തിരുവനന്തപുരം: സംസ്ഥാന സർവീസിൽ നിന്ന് സ്ഥാനക്കയറ്റത്തോടെ ഐ.എ.എസിലെത്തിയ ഒരു ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന പദവികളായിരുന്നില്ല ശിവശങ്കറിന് ലഭിച്ചത്. കെ.എസ്.ഇ.ബി ചെയർമാൻ, ഐ.ടി സെക്രട്ടറി മുതൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ആദ്യംനടത്തിയ നിയമനം ശിവശങ്കറിന്റേതായിരുന്നു, തന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി. അപ്രതീക്ഷിതമായ ഉയർച്ചയ്ക്കും അവിശ്വസനീയമായ പതനത്തിനും കേരളം സാക്ഷിയാവുകയാണ്.
കാര്യക്ഷമത കൊണ്ട് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി മാറിയ ശിവശങ്കർ ഭരണചക്രം ചലിപ്പിക്കുന്ന പ്രധാനിയായി. മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ വകുപ്പുകളിലും ഇടപെടലുകൾ നടത്തി. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തിൽ അതീവതല്പരനായിരുന്ന ശിവശങ്കറിന് പിണറായി ഐ.ടി സെക്രട്ടറി പദം കൈമാറി. പിന്നീട് കൊവിഡ് കാലത്തെ വ്യക്തിഗത ഡേറ്റാശേഖരണത്തിന് സ്പ്രിൻക്ലർ കമ്പനിക്ക് കരാർ നൽകിയതു മുതൽ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. സ്വർണക്കടത്ത് പ്രതി സ്വപ്നയുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടർന്ന് ജൂലായ് ഏഴിന് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. ജൂലായ് 17ന് സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്യോഗസ്ഥ ലോബി കൈപ്പിടിയിലാക്കിയെന്ന വിമർശനമുയർന്നപ്പോഴാണ് പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം.എൽ.എ കൂടിയായ എം.വി. ജയരാജനെത്തിയത്.
അപ്പോൾ മുഖ്യമന്ത്റിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശിവശങ്കർ. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ജയരാജൻ മാറിപ്പോയി. ആർ. മോഹൻ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയപ്പോഴും ശിവശങ്കരൻ തത് സ്ഥാനത്ത് തുടർന്നു. സെക്രട്ടറിയെ പൂർണമായി വിശ്വസിച്ച മുഖ്യമന്ത്റി അദ്ദേഹത്തിന് അനുവദിച്ചുകൊടുത്തത് സർവ്വസ്വാതന്ത്റ്യമായിരുന്നു.
2018ലെ മഹാപ്രളയത്തിന് ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടന്റായി കെ.പി.എം.ജിയെ നിയോഗിച്ചത് വിവാദമായതോടെ കെ.പി.എം.ജിയെ സർക്കാരിന് മാറ്റിനിറുത്തേണ്ടി വന്നു. പ്രളയനഷ്ടം നേരിട്ടവരെ കണ്ടെത്തി നഷ്ടപരിഹാരം നൽകുന്നതിനായി ഐ.ടി വകുപ്പ് സ്റ്റാർട്ടപ് സംരംഭകർ വഴി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചതും വിവാദമായി.
സാങ്കേതിക സർവകലാശാലയും കുസാറ്റും ഉണ്ടായിരിക്കെ, ടെക്നോപാർക്കിൽ ഐ.ഐ.ഐ.ടി.എം.കെയെ വികസിപ്പിച്ച് ഡിജിറ്റൽ സർവകലാശാലയാക്കാനും തസ്തികകളനുവദിക്കാനും മുൻകൈയെടുത്തത് ശിവശങ്കറായിരുന്നു. കൊവിഡ് പ്രതിരോധത്തിലെ സ്പ്രിക്ളർ വിവാദത്തിൽ കരാറിൽ കുഴപ്പമില്ലെന്ന് വിശദീകരിക്കാൻ ചാനലുകൾ കയറിയിറങ്ങിയ ശിവശങ്കറിനെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ നേരിൽ കണ്ട് വിശദീകരിക്കാനും മുഖ്യമന്ത്രി അയച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരശേഖരണ വിഷയത്തിൽ ഇടതുസർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത് ദേശീയതലത്തിൽ ചർച്ചയായി. കൊവിഡ് കാലത്തെ ബിവറേജസ് മദ്യവില്പനയ്ക്കുള്ള ബെവ്ക്യു ആപ്പ്, ഇ-ബസ് പദ്ധതിക്ക് പ്രൈസ് വാട്ടർ ഹൗസ്കൂപ്പറിനെ കൺസൾട്ടൻസിയാക്കിയത്, പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് തുറക്കാനുള്ള തീരുമാനം എന്നിങ്ങനെ വിവാദങ്ങളുടെ ഒരറ്റത്ത് ശിവശങ്കറുണ്ടായിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്ക് പ്രോജക്ടിൽ ഓപ്പറേഷൻ മാനേജർ അഥവാ ജൂനിയർ കൺസൾട്ടന്റ് പ്രോജക്ട് തസ്തികയിലേക്ക് നിയമിക്കാൻ ശുപാർശ ചെയ്തത് ശിവശങ്കർ ആണെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തത്.
വിദേശ കോൺസുലേറ്റ് ഉദ്യോഗസ്ഥയുമായുള്ള ചങ്ങാത്തവും നിരന്തരമായ സമ്പർക്കവും കുറ്റകരമാണെന്നും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |