കൊച്ചി: സ്വർണക്കടത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ കെ.ടി റമീസിന്റെ മൊഴി. നയതന്ത്ര ബാഗേജ് വഴിയുളള സ്വർണക്കടത്തിന് പിന്നിൽ യു.എ.ഇ പൗരൻ ‘ദാവൂദ് അൽ അറബി’യെന്ന വ്യവസായിയാണെന്നാണ് റമീസിന്റെ മൊഴി. 12 തവണ ഇയാൾക്ക് വേണ്ടി സ്വർണം കടത്തിയെന്നാണ് മൊഴിയിലുളളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.
കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോർഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകപ്പ് കസ്റ്റംസ് സമർപ്പിച്ചിരിക്കുന്നത്. മൊഴിയുടെ പൂർണരൂപമല്ല മറിച്ച് മൊഴിയുടെ വിശദാംശങ്ങളാണ് പ്രതികളെ കരുതൽ തടങ്കലിലാക്കാനായി ബോർഡിന് മുമ്പാകെ സമർപ്പിച്ചത്. 166 കിലോ ഗ്രാം സ്വർണം കടത്തിയെന്നാണ് എൻ.ഐ.എ റിപ്പോർട്ടിലുളളത്. 21 തവണ കടത്തുകയും ഇരുപത്തിയൊന്നാമത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നു.
30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവച്ച വിവരം അറിഞ്ഞ റമീസ് അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ സന്ദീപിനെയും പി.എസ് സരിത്തിനേയും തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കസ്റ്റംസ് സ്വർണം പിടിച്ചാൽ സരിത്ത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി. പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും ഡൽഹിയിൽ സ്വാധീനം ചെലുത്തി ആറ് മാസം കഴിയുമ്പോൾ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.
ഒരു ഘട്ടത്തിലും കൊടുവളളി ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞു. തങ്ങൾ പുറത്തുണ്ടായാൽ മാത്രമേ പിഴയടച്ച് കേസ് ഒതുക്കാൻ കഴിയൂ. അന്വേഷണ സംഘത്തിന്റെ സമ്മർദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അൽ അറബിയും മലയാളിയായ ഫൈസൽ ഫരീദുമാണു കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണം കടത്തുന്നതെന്നു മൊഴി നൽകാനും റമീസ് നിർബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നൽകി. തടഞ്ഞുവച്ച പാഴ്സൽ കസ്റ്റംസ് തുറന്നു പരിശോധിക്കും മുമ്പ് റമീസ് പെരിന്തൽമണ്ണയിലേക്ക് മടങ്ങി. ജൂലായ് മൂന്നിന് രാത്രി സ്വപ്നയുടെ വീട്ടിൽ ഒത്തുചേർന്ന സരിത്തും സന്ദീപും അറസ്റ്റിലായാൽ സത്യം തുറന്നു പറയാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |