ബംഗളുരു: മയക്കുമരുന്ന് കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് അന്വേഷണ റിപ്പോർട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കി. ഇന്നലെ അറസ്‌റ്റിലായ ബിനീഷിനെ കസ്‌റ്റഡിയിൽ ലഭിക്കാൻ ഇ.ഡി ബംഗളുരു സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരമുളളത്. അനൂപിന്റെ ബോസാണ് ബിനീഷ് കോടിയേരിയെന്നും ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും പലതവണയായി മൂന്നര കോടി രൂപയോളം അനൂപ് മുഹമ്മദിന് ബിനീഷ് കൈമാറിയിട്ടുണ്ടെന്നും ഇ.ഡി പറയുന്നു.
ബംഗളുരുവിൽ റസ്‌റ്റോറന്റ് നടത്തിയത് ബിനീഷിന്റെ ബിനാമിയായാണ്. വലിയ സാമ്പത്തിക ഇടപാടുകൾ ഇവർ തമ്മിലുണ്ടെന്ന് ഇ.ഡിയോടും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയോടും അനൂപ് മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. 17ആം തീയതി മുതൽ 21 വരെ കസ്‌റ്റഡിയിലെടുത്ത് അനൂപിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. അനൂപ് പറഞ്ഞ മൊഴിയെക്കുറിച്ച് വ്യക്തത വരുത്താനാണ് കഴിഞ്ഞ 6ന് ബിനീഷിനെ ചോദ്യം ചെയ്‌തതെന്നും പിന്നീട് ബാങ്ക് രേഖകളിലെ വിവരങ്ങൾ ഉപയോഗിച്ച് ബിനീഷിനെ ചോദ്യം ചെയ്‌തപ്പോൾ സഹകരിക്കാൻ ബിനീഷ് തയ്യാറായില്ലെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടാണ് അറസ്‌റ്റ് ചെയ്‌തത്. ബിനീഷിനെ കസ്‌റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |