ലോക്ക്ഡൗൺ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക രംഗം അൽപ്പം ക്ഷീണിച്ചപ്പോൾ രണ്ടു കൂട്ടർക്കാണ് ഈ പ്രതികൂല സാഹചര്യത്തിൽ നിന്നും ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാനായത്. ഇ-കോമേഴ്‌സ് സൈറ്റുകൾക്കും ഒ .ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും.
കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ ഭാഗമായി അധികമാരും സാധനങ്ങളും മറ്റും വാങ്ങാനും വിനോദത്തിനുമായി പുറത്തിറങ്ങാത്തതാണ് ഇവർക്ക് ഗുണകരമായി മാറിയത്. ഇതിന്റെ ചുവടുപിച്ച് തങ്ങൾക്ക് ഉണ്ടായ നേട്ടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് പ്രമുഖ ഓവർ ദ ടോപ്പ്(ഒ.ടി.ടി) പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ്.
തികച്ചും സൗജന്യമായി ഇന്ത്യക്കാർക്ക് സീരീസും സിനിമയും കാണാനുള്ള അവസരമാണ് നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്. ഇന്ത്യ അതിവേഗം വളരുന്ന വിപണിയാണെന്ന് കണ്ടുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഈ പുത്തൻ ഓഫറുമായി ഇന്ത്യൻ ആസ്വാദകർക്ക് മുൻപിലേക്ക് എത്തുന്നത്.
തുടർച്ചയായി 48 മണിക്കൂർ നേരം പൂർണമായും സൗജന്യമായി നെറ്റ്ഫ്ലിക്സിലെ പരിപാടികൾ കാണാൻ സാധിക്കുമെന്നാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്. സാധാരണഗതിയിൽ നെറ്റ്ഫ്ലിക്സിൽ ആപ്പ് വഴിയോ കമ്പ്യൂട്ടർ വഴിയോ പ്രവേശിക്കുമ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ സംബന്ധിച്ചുള്ള വിവരങ്ങളാണ് സ്‌ക്രീനിൽ തെളിയുകയെങ്കിൽ ഈ സമയപരിധിയിൽ അതുണ്ടാകില്ല എന്നാണു നെറ്റ്ഫ്ലിക്സ് പറയുന്നത്.
എന്നാൽ ഈ ഓഫർ ആസ്വദിക്കാനായി അൽപ്പം കാത്തിരിക്കേണ്ടി വരും. വരുന്ന ഡിസംബർ നാലാം തീയതി അർദ്ധരാത്രി മുതലാണ് ഓഫർ നെറ്റ്ഫ്ലിക്സിൽ ആക്റ്റീവ് ആകുക. ഇതുവഴി ഇന്ത്യൻ കാണികളിൽ നല്ലൊരു വിഭാഗം ആൾക്കാരെ തങ്ങളുടെ സബ്സ്ക്രൈബേർസ് ആക്കി മാറ്റാൻ സാധിക്കുമെന്നാണ് ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |