തിരുവനന്തപുരം: ലൈഫ് മിഷൻ, ഡോളർ കടത്ത് കേസുകളിൽ സി.ബി.ഐ അന്വേഷണം തടയലാണ് സി.ബി.ഐക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് പിന്നിലെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരായ അന്വേഷണം തടയാൻ അതിനാകുമോ എന്ന് ആശങ്ക.
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും, ലൈഫ് മിഷന് വിദേശത്തു നിന്ന് കേന്ദ്രാനുമതിയില്ലാതെ പണം വാങ്ങിയ കേസിലും ശിവശങ്കർ അറസ്റ്റിന്റെ വക്കിലാണ്. അറസ്റ്റിലാവുന്നത് മുഖ്യമന്ത്രിയുടെ ഒാഫീസിൽ ജോലിചെയ്തിരുന്ന സമയത്തെ ചെയ്തികളുടെ പേരിലാവും. ഇത് മുഖ്യമന്ത്രിയുടെ ഒാഫീസിനേയും ആരോപണ നിഴലിലാക്കും. ഇത് മുന്നിൽക്കണ്ടാണ് സി.ബി.ഐക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം.
സി.ബി.ഐക്ക് കേസ് അന്വേഷിക്കാൻ അതത് സംസ്ഥാനങ്ങളുടെ അനുമതി വേണം. അല്ലെങ്കിൽ കോടതി ഉത്തരവ് വേണ്ടിവരും.സി.ബി. ഐക്ക് ഏത് കേസന്വേഷിക്കാനും കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൂർണാനുമതി നൽകിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ് ഗഡ്, തൃണമൂൽ ഭരിക്കുന്ന പശ്ചിമബംഗാൾ, കോൺഗ്രസ് മുന്നണിഭരണമുള്ള മഹാരാഷ്ട്ര, എന്നിവയും മിസോറമും ഇതിൽ നിന്ന് വിട്ടുനിൽക്കുന്നു. കേരളത്തിൽ വിലക്കേർപ്പെടുത്തിയാൽ, മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്തെ ഒരു കേസും സി.ബി.ഐക്ക് തൊടാനാവില്ല. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വർണ്ണക്കടത്ത് കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. എൻ. ഐ.എക്ക് രാജ്യത്തെവിടെയും കേസന്വേഷിക്കാൻ അനുമതി വേണ്ട. സി.ബി. ഐ തുടങ്ങിക്കഴിഞ്ഞ അന്വേഷണം തടയാൻ വിലക്കിന് കഴിയുമോയെന്നും വ്യക്തമല്ല.ലൈഫ് മിഷൻ കേസിൽ സി.ബി.ഐയുടെ എഫ്. ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ഹർജിയിൽ രണ്ടുമാസത്തേക്ക് നടപടികൾ സ്റ്റേ ചെയ്യുകയല്ലാതെ അന്വേഷണം പൂർണമായും ഒഴിവാക്കാൻ ഹൈക്കോടതി മുതിർന്നില്ല. ഡോളർ കേസുമായി ബന്ധപ്പെട്ട ഹർജികളും കോടതിയിലുണ്ട്. നിലവിലെ കേസന്വേഷണം തുടരാൻ സി.ബി.ഐക്ക് കോടതി അനുമതി നൽകിയാൽ സർക്കാരിന് തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |