ദുരുഹതയിൽ മുങ്ങി ദിവാകരൻനായരുടെ മരണം
തൃക്കാക്കര: കൊല്ലം ഓയൂർ രേവതി വീട്ടിൽ ദിവാകരൻ നായരുടെ മരണത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല. കൊലപാതക സാദ്ധ്യതയെക്കുറിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല. പക്ഷേ അസ്വാഭാവികമായ സാഹചര്യമാണ് മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ളത്. ഇൻഫോപാർക്ക് കരിമുകൾ റോഡിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ദിവാകരൻനായരുടെ ഒരു കൈക്ക് മാത്രമാണ് പരിക്കുള്ളത്. അത് മരണകാരണവുമല്ല. ഇതൊഴികെ ബലപ്രയോഗത്തിന്റെയോ അപകടത്തിന്റെയോ ലക്ഷണങ്ങളുമില്ല.
ആന്തരിവയവ പരിശോധനയിൽ നിന്ന് എന്തെങ്കിലും സൂചനകൾ കിട്ടുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ആൾപ്പാർപ്പില്ലാത്ത ഈ പ്രദേശത്ത് അദ്ദേഹം എത്തിയതെങ്ങനെയെന്ന് ഇതുവരെ പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുമില്ല. മൃതദേഹം വാഹനത്തിൽ കൊണ്ടുവന്ന് ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് ഇട്ടതാവാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പണം അടങ്ങിയ ബാഗും ഒരു മൊബൈൽഫോണും കണ്ടെത്താനുമായിട്ടില്ല.
സി.പി.എം നേതാവിനെ ചോദ്യംചെയ്തു
കേസുമായി ബന്ധപ്പെട്ട് സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി അംഗത്തെ ഇൻഫോപാർക്ക് പൊലീസ് ചോദ്യംചെയ്തു. ദിവാകരന്റെ ഫോൺകോൾ ലിസ്റ്റിൽ ഇദ്ദേഹവുമുണ്ട്. തുതിയൂരിൽ 92 ഏക്കർ സ്ഥലം വില്പനയിൽ ഇരുവരും ഉൾപ്പെട്ടിരുന്നതായാണ് സൂചന.
ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ഏരിയാകമ്മിറ്റി അംഗത്തെ ഏറെ വൈകിയാണ് വിട്ടയച്ചത്. ദിവാകരൻ നായരുമായി അടുത്തകാലത്ത് ബന്ധപ്പെട്ടിട്ടില്ലെന്നും കാർ കേടായപ്പോൾ സഹായം ചോദിച്ചാണ് വിളിച്ചെതെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വേറെ രണ്ടുപേരെയും പൊലീസ് വിശദമായി ചോദ്യംചെയ്തു.
ഇന്നോവയെക്കുറിച്ചും അന്വേഷണം
ദിവാകരൻ സഞ്ചരിച്ച ഓട്ടോയെ പിന്തുടർന്ന ഇന്നോവ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണവും നടക്കുന്നുണ്ട്. ദിവാകരൻ എത്തിയ തൃക്കാക്കര പൈപ്പ് ലൈനിലെ വീട്ടിലും ഇടപ്പള്ളി പത്തടിപ്പാലത്തും പിന്തുടർന്നെത്തിയത് ഒരേ ഇന്നോവ തന്നെയാണെന്നും ഈ വാഹനം കോട്ടയം സ്വദേശിയുടെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇവർ സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി കാമറകളിൽ നിന്നാണ് വാഹനം സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചത്. കോട്ടയം രജിസ്‌ട്രേഷനുള്ള ഈ ഇന്നോവ ഇവരെ പലയിടത്തും പിന്തുടർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |