കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായ ഐ ഫോണുകളിലൊന്ന് ശിവശങ്കറിന്റെ കൈയിൽ. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ കിട്ടാൻ സ്വപ്‌ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്നാണ് ശിവശങ്കർ ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലൈഫ് മിഷൻ പദ്ധതികളുടെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ.
4.48 കോടി രൂപയാണ് ലൈഫ് മിഷൻ പദ്ധതിയുടെ കരാറിന് സ്വപ്‌ന കൈപ്പറ്റിയത്. ഇതു കൂടാതെ അഞ്ച് ഐഫോണുകളും സ്വപ്‌ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിലൊരു ഫോൺ ലഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കാണെന്ന ആരോപണം രാഷ്ട്രീയ വിവാദവുമായിരുന്നു.
ശിവശങ്കർ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളുടെ ഐ എം ഇ ഐ നമ്പറുകൾ കോടതിയിൽ ഇ ഡി സമർപ്പിച്ചപ്പോഴാണ് അതിലൊന്ന് യൂണിടാക് നൽകിയതാണെന്ന് വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില. സ്വപ്‌നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പൻ കൈമാറിയ ആറ് ഫോണുകളിൽ 1.14 ലക്ഷം രൂപയുടെ ഐഫോൺ ആർക്കു ലഭിച്ചുവെന്നതാണ് ബാക്കിയാകുന്ന മറ്റൊരു ചോദ്യം. 353829104894386 എന്ന ഐ എം ഇ ഐ നമ്പറുളള ഈ ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങി.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സി ബി ഐ കേസിലും ഇനി ശിവശങ്കറിനെ ചോദ്യം ചെയ്യും. ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണ് സന്തോഷ് ഇൗപ്പന്റെ മൊഴിയെങ്കിലും ഫോൺ കൈമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണ് സി ബി ഐ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |