തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്ക്. എൻജിനീയറിംഗിലും മാനേജ്മെന്റിലും ഉന്നതവിജയം. പഠനത്തിൽ അതിസമർത്ഥനായിരുന്ന എം.ശിവശങ്കർ ഭരണത്തിലും ഒന്നാമനായിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതമായ അധികാരവും ജാഗ്രതയില്ലാത്ത ബന്ധങ്ങളും പതനത്തിന് വഴിയൊരുക്കി.
2023 ജനുവരി 31 വരെ സർവീസ് ഉള്ളപ്പോഴാണ് വീഴ്ച.
ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും എന്ന ചൊല്ല് ശരിവയ്ക്കുന്ന പതനം..
യു.എ.ഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നാ സുരേഷിനെ പരിചയപ്പെട്ടതാണ് ശിവശങ്കറിന്റെ ജീവിതം മാറ്റിമറിച്ചത്. സ്വപ്നയുടെ കുടുംബ സുഹൃത്തായി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറി. അവരുടെ കുടുംബപ്രശ്നങ്ങളിൽ ഇടപെട്ടു.സ്വർണക്കടത്ത് പ്രതികൾക്കായി ഫ്ളാറ്റ് എടുക്കാൻ സഹായിച്ചതും സ്വപ്നയ്ക്ക് ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി തരപ്പെടുത്താൻ ഇടപെട്ടതും ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്ക് കമ്മിഷൻ കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയമുനയിലാക്കി.
സ്വപ്നയ്ക്കൊപ്പം നടത്തിയ വിദേശയാത്രകളും കുരുക്കായി. ലൈഫ് മിഷൻ ഇടപാടിലെ കമ്മിഷനും സ്വർണക്കടത്തിൽ നിന്നു ലഭിച്ച പണവും ഡോളറാക്കി ദുബായിലേക്കു കടത്താൻ സ്വപ്ന ശിവശങ്കറിന്റെ സ്വാധീനം ഉപയോഗിച്ചെന്നും സംശയിക്കുന്നു. സ്വപ്നയല്ല, ശിവശങ്കറാണ് സ്വർണക്കടത്ത് നിയന്ത്രിച്ചതെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കറിന് അറിയാമായിരുന്നെന്നും ഇ.ഡി പറയുന്നു.
മലപ്പുറം കളക്ടറായി മിന്നിയ ശിവശങ്കറിനെ തേടി ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി പദവികളെത്തി. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുണ്ടാക്കി പവർകട്ട് ഒഴിവാക്കി. ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് നടത്തിയത്. മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ പ്രധാന ഫയലുകളും പരിശോധിക്കുകയും ശുപാർശ നൽകുകയും ചെയ്തിരുന്നത് ശിവശങ്കറാണ്. കെ ഫോൺ, കോക്കോണിസ് തുടങ്ങിയ ഐ ടി വകുപ്പിന്റെ പദ്ധതികളിൽ ശിവശങ്കറിന്റെ തീർപ്പ് അന്തിമമായി. ഐ ടി, പൊലീസ് വകുപ്പുകളുടെ പർച്ചേസുകളിലും ഇടപെട്ടു.
തിരുവനന്തപുരം സ്വദേശിയാണ് ശിവശങ്കർ. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളജിൽ ബിടെക്ക്. അവിടെ കോളജ് യൂണിയൻ ചെയർമാൻ. ഗുജറാത്തിലെ 'ഇർമ'യിൽ നിന്ന് റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ. കുറെക്കാലം റിസർവ് ബാങ്കിൽ ഓഫീസർ. പിന്നീട് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കളക്ടർ. ആ പദവിയിൽ ഇരിക്കെ 1995ൽ കൺഫേഡ് ഐ. എ.എസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐ.എ.എസിൽ സ്ഥിരപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |