ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ രാജ്യത്ത് എല്ലാവർക്കും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കാൻ സാധിച്ചു. ആഘോഷങ്ങൾക്ക് ഇറങ്ങാതെ ജാഗ്രത തുടരണമെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് പ്രതിസന്ധിയുണ്ടായ ആഘാതത്തിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്ക്കരണ നടപടികൾ തുടരുമെന്നും മോദി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഉത്പാദന, നിക്ഷേപക രംഗങ്ങളിൽ ഇന്ത്യയെ ഒന്നാം നമ്പർ കേന്ദ്രമാക്കി മാറ്റും. ലോകം ഇന്ത്യയിൽ വിശ്വാസമർപ്പിക്കുകയാണ്. മറ്റുളളവരുടെ നഷ്‌ടത്തിൽ നിന്ന് ലാഭമുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ചൈനയുമായുളള മത്സരത്തെ കുറിച്ചും മോദി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിഘട്ടത്തിൽ ശുഭപ്രതീക്ഷ പുലർത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാൻ തയ്യാറെടുക്കുകയും ചെയ്‌തു. ശാസ്ത്രീയമായ പ്രതിരോധനടപടികൾ സമയോചിതമായി നടപ്പാക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാർഷികമേഖലയിലെ ഉയർന്ന ഉത്പാദനം, വിദേശനിക്ഷേപം, വാഹനവിപണി, നിർമ്മാണരംഗം, ഇ.പി.എഫ്.ഒ വരിക്കാരുടെ എണ്ണത്തിലെ വർദ്ധന എന്നിവ സാമ്പത്തിക മേഖലയിലെ തിരിച്ചുവരവിന്റേയും തൊഴിൽ രംഗത്തെ ഉണർവിന്റേയും ലക്ഷണങ്ങളാണ്. കാർഷിക തൊഴിൽ മേഖലകളിലെ നിയമ പരിഷ്ക്കാരങ്ങളെ മോദി ശക്തമായി ന്യായീകരിച്ചു. പരിഷ്‌ക്കാരങ്ങൾ വേണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നതാണ്. പ്രതിപക്ഷവും ഇക്കാര്യങ്ങൾ ഉന്നയിച്ച് വോട്ടു തേടിയിരുന്നു. സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കിന് വേണ്ട നടപടികൾ കൃത്യമായ സമയത്ത് സ്വീകരിക്കുമെന്ന് ഉത്തേജന പാക്കേജുകൾ തുടരുമോയെന്ന ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |