ഇടുക്കി: അഞ്ച് അടി പൊക്കം, കറുത്ത നിറം, മുട്ടോളം നീളമുള്ള ഒറ്റമുണ്ട്, കാൽപ്പാദം വരെ നീണ്ട ജട പിടിച്ച മുടി, കൈയിൽ ഊന്ന് വടി. ഇതായിരുന്നു ഇടുക്കി ഡാമിന്റെ വഴികാട്ടി എന്നറിയപ്പെടുന്ന ഊരാളി ഗോത്ര തലവൻ കരുവെള്ളയാൻ ചെമ്പൻ കൊലുമ്പൻ. കൊലുമ്പൻ മരിച്ച് അമ്പത് വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഇടുക്കിയിൽ കൊലുമ്പൻ സമാധി സ്മാരകം ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. 1932ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു ജെ. ജോൺ നായാട്ടിനായി കാട്ടിൽ എത്തിയപ്പോഴാണ് കൊലുമ്പനെ കണ്ടുമുട്ടുന്നത്. കുറവൻ- കുറത്തി മലകൾക്കിടയിൽ അണക്കെട്ടിന് അനുയോജ്യമായ സ്ഥലം ജോണിന് കാണിച്ചുകൊടുത്തു. ആ മല ഇടുക്കിൽ അണക്കെട്ട് പണിതാൽ വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താമെന്ന് ജോണിന് ബോദ്ധ്യമായി. അങ്ങനെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമിന്റെ പിറവി. ആദ്യ ഘട്ടത്തിൽ എല്ലാ പ്രധാന ചടങ്ങുകളിലും ആദരിക്കപ്പെടുകയും ഹൈ കമ്മിഷണറോടൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. പദ്ധതി കമ്മിഷൻ ചെയ്യുന്നതു കാണാനാകാതെ 1970 ജൂൺ 21ൽ തന്റെ 112-ാം വയസിലാണ് കൊലുമ്പൻ വിടപറഞ്ഞത്. അന്നത്തെ സേവനങ്ങൾക്കു പ്രത്യുപകാരമായി അവസാനകാലത്ത് 60 രൂപ പെൻഷൻ കെ.എസ്.ഇ.ബി നൽകിയിരുന്നു. കൊലുമ്പന്റെ കാലശേഷം മകന് 40 രൂപ പെൻഷൻ അനുവദിച്ചിരുന്നെങ്കിലും കാലക്രമേണ അതു നിറുത്തലാക്കി. കൊലുമ്പന്റെ പൗത്രി പൊൻമാലയ്ക്ക് കെ.എസ്.ഇബി സ്വീപ്പർ തസ്തികയിൽ വാഴത്തോപ്പിൽ ജോലി നൽകിയിരുന്നു. 20 വർഷം മുമ്പ് ഇവർ സർവീസിൽ നിന്ന് വിരമിച്ചതോടെ കൊലുമ്പന്റെ പിൻമുറക്കാർക്കുള്ള സർക്കാർ സഹായവും നിലച്ചു. ഇടുക്കി-ചെറുതോണി അണക്കെട്ടുകൾക്ക് അഭിമുഖമായി വെള്ളാപ്പാറയിലാണ് കൊലുമ്പനെ സംസ്‌കരിച്ചത്.
അർഹതയ്ക്കുള്ള അംഗീകാരം
കൊലുമ്പന്റെ പിൻമുറക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. വെള്ളാപ്പാറയിലെ സ്മാരകത്തിൽ കരിങ്കല്ലിൽ തീർത്ത കൊലുമ്പന്റെ അഞ്ചേമുക്കാൽ അടി പൊക്കമുള്ള വെങ്കല പ്രതിമയാണ് പ്രധാന ആകർഷണം. സമാധിക്ക് സമീപം 20 അടി പൊക്കമുള്ള സിമന്റിൽ തീർത്ത മരവും അതിൽ ഒരു ഏറുമാടത്തിന്റെ മാതൃകയും ചെയ്തിട്ടുണ്ട്. അതിനു ചുറ്റും സിമന്റിൽ തീർത്ത ആന, പുലി, മാൻ എന്നിവയുടെ ശില്പം നിർമ്മിച്ചിട്ടുണ്ട്. 1976ൽ ഇടുക്കി ജലവൈദ്യുതി പദ്ധതി കമ്മിഷൻ ചെയ്തതിനോടനുബന്ധിച്ച് ഡാമിനോട് ചേർന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിർമ്മിച്ച ശില്പി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശില്പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |