തിരുവനന്തപുരം: കേരളത്തിലും സി.ബി.ഐയ്ക്ക് നൽകിയിരിക്കുന്ന മുൻകൂർ പ്രവർത്തനാനുമതി പിൻവലിക്കാൻ നീക്കം. ഇതിന്റെ നിയമവശം പരിശോധിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സർക്കാരിന് നിർദേശം നൽകി.
രാഷ്ട്രീയാവശ്യത്തിന് ദുരുപയോഗിക്കുന്നുവെന്ന് പ്രത്യക്ഷത്തിൽ തെളിയുകയും അഞ്ച് ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകൾ സി.ബി.ഐയ്ക്കുള്ള മുൻകൂർ അനുമതി റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.എം ഇതാവശ്യപ്പെടുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിന് നിയമനിർമ്മാണത്തിന്റെ ആവശ്യമില്ല. നിലനിൽക്കുന്ന മുൻകൂർ അനുമതി ഉത്തരവ് പിൻവലിച്ചാൽ മതി. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ അനുമതി പിൻവലിച്ചു. കേരളത്തിലും സി.ബി.ഐയെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുകയാണ്.
ഈ ആക്ഷേപം സി.പി.ഐ നേരത്തേ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികൾ ഇടതുമുന്നണിയോഗത്തിൽ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നിയമാനുസൃതമായി സംസ്ഥാന അനുമതിയില്ലാതെ സി.ബി.ഐയ്ക്ക് അന്വേഷിക്കാവുന്ന കേസുകളുണ്ട്. അത് തടയാനാവില്ല. തടയേണ്ടത് മുൻകൂർ അനുമതിയുടെ പേരുപറഞ്ഞ് സംസ്ഥാന പൊലീസിന് അന്വേഷിക്കാവുന്ന കേസുകൾ പോലും ഏറ്റെടുക്കുന്ന രീതിയാണ്.സി.ബി.ഐ അന്വേഷിച്ചാലേ അഴിമതി പുറത്തുവരൂവെന്ന ചിന്ത ശരിയല്ല.
കശുവണ്ടി കോർപ്പറേഷൻ ഇടപാടിൽ ഏതന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ഈ കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച തർക്കത്തെപ്പറ്റി കോടിയേരി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുഖ്യമന്ത്രി ഇപ്പോഴും വിശ്വാസമർപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ഭരണഘടനാസ്ഥാപനമായ സർക്കാരിനും തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിക്കും ആ നിലപാടേ പറ്റൂ എന്നായിരുന്നു മറുപടി. സർക്കാരും പാർട്ടിയും ഒന്നല്ല. പാർട്ടി നിരീക്ഷണമാണ് താൻ വ്യക്തമാക്കിയതെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |