കൊച്ചി: സ്വർണക്കടത്ത് കേസിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യരുടെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ. കസ്‌റ്റഡിയിലുളള ശിവശങ്കറിനൊപ്പമിരുത്തിയാണ് വേണുഗോപാലിനെ ചോദ്യം ചെയ്‌തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയും മൊഴികൾ തമ്മിൽ മുൻപ് വലിയ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇതിന്റെ വിവരങ്ങൾ അറിയാനാണ് ചോദ്യം ചെയ്യൽ.
ശിവശങ്കർ തന്റെ ദീർഘനാളായുളള സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞിട്ടാണ് പണമിടപാടിൽ ഇടപെട്ടതെന്നും വേണുഗോപാൽ മൊഴി നൽകിയതായാണ് വിവരം. സ്വപ്‌ന നിക്ഷേപിക്കാനായി ആദ്യം കൊണ്ടുവന്നത് 34 ലക്ഷം രൂപയാണെന്ന് വേണുഗോപാൽ പറഞ്ഞു. 30 ലക്ഷം രൂപയാണെന്നാണ് മുൻപ് ശിവശങ്കർ നൽകിയ മൊഴിയിലുണ്ടായിരുന്നത്.
സ്വപ്‌ന സുരേഷ് തന്റെ സുഹൃത്താണെന്നും അവരുടെ കുറച്ച് പണം ബാങ്കിൽ വയ്ക്കണമെന്നും ശിവശങ്കർ പറഞ്ഞിരുന്നു. സ്വപ്‌ന കൊണ്ടുവന്ന പണം താനും സ്വപ്‌നയും ഒരുമിച്ച് പോയാണ് ബാങ്ക്ലോക്കറിൽ വച്ചതെന്ന് വേണുഗോപാൽ പറഞ്ഞു. കൊണ്ടുവന്ന പണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും എല്ലാം സ്വപ്‌നയും വേണുഗോപാലും തമ്മിലാണ് ഡീൽ ചെയ്‌തതെന്നായിരുന്നു മുൻപ് എൻഫോഴ്‌സ്‌മെന്റിന് ശിവശങ്കർ നൽകിയ മൊഴി. എന്നാൽ വേണുഗോപാൽ കൊടുത്ത മൊഴി ഇതിന് വിരുദ്ധമാണ്. ഓരോ തവണയും സ്വപ്‌ന പണം എടുത്തിരുന്നത് കൃത്യമായി ശിവശങ്കറിനെ അറിയിച്ചിരുന്നു. ലോക്കർ പൂട്ടണം എന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സ്വപ്‌നയെ അറിയിക്കാം എന്ന മറുപടിയാണ് ശിവശങ്കർ നൽകിയത്. സ്വപ്‌ന തന്റെ കുറച്ച് സ്വർണം ലോക്കറിലുണ്ടെന്നും അത് താൻ പിന്നീട് എടുത്തുകൊളളാമെന്ന് അറിയിച്ചെന്നും ചാർട്ടേർഡ് അക്കൗണ്ടന്റ് മൊഴി നൽകി. എന്നാൽ കേസുമായി ബന്ധപ്പെട്ട് വേണുഗോപാലിനെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് നിലവിൽ എൻഫോഴ്‌സ്‌മെന്റ് വിലയിരുത്തുന്നത്. കേസിലെ പ്രധാനസാക്ഷിയായി ഇദ്ദേഹം മാറാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |