ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന പ്രശ്നങ്ങളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അമേരിക്ക.ഡൽഹിയുമായി ആശയവിനിമയം നടത്തുന്നതായും, സ്ഥിതിഗതികൾ വഷളാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ഭരണകൂടത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
തെക്കുകിഴക്കൻ ഏഷ്യയിൽ സൈനിക സാന്നിധ്യം ഉൾപ്പെടെയുള്ള വർദ്ധിച്ച ഇന്ത്യൻ ഇടപെടലിനെ സ്വാഗതം ചെയ്യുന്നതായും, ഹിമാലയം മുതൽ തർക്കമുള്ള സമുദ്രമേഖല വരെയുള്ള ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ടെന്നും യു എസ് വ്യക്തമാക്കി.
തെക്കു കിഴക്കൻ ഏഷ്യയിലെ വർദ്ധിച്ച പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തിയെന്നും, ഇന്ത്യൻ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നുവെന്നും അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'ഹിമാലയം മുതൽ ദക്ഷിണ ചൈനാ കടൽ വരെയുള്ള ഇന്തോ പസഫിക്കിൽ ഉടനീളമുള്ള ചൈനയുടെ ആക്രമണാത്മക പെരുമാറ്റം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയെപ്പോലുള്ള സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി പ്രവർത്തിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണ്.'-അമേരിക്ക വ്യക്തമാക്കി.
'കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ ജൂണിൽ ഉണ്ടായ ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഒരു സർക്കാർ എന്ന നിലയിൽ ഞങ്ങൾ ഹിമാലയത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായും നിരീക്ഷിക്കുന്നു. സ്ഥിതിഗതികൾ വഷളാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നു.'- അമേരിക്ക അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |