തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ നടന്ന കോപ്പിയടിയിൽ പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ. ഒക്ടോബർ 23നു നടന്ന പരീക്ഷയിലാണ് 4 കോളേജുകളിൽ കോപ്പിയടി നടന്നത്. കോളേജുകളിലെ പ്രിൻസിപ്പൽമാരോട് അച്ചടക്കസമിതി കൂടി 5 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.
16 ഫോണുകൾ ഒരു കോളേജിൽനിന്നും 10 ഫോണുകൾ മറ്റൊരു കോളേജിൽനിന്നും ഓരോ ഫോൺവീതം മറ്റു രണ്ടു കോളേജുകളിൽ നിന്നും കണ്ടെടുത്തു. വിദ്യാർത്ഥികൾ രണ്ട് ഫോൺ കൊണ്ടുവരികയും ഒരു ഫോൺ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ പുറത്തുവച്ചശേഷം രണ്ടാമത്തെ ഫോണുമായി ഹാളിലേക്കു കയറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൊബൈൽ ഫോൺ പിടിച്ചാൽ സർവകലാശാല ചട്ടം അനുസരിച്ച് ഡീബാർ ചെയ്യാം. മൂന്നു തവണത്തേക്ക് പരീക്ഷയെഴുതാനാവില്ല. ചിലയിടങ്ങളിൽ ഫോൺ തിരികെകിട്ടാൻ വിദ്യാർത്ഥികൾ ബഹളമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു പരീക്ഷാത്തട്ടിപ്പ്. പലഫോണുകളും ലോക്ക് ചെയ്തിരിക്കുന്നതിനാൽ വിവരങ്ങൾ ശേഖരിക്കുന്നതിന് തടസമുണ്ട്. മറ്റുള്ള കോളേജുകളിൽ ഇതുപോലെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
തട്ടിപ്പ് ഇങ്ങനെ
ചോദ്യങ്ങളുടെ ഫോട്ടോ എടുത്ത് വിദ്യാർത്ഥികൾ വാട്സ് ആപ്പിലൂടെ അയയ്ക്കും
ഉത്തരങ്ങൾ വിദ്യാർത്ഥികളുടെ വാട്സ് ആപ്പിലേക്ക് തിരിച്ച് അയയ്ക്കും
ചില ഗ്രൂപ്പുകളിൽ 75 മാർക്കിന്റെ വരെ ഉത്തരങ്ങൾ അയച്ചതായി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |