കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാർ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലുമാണ് നാളെ വിചാരണക്കോടതിയിൽ എത്തേണ്ടത്. മന്ത്രിമാർ ഹാജരാകണം എന്ന വിചാരണക്കോടതി നിർദേശം സ്റ്റേ ചെയ്യണം എന്ന സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിൽ ഇടപെടാനാകില്ലെന്നായിരുന്നു കോടതി നിലപാട്.
2015ൽ കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെയുണ്ടായ കയ്യാങ്കളിയിൽ രണ്ടരലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നായിരുന്നു കേസ്. മന്ത്രിമാരായ ഇ.പി ജയരാജൻ കെ.ടി ജലീൽ, വി.ശിവൻകുട്ടി അടക്കം ആറ് ഇടതുനേതാക്കളാണ് കേസിലെ പ്രതികൾ.
പൊതുമുതൽ നശിപ്പിച്ചത് അടക്കമുളള കേസുകളാണ് ജയരാജനും ജലിലിനുമെതിരെ ചുമത്തിയിരിക്കുന്നത്. നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |