത പറയാനാണ് രാവിലെ തന്നെ വിളിച്ചത്.""
''എന്താ അച്ഛാ, പറയൂ."
''മോൾക്കൊരു ഇന്റർവ്യൂ കാർഡ് വന്നു"
''അതെയോ?"
''പ്രൈമറി സ്കൂൾ ടീച്ചറായിട്ട്.
''ഒാ...എന്റെ വലിയ ഒരു മോഹം സഫലമായി."
'അതെ തിരുവനന്തപുരത്തുവച്ച്, തിങ്കളാഴ്ച 11 മണിക്ക്."
ഒാക്കേ അച്ഛാ, ഞാൻ രണ്ടുദിവസത്തിനകം അവിടെ എത്താം.
അത്രയും പറഞ്ഞിട്ട് ഞാൻ പറണ്ട് അച്ഛൻ പറഞ്ഞ ആ കാര്യം ഒാർക്കുകയായിരുന്നു.
''പരീക്ഷയ്ക്ക് പഠിക്കുന്നതുപോലെ ഹാർഡ് വർക്ക് ചെയ്തുപഠിച്ചാൽ പി.എസ്.സി ടെസ്റ്റുകളും ഇൗസിയായി ജയിക്കാം.""
അടുത്തദിവസം ഞാൻ തിരിച്ച് നാട്ടിലേക്ക് വിമാനം കയറി.
അമ്മയും അച്ഛനും എന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഒാടിവന്ന് കെട്ടിപ്പിടിച്ച് കൈയിൽ ഉമ്മ വച്ചിട്ട് അമ്മ ചെവിയിൽ പറഞ്ഞു.
''മോളുടെ ഇഷ്ടം പോലെ തന്നെ സർക്കാർ സ്കൂളിലൊരു ജോലി നേടിയെടുത്തു അല്ലേ?"
''നല്ലവണ്ണം പരിശ്രമിച്ചാൽ കിട്ടാത്ത ഒന്നുമില്ല അമ്മേ, പ്രത്യേകിച്ച് അക്ഷരങ്ങളെ സ്നേഹിച്ചാൽ."
കുളികഴിഞ്ഞ് അമ്മ ഉണ്ടാക്കിയ ദോശ തിന്നു ഞാൻ കിടക്കയിലേക്ക് വീണു.
അടുത്തദിവസം ഞങ്ങൾ മൂവരും കൂടിയാണ് ഇന്റർവ്യൂ സ്ഥലത്തേക്ക് പോയത്.
ഇന്റർവ്യൂ വളരെ ഭംഗിയായി തന്നെ നടന്നു.
ചോദിച്ച എല്ലാ ചോദ്യത്തിനും ഞാൻ കൃത്യമായി ഉത്തരം നൽകി. പോസ്റ്റിംഗ് രണ്ടുമൂന്നുമാസം കഴിഞ്ഞേ ഉണ്ടാവുകയുള്ളു എന്ന് ഇന്റർവ്യൂ ബോർഡ് അവസാനമായിട്ട് എന്നോടു പറഞ്ഞു. കൂടാതെ ആ വിവരം അവർ അറിയിക്കുമെന്നും പറഞ്ഞു.
അങ്ങനെ രണ്ടുനാൾകൂടി വീട്ടിൽ നിന്നിട്ട് ഞാൻ വീണ്ടും ദുബായിലേക്ക് തിരിച്ചു. ദുബായ് എയർപോർട്ടിലെത്തിയ എനിക്ക് ഒരു സന്തോഷവാർത്തയുമായിട്ടാണ് ചേട്ടൻ സ്വീകരിക്കാൻ എത്തിയത്.
ദുബായിലെ ഒരു ഇന്ത്യൻ സ്കൂളിൽനിന്നും വിളിച്ചിരുന്നു എന്നും നാളെതന്നെ ഇന്റർവ്യൂവിന് ചെല്ലണമെന്നും പറഞ്ഞു.
സ്കൂളിലെ ലോബിയിൽ ഇന്റർവ്യൂവിന് വേറെയും മലയാളികൾ ഉണ്ടായിരുന്നു. എന്റെ അടുത്ത് ചുവന്ന ചുരിദാറിട്ട ഒരു വെളുത്ത സുന്ദരിയാണ് ഇരുന്നിരുന്നത്, അവരുടെ മുഖത്തേക്ക് നോക്കി ഞാനൊന്നു മന്ദഹസിച്ചു എന്നിട്ട് ചോദിച്ചു.
''എന്താ സബ്ജക്ട്?
''സയൻസ്, ഇന്ന് മൂന്നാമത്തെ പ്രാവശ്യമാണ് വരുന്നത്."
''അതെന്താ?" ഞാൻ സംശയരൂപേണ ചോദിച്ചു.
''ആദ്യദിനം സയൻസ് സൂപ്പർവൈസറുമായി, പിന്നെ ഇന്നലെ വന്ന് 'ഡെമോ" എടുത്തു, ഇന്ന് ബോർഡ് ഇന്റർവ്യൂ."" അത്രയും പറഞ്ഞിട്ട് എന്നോട് ചോദിച്ചു എന്താ സബ്ജക്ട്?
മലയാളം.
''ഒാ രക്ഷപ്പെട്ടു, ഇതൊന്നും നിങ്ങളെ ബാധിക്കുകയില്ലല്ലോ. കൂടാതെ അടുത്തമാസം വരാൻ പോകുന്ന കെ.എച്ച്.ഡി.എയുടെ ഇൻസെപ്ക്ഷനും (ദുബായ് സ്കൂളുകളിൽ ഗവൺമെന്റ് നടത്തുന്ന ഇൻസെപ്ക്ഷൻ, അതിലൂടെ ആ സ്കൂളിന്റെ ഗ്രേഡ് പ്രസിദ്ധീകരിക്കുന്ന സ്ഥാപനം) നിങ്ങളെ ബാധിക്കുകയില്ലല്ലേ! എനിവേ ആൾ ദി ബെസ്റ്റ്. കാരണം മൂന്നുമാസത്തെ ശ്രമം വേണം അതിനെ നേരിടാൻ. അതൊന്നും മലയാളം ടീച്ചേഴ്സിനെ ബാധിക്കുകയില്ലല്ലോ. അത് ആലോചിക്കുമ്പോൾ ചെറിയ അസൂയ! എനിവെ ഒാൾ ദി ബസ്റ്റ്."
''താങ്ക്യൂ...""
ചിരിച്ചുകൊണ്ട് ആ സുന്ദരിക്ക് മറുപടികൊടുത്തപ്പോൾ ആരോ എന്റെ പേര് വിളിക്കുന്നത് കേട്ടു.
''ഇരിക്കൂ"...
ഞാനാണ് ഇൗ സ്കൂളിലെ പ്രിൻസിപ്പൽ, ഒരു ലീവ് വേക്കൻസിയിലാണ് പോസ്റ്റിംഗ്! മാസം മൂവായിരം ദിർഹംസ് ശമ്പളം തരും. സമ്മതമാണെങ്കിൽ നാളെമുതൽ മലയാളം പ്രൈമറി ടീച്ചറായി ജോയിന്റ് ചെയ്യാം."
''മാഡം സമ്മതമാണ്. ലീവ് വേക്കൻസി എന്നുപറയുമ്പോൾ എത്രനാൾ ഉണ്ടാകും."
''മിനിമം ആറുമാസം. ഡെലിവറി കഴിഞ്ഞ് ആ ടീച്ചർ തിരിച്ചുജോലിയിൽ പ്രവേശിക്കുന്നില്ലായെങ്കിൽ താങ്കൾക്ക് തുടരാം."
അങ്ങനെ വളരെ എളുപ്പത്തിൽ ദുബായിൽ മലയാളം ടീച്ചർ ആയി ജോലികിട്ടി. വിദ്യാഭ്യാസ യോഗ്യത മാത്രം അടിസ്ഥാനമാക്കി എന്റെ അമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് പ്രൈമറി സ്കൂളിൽ തന്റെ മാതൃഭാഷ പഠിപ്പിക്കാൻ ഒരു ടീച്ചർക്ക് ജോലി പരിചയവും ആവശ്യമില്ല.
കെ.എച്ച്.ഡി.എയുടെ സൂക്ഷ്മപരിശോധനയുമില്ല. അങ്ങനെ ഞാൻ മലയാളം ടീച്ചറായി നിയമിക്കപ്പെട്ടു. ഉടനെതന്നെ അമ്മയെ വിളിച്ചു.
''അമ്മാ എനിക്ക് ദുബായിൽ ഒരു ഇന്ത്യൻ സ്കൂളിൽ മലയാളം ടീച്ചറായി ജോലികിട്ടി. മാസം നാട്ടിലെ അരലക്ഷം രൂപയോളം ശമ്പളം.""
''മിടുക്കി. അഭിനന്ദനങ്ങൾ."
വീണ്ടും ഞാൻ അത് കേൾക്കുന്നു.
''കൺഗ്രാറ്റ്സ് ബേട്ടാ കൺഗ്രാറ്റ്സ്."" അച്ഛന്റെ സ്നേഹമസൃണമായ വാക്കുകൾ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |