ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോടിക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്ത ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാരെന്ന ചോദ്യത്തിന് കൈലമർത്തി കേന്ദ്ര സർക്കാർ.
ആപ്പിനെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിന് കേന്ദ്ര വിവരാവകാശ കമ്മിഷൻ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യസേതു ആപ്പ് ആര് വികസിപ്പിച്ചു എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 'ഒഴിഞ്ഞുമാറുന്ന മറുപടി'യാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ ആരോപിച്ചു.
വിവരങ്ങൾ നൽകാതിരിക്കുന്ന അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യസേതു ആപ്പിന്റെ നിർമ്മാണം സംബന്ധിച്ച ഒരു രേഖയും ലഭ്യമല്ലെന്നും വിവരാവകാശ കമ്മിഷൻ പറഞ്ഞു. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും നാഷണൽ ഇ-ഗവേൺസ് ഡിവിഷനും ഇൻഫർമേഷൻ കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.
സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസാണ് ആരോഗ്യസേതു ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചത്. ആപ്പ് നിർമ്മിക്കുന്നതിനുള്ള അപേക്ഷ, അനുമതി എന്നിവ സംബന്ധിച്ച വിവരങ്ങൾ, നിർമ്മിച്ച കമ്പനിയുടെ പേര്, ആപ്പ് നിർമാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളും സർക്കാർ വകുപ്പുകളും, ആപ്പ് വികസിപ്പിക്കാനായി പ്രവർത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകർപ്പുകൾ തുടങ്ങിയവയായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ആപ്പ് നിർമ്മിച്ചത്.
ദേശീയ ഇൻഫോമാറ്റിക്‌സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതു വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. എന്നാൽ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന് തങ്ങൾക്കറിയില്ല എന്നാണ് വിവരാവകാശ ചോദ്യത്തിന് ഈ രണ്ട് വിഭാഗവും നൽകിയ മറുപടി.
ഐ.ടി മന്ത്രാലയം, ദേശീയ ഇ-ഗവേണൻസ് ഡിവിഷന് ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു ലഭിച്ച മറുപടി. ഇതേത്തുടർന്നാണ് വിഷയത്തിൽ വിവരാവകാശ ഇടപെടൽ ഉണ്ടായത്.
ആരോഗ്യസേതു ആപ്പ് വികസിപ്പിച്ചത് ആരാണെന്ന് പറയാതെ ഉത്തരവാദിത്വപ്പെട്ടവർ ഒഴിഞ്ഞുമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേശീയ വിവരാവകാശ കമ്മിഷൻ നോട്ടീസിൽ പറയുന്നു. വെബ്സൈറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ എങ്ങനെയാണ് സർക്കാരിന്റെ ഡൊമൈനിൽ വെബ്സൈറ്റ് നിർമ്മിച്ചതെന്നും കമ്മിഷൻ ചോദിച്ചു. ബന്ധപ്പെട്ടവരോട് നവംബർ 24ന് ഹാജരാകാനും കമ്മിഷൻ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |