തിരുവനന്തപുരം: ടെക്നോപാർക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് സുപ്രീം കോടതി നിർമ്മാണാനുമതി നൽകിയതോടെ കൊവിഡ് അനന്തര കാലത്ത് ഏറ്റവും വികസന സാധ്യതയുള്ള ഹൈബ്രിഡ് ഐ.ടി.പാർക്കും അതിനോട് ചേർന്നുള്ള റസിഡൻഷ്യൽ കോംപ്ളക്സുമാണ് ഉയരുന്നത്. 20000 പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുന്ന കൂറ്റൻ സംവിധാനമാണ് ഉയരുന്നത്. മറ്റ് തടസ്സങ്ങളില്ലെങ്കിൽ അടുത്ത വർഷം നിർമ്മാണം പൂർത്തിയാകും.
അമേരിക്കൻ കമ്പനിയായ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും ഇന്ത്യൻ സ്ഥാപനമായ എംബസി ഗ്രൂപ്പും അസറ്റ് ഹോംസുമാണ് മൂന്നാംഘട്ട വികസനത്തിലെ പങ്കാളികൾ. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ 80 ലക്ഷം ചതുരശ്ര അടി ഐ.ടി സൗകര്യമുള്ള രാജ്യത്തെ ഏറ്റവും വലിയപാർക്കായി തിരുവനന്തപുരം ടെക്നോപാർക്ക് മാറും.
കൊവിഡ് വരുന്നതിന് മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണ് ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിലുള്ളത്.ഐ.ടി. പാർക്കും അതിനോട് ചേർന്ന് അതേ അടിസ്ഥാനസൗകര്യങ്ങളുള്ള റസിഡൻഷ്യൽ കോംപ്ളക്സും വിനോദ ഉപാധികളും ഉൾപ്പെടുന്നതാണിത്.
കൊച്ചിയിലെ സ്മാർട് സിറ്റി പദ്ധതിക്കുശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും വലിയ ഐ.ടി, അടിസ്ഥാന സൗകര്യ വിദേശ നിക്ഷേപമായ ടെക്‌നോപാർക്ക്–ടോറസ് ഡൗൺടൗൺ പദ്ധതിയുടെ ആദ്യഘട്ടമായ കീസ്റ്റോൺ പ്രീഫാബ് കെട്ടിടം ജനുവരി ആദ്യം പ്രവർത്തന സജ്ജമാക്കാനാണ് ശ്രമം. താൽക്കാലിക സംവിധാനത്തിൽ പ്രമുഖ കമ്പനികൾ ഉടനെത്തും. 62,500 ചതുരശ്രയടിയിൽ രണ്ട് നിലയായിട്ടാണ് കീസ്റ്റോൺ സമുച്ചയം.
2021 പകുതിയോടെ ആദ്യ ഐ.ടി കെട്ടിടവും 2021 അവസാനത്തോടെ ടോറസ്–സെൻട്രം മാളിന്റെ നിർമാണവും പൂർത്തിയാകും.
തടാകത്തിൽ കുടുക്കാൻ നോക്കി
മൂന്നാം ഘട്ട വികസനത്തിനായി നൽകിയ 71 ഏക്കർ സ്ഥലത്ത് ഉൾപ്പെട്ട 19.76 ഏക്കർ സ്ഥലം നികത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സുപ്രീം കോടതിവരെ എത്തിയത്. ഇതിലെ 9 ഏക്കർ വരുന്ന തടാകം നികത്തുന്നത് 2008ലെ തണ്ണീർതട സംരക്ഷണ നിയമത്തിന് എതിരാണെന്നും നികത്താൻ കളക്ടർ നൽകിയ പ്രത്യേകാനുമതി പരിസ്ഥിതി വിരുദ്ധമാണെന്ന് ആരോപിച്ച് നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്.
വികസനത്തെ എതിർക്കാനുള്ള ശ്രമങ്ങൾക്ക് ഏറ്റ തിരിച്ചടിയാണിതെന്ന് സ്ഥലം എം.എൽ.എയും സംസ്ഥാന സഹകരണ,ടൂറിസം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |