ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശിയായ മുഹമ്മദ് ഷെരീഫിന് 27 വർഷം മുൻപ് സ്വന്തം മകനെ നഷ്‌മായതാണ്. കാണാതായി ഒരു മാസത്തിന് ശേഷം മാത്രമാണ് തനിക്ക് മകനെ നഷ്ടമായി എന്ന വേദനിപ്പിക്കുന്ന സത്യം ഷെരീഫിന് മനസ്സിലായത്. ആ സംഭവത്തിന്റെ വേദന മനസിലേറ്റ അന്നുതൊട്ട് ഇന്നുവരെ പ്രദേശത്തെ അജ്ഞാതമൃതദേഹങ്ങൾ സംസ്‌കരിക്കുന്ന ചുമതല മാറ്റമില്ലാതെ ചെയ്‌തു വരികയാണ് ഷെരീഫ്. 25,000ത്തോളം അജ്ഞാത മൃതദേഹങ്ങളാണ് ഇതുവരെ ഇദ്ദേഹം ഇങ്ങനെ സംസ്‌കരിച്ചത്. മഹാമനസ്‌കനായ മുഹമ്മദ് ഷെരീഫിനെ തേടി ഒടുവിൽ രാജ്യത്തിന്റെ ആദരം എത്തുകയാണ്. ഈ വർഷത്തെ പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച കൂട്ടത്തിൽ 'ചാച്ച ഷെരീഫി'ന്റെ പേരുമുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ചയാണ് പദ്‌മ പുരസ്‌കാര വിജയികളുടെ ലിസ്‌റ്റ് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചത്. 141 പേർക്കാണ് രാജ്യത്തിന്റെ ആദരം ഈ വർഷം നൽകുക. ഇതിൽ ഏഴ് പേർക്ക് പദ്‌മ വിഭൂഷണും 16 പേർക്ക് പദ്‌മ ഭൂഷണും 118 പദ്‌മശ്രീയുമുണ്ട്. മുൻ വർഷങ്ങളിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പദ്മ അവാർഡുകൾ വിതരണം ചെയ്യാറ്. ഇത്തവണ ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന പദ്മ പുരസ്‌കാര ചടങ്ങുകൾ രാജ്യത്ത് കൊവിഡ് രൂക്ഷമായതോടെ മാറ്റിവച്ചിരുന്നു. ഷെരീഫിനെ പോലെ സമൂഹത്തിലെ പ്രത്യേകതയുളള മനുഷ്യരെ കണ്ടെത്തിയ സർക്കാരിനെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അഭിനന്ദിച്ചു. ഇത്തരത്തിലുളള ആളുകളെ ആദരിക്കുന്നതിലൂടെ ഒരു തരത്തിൽ ഇന്ത്യയെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചണ്ഡിഗഡിൽ പിജിഐ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വർഷങ്ങളായി സൗജന്യ ഭക്ഷണം നൽകുന്ന ജഗദീഷ് ലാൽ അഹൂജ, ജമ്മു കാശ്‌മീരിലെ ശരീര വൈകല്യമുളള സാമൂഹ്യ പ്രവർത്തകൻ ജാവേദ് അഹമ്മദ് തക്ക് എന്നിവരും ഇത്തവണ പദ്‌മ പുരസ്‌കാരം ലഭിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |