ന്യൂഡൽഹി : ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കും വാർത്താപോർട്ടലുകൾക്കും സർക്കാർ നിയന്ത്രണമേർപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം ഇന്നുണ്ടായി. കേന്ദ്രവാർത്താ വിതരണ മന്ത്രാലയത്തിന് കീഴിൽ ആമസോൺ, നെറ്റ് ഫ്ളിക്സ് തുടങ്ങിയ ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ പ്രദർശനങ്ങൾ മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഇതിനൊപ്പം രാജ്യത്തെ ഓൺലൈൻ മാദ്ധ്യമങ്ങളെയും ചട്ടക്കൂടുകൾക്കുള്ളിലാക്കുവാനുള്ള സുപ്രധാന തീരുമാനമാണ് കേന്ദ്രം എടുത്തത്. എന്നാൽ ഏത് രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
ആർക്കും തുടങ്ങാം വാർത്ത പോർട്ടലുകൾ
ഓൺലൈൻ മാദ്ധ്യമങ്ങൾ ആരംഭിക്കുന്നതിന് നിലവിൽ രാജ്യത്ത് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മിക്ക ഓൺലൈൻ മാദ്ധ്യമങ്ങളിലും അതിന്റെ സ്ഥാപകരെ കുറിച്ചോ, ബന്ധപ്പെടാനുള്ള അഡ്രസുപോലും ഉണ്ടാകില്ല. വ്യാജ വാർത്തകൾ, മതസ്പർദ്ധയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നു. ഈ കാരണത്താൽ സമൂഹ മാദ്ധ്യമങ്ങൾക്ക് മേൽ കോടിതിയുൾപ്പടെ നിയന്ത്രണങ്ങൾ വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോഴും ഓൺലൈൻ വാർത്ത പോർട്ടലുകൾ ഒഴിവാക്കപ്പെട്ടിരുന്നു. മാദ്ധ്യമപ്രവർത്തനമെന്ന മേഖലയിലേക്ക് മുൻപരിചയമൊന്നുമില്ലാതെ കുറഞ്ഞ മുതൽമുടക്കിൽ ആർക്കും ആരംഭിക്കാവുന്ന ഒന്നായി ഓൺലൈൻ മീഡിയകൾ മാറുകയും ചെയ്തു.
വിദേശത്ത് നിന്നും പ്രവർത്തിക്കുന്ന നിരവധി സംരംഭങ്ങൾ ഇതിലുണ്ട്. രാജ്യതാത്പര്യങ്ങളെയും, വ്യക്തിഹത്യയും നടത്തുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നേരെ പരാതി നൽകിയാലും കൃത്യമായ ചട്ടക്കൂടിനുള്ളിൽ നിയമസംവിധാനങ്ങളിൽ പ്രതിപാദിക്കാത്തതിനാൽ ശക്തമായ നടപടികൾ എടുക്കുവാനും അധികാരികൾക്ക് കഴിയുമായിരുന്നില്ല. അടുത്തിടെ മതവിദ്വേഷം കലർന്ന പരിപാടി സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ഒരു സ്വകാര്യ ചാനലിനെ വിലക്കിയപ്പോൾ സുപ്രീം കോടതിയും ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്.
വാർത്താ വെബ്‌സൈറ്റുകൾ രജിസ്റ്റർ ചെയ്ത് മാത്രമേ ഇനി പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. പത്രങ്ങളും ചാനലുകളും പ്രവർത്തിക്കുന്നത് പോലെ വാർത്ത വിതരണ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് കരസ്ഥമാക്കേണ്ടി വരികയും ചെയ്യും. ഇതിനൊപ്പം ഉള്ളടക്കത്തിൽ പരാതിയുള്ള പക്ഷം വായനക്കാരന് നിശ്ചിത ഫോറങ്ങളിൽ പരാതി നൽകുവാനുമുള്ള സംവിധാനം ഇതിനൊപ്പം ഒരുങ്ങും.
തലവേദനയായത് ഒ ടി ടി
കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിൽ തിയേറ്ററുകളടക്കം അടഞ്ഞതോടെയാണ് യുവജനം വിനോദത്തിനായി മൊബൈലുകളിൽ ഒ ടി ടി പ്ലാറ്റ് ഫോമിലേക്ക് വൻ തോതിൽ എത്തപ്പെട്ടത്. ആമസോൺ, നെറ്റ് ഫ്ളിക്സ് തുടങ്ങിയ ഒ ടി ടി പ്ലാറ്റ് ഫോമുകൾ വളരെ നാളായി പ്രവർത്തിക്കുന്നുവെങ്കിലും അടുത്ത കാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പോലും ഒ ടി ടി റിലീസിംഗ് ആരംഭിച്ചതോടെയാണ് ജനം ഇടിച്ചുകയറാൻ ആരംഭിച്ചത്. സിനിമ റിലീസിനൊപ്പം വെബ് സീരീസുകളും ഒ ടി ടിയിൽ പ്രദർശനത്തിനെത്തിയതോടെയാണ് പരാതികളും ഏറിയത്. സെൻസറിംഗ് ഇല്ലാതെ ലൈംഗിക രംഗങ്ങളും, അശ്ളീല രംഗങ്ങളുമുള്ള പരിപാടികൾ നിരന്തരം ഒ ടി ടിയിൽ പ്രദർശനത്തിനെത്തുന്നതും പരാതിക്കിടയാക്കി. പരാതികൾ കുന്നുകൂടിയതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ടുവെന്നാണ് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |