തിരുവനന്തപുരം: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതുമായി ബന്ധപ്പെട്ട് എന്താണ് അന്വേഷണ ഏജൻസിയുടെ കൈയിലുള്ളത് എന്നറിയാതെ അതുസംബന്ധിച്ച് ഒന്നും പറയാൻ ആകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
'ഏന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് നേരിടുന്നതിന് നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ സ്വാഭാവികമായും ആ കുടുംബം(ബിനീഷിന്റെ) സ്വീകരിക്കുകയും ചെയ്യും. അക്കാര്യത്തിൽ നമ്മുക്കിപ്പോൾ ഉറപ്പിച്ചൊന്നും പറയാനാകില്ല. അന്വേഷണ ഏജൻസി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അപ്പോൾ അവരുടെ കയ്യിൽ എന്താണ് ഉള്ളതെന്ന് അറിയാത്ത ഒരു കൂട്ടർ അതിനെപ്പറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല'-മുഖ്യമന്ത്രി വ്യക്തമാക്കി.
വികസനം തടയുക എന്നതിനപ്പുറം അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് തോന്നുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏജൻസിയുടെ കൈയിൽ എന്താണുള്ളതെന്ന് അറിയാൻ കഴിയാത്ത സാഹചര്യത്തിൽ അത് സംബന്ധിച്ചുള്ള ഒരു കമന്റിലേക്ക് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം സി.പി.എം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സർക്കാരിനും സമാനമായ നിലപാടാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ഇ.ഡി ഹാജരാകാൻ ആവശ്യപ്പെട്ടതിൽ ആശങ്കയേതുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |