തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ യഥാർത്ഥ ചിത്രമാണ് ഇഡി പുറത്തുകൊണ്ടുവരുന്നതെന്നും കേരളം ഞെട്ടുന്ന വാർത്തകളാണ് ഓരോദിവസവും പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കസ്റ്റംസിനെ വിളിച്ചിരുന്നു. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് കളളം പറയുകയാണ്. സ്വപ്നയുടെയും കൂട്ടരുടെയും ദേശവിരുദ്ധപ്രവർത്തനങ്ങൾ ശിവശങ്കറിന് അറിയാമായിരുന്നു. ഇവരുടെ അധോലോക പ്രവർത്തനങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപപ്പെടുത്തുന്ന ഓരോ വികസന പ്രവർത്തനങ്ങളും ഈ അധോലാേക സംഘത്തിന് രഹസ്യമായി ലഭിച്ചിരുന്നു. അതിന് പിന്നിൽ ശിവശങ്കറായിരുന്നു'- ചെന്നിത്തല പറഞ്ഞു.
'ലൈഫ് പദ്ധതിയും കെ ഫോൺ പദ്ധതിയുമെല്ലാം സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുളള ഒരു കൂട്ടുകച്ചവടമായി മാറി. ലൈഫ് പദ്ധതിയിലെ കമ്മീഷനടക്കമുളള എല്ലാ കാര്യങ്ങളും ശിവശങ്കറിന്റെ അറിവോടെയാണെന്ന് വ്യക്തമായിരിക്കുകയാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്നു എന്നുപറഞ്ഞ് പാർട്ടി അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിറുത്തിയതിന്റെ യഥാർത്ഥ കാരണം ഇപ്പോഴാണ് വ്യക്തമായത്. നേതാക്കൾക്ക് കമ്മിഷൻ കിട്ടുന്ന ഏർപ്പാട് മുടക്കിയതുകൊണ്ടാണ് അദ്ദേഹത്തോട് ഇത്രയധികം വിരോധം ഉണ്ടായത്. പിണറായിയും കോടിയേരിയും പരസ്പരം പിന്താങ്ങുന്നത് പലതും ഒളിക്കാനുള്ളതിനാലാണ്. മന്ത്രിസഭ തന്നെ സമരത്തിന് തെരുവിലിറങ്ങുന്നത് വിരോധാഭാസമാണ്'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |