കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ അഴിമതിയിൽ ലഭിച്ച കള്ളപ്പണം മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ബാങ്കിൽ നിക്ഷേപിച്ചെന്നും പിന്നീട് വരുമാനത്തിലേക്ക് ക്രമപ്പെടുത്തിയെന്നും വിജിലൻസ് കണ്ടെത്തി. എറണാകുളം മാർക്കറ്റ് റോഡിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടിലാണ് പത്തു കോടി രൂപയുണ്ടായിരുന്നത്. വിജിലൻസിന്റെ ചോദ്യംചെയ്യലിൽ ഈ പണം മുസ്ളീംലീഗ് മുഖപത്രത്തിന്റെ വരിസംഖ്യയെന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മൊഴി.
പിന്നീട് ആദായനികുതി വകുപ്പിനോട് കള്ളപ്പണമാണെന്ന് സമ്മതിക്കുകയും പിഴയടച്ച് തുക വരുമാനത്തിലേക്ക് ക്രമപ്പെടുത്തിയെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു.
വരുമാനത്തിൽ കവിഞ്ഞ തുക ക്രമപ്പെടുത്താൻ ആദായനികുതി വകുപ്പ് ചില സ്കീമുകൾ പ്രഖ്യാപിക്കാറുണ്ട്. നിശ്ചയിക്കുന്ന പിഴത്തുക തവണകളായി അടയ്ക്കാം. ഈ ആനുകൂല്യം ഇബ്രാഹിംകുഞ്ഞ് പ്രയോജനപ്പെടുത്തിയെന്നാണ് വിജിലൻസിന്റെ നിഗമനം.
പാർട്ടി ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കുന്നുണ്ട്. ഈ കേസിലും ചോദ്യംചെയ്യലിന് വിധേയനായിരുന്നു.
പണം ക്രമപ്പെടുത്തിയെടുക്കാൻ ആദായനികുതി വകുപ്പുമായി നടത്തിയ ആശയവിനിമയത്തിന്റെ രേഖകൾ ഇബ്രാഹിംകുഞ്ഞിന്റെ വസതിയിൽനിന്ന് വിജിലൻസിന് ലഭിച്ചു. ഈ രേഖകളിലൂടെയുള്ള അന്വേഷണമാണ് ബാങ്കിലെ പണത്തിലേക്ക് എത്തിയത്.
അഴിമതി നടത്തി ലഭിച്ച പണം നാലാം പ്രതിയായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജും മകനും ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |