തിരുവനന്തപുരം: കസ്റ്റംസിന്റെ അന്വേഷണത്തിൽ സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടുവെന്ന ആദ്യഘട്ടത്തിലെ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും വേഷംകെട്ടി എഴുന്നള്ളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നയതന്ത്ര ചാനൽവഴി വന്ന സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കർ ഇടപെട്ടുവെന്ന് ഇ.ഡി കണ്ടെത്തിയെന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പറയാതെ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
കേന്ദ്രസർക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്ത് വരികയും അതിൽ കസ്റ്റംസ് വകുപ്പ് നടപടിയെടുക്കുകയും ചെയ്ത കേസിനെ സംസ്ഥാനസർക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയിൽ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റ് ചിലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇപ്പോൾ കസ്റ്റംസ്, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായനികുതിവകുപ്പ് എന്നിവ വിവിധ കേസുകളന്വേഷിക്കുന്നുണ്ട്. ഇതിൽ സി.ബി.ഐ സംസ്ഥാനസർക്കാരിന്റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെന്ന പേര് പ്രതിപ്പട്ടികയിൽ ചേർത്ത് എറണാകുളത്തെ കോടതി മുമ്പാകെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ സർക്കാർ നിയമോപദേശം തേടി. സംസ്ഥാനസർക്കാരിന്റെ ലൈഫ് മിഷൻ ഇക്കാര്യത്തിൽ വിദേശ സംഭാവന നിയന്ത്രണനിയമം ലംഘിച്ചില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതിനെത്തുടർന്നാണ് സർക്കാർ ഹർജി ഫയൽ ചെയ്തതും ലൈഫ് മിഷനെതിരായ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതും. നിയമത്തിന്റെ പരിധി വിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ മാറിയാൽ അതിൽ നിയമപരമായ പരിഹാരം തേടുന്നതിൽ എന്ത് പാകപ്പിഴയാണുള്ളതെന്ന് ആർക്കുമിതുവരെ പറയാനായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |