SignIn
Kerala Kaumudi Online
Wednesday, 09 July 2025 9.06 AM IST

നന്നായി പഠിക്കാൻ വേണം നല്ല ആരോഗ്യം

Increase Font Size Decrease Font Size Print Page
student-

കുട്ടികൾക്ക് പരീക്ഷയടുക്കുമ്പോൾ എല്ലാ രക്ഷിതാക്കളും അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്; നല്ലപോലെ പഠിക്കാൻ എന്തുവേണം? പരീക്ഷയ്ക്കായി പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നതാണ് യാഥാർത്ഥ്യം. പരീക്ഷയിൽ നല്ല മാർക്ക് നേടണമെങ്കിൽ വളരെ മുമ്പ് തന്നെ കരുതലോടെയുള്ള പഠനവും നല്ല ആരോഗ്യവും ആവശ്യമാണ്. അതായത്,​ നന്നായി ജയിക്കണമെങ്കിൽ തുടക്കം മുതൽ ശ്രമിച്ചു തുടങ്ങണം എന്നർത്ഥം.

ഒരാളിന് നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ ആയുർവേദത്തിലൂടെ സാധിക്കും. കാരണം,​ രോഗമില്ലാത്തവരിൽ ആരോഗ്യസംരക്ഷണത്തിന് വേണ്ടി ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന ശാസ്ത്രമാണ് ആയുർവേദം. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കാം. ശരിയായ തിരിച്ചറിവും നല്ല ശീലവുമുണ്ടെങ്കിൽ രോഗം വരാതിരിക്കാനും നിലവിലെ രോഗങ്ങൾ വർദ്ധിക്കാൻ സാധിക്കും.

എപ്പോൾ പഠിക്കണമെന്നതും എപ്പോൾ ഉണരണമെന്നതും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. ബ്രാഹ്മമുഹൂർത്തത്തിലാണ് ഉണരേണ്ടത്. ബ്രാഹ്മമുഹൂർത്തം എന്നാൽ വിദ്യാസമ്പാദത്തിന് ഏറ്റവും അനുയോജ്യമായ സമയം. ലോകത്തുള്ള സകല ജീവജാലങ്ങൾക്കും ഏറ്റവും കൂടുതൽ വികാസം സംഭവിക്കുന്ന സമയമാണത്. അത് ബുദ്ധിവികാസത്തിനും അത്യുത്തമം. രാവിലെ ആറ് മണിക്കാണ് സൂര്യൻ ഉദിക്കുന്നതെങ്കിൽ ഏകദേശം നാലര മണിയാണ് ഉണരേണ്ട സമയം. അതായത് സൂര്യനുദിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ്. ആ സമയത്ത് കൂടുതൽ ശ്രദ്ധ കിട്ടുന്നതിനാൽ കുറച്ചു സമയം കൊണ്ട് കൂടുതൽ പഠിക്കുവാൻ സാധിക്കും. മാത്രമല്ല ദിവസം മുഴുവൻ ഉൻമേഷം നിലനിർത്തുന്ന വിധം ക്ഷീണമകറ്റാനും ഇത് നല്ലതാണ്.

രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ക്ഷീണമില്ലാതെ ഉണർന്നെഴുന്നേൽക്കണമെങ്കിൽ രാത്രി പത്തരയ്ക്കെങ്കിലും ഉറങ്ങണം. ചെറിയ കുട്ടികൾ കുറച്ചുകൂടി നേരത്തെ ഉറങ്ങണം. ഏകദേശം ആറുമണിക്കൂർ സുഖമായി ഉറങ്ങണം. കുട്ടികൾക്ക് കുറച്ചുകൂടിയാകുന്നതിൽ തെറ്റില്ല.

ഉറക്കം പതിവിലും കുറഞ്ഞു പോയാൽ കുറച്ചുകൂടി ഉറങ്ങണം. എന്നാൽ, അതിന് എപ്പോഴും സാധിച്ചുവെന്ന് വരില്ല. ആയതിനാൽ കൃത്യസമയത്ത് രാത്രിയിൽ ഉറങ്ങി ശീലിക്കണം.

കഴിച്ച ആഹാരം ഒരുവിധം ദഹിച്ചശേഷം മാത്രം ഉറങ്ങാൻ കിടക്കുക. രാത്രിയിൽ അധികമായി വെള്ളം കുടിക്കരുത്. ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കരുത്. ആവിയിൽ വേവിച്ചതോ എണ്ണ കുറവുള്ളതോ ആയ സസ്യാഹാരമാണ് രാത്രിയിൽ നല്ലത്.

രാത്രിയിൽ ഉറക്കമൊഴിയുന്നത് ദഹനത്തെയും ഉറക്കത്തെയും പഠനത്തെയും ബാധിക്കും. ഇവ അസുഖത്തിന് കാരണമാകും.

തല നനയ്ക്കാതെ ദേഹം മാത്രമായി കുളിക്കരുത്. വളരെ തണുത്ത വെള്ളത്തിൽ കുളിക്കരുത്. ചൂടുവെള്ളം തലയിൽ ഒഴിക്കരുത്. രോമകൂപങ്ങൾക്ക് പ്രതിലോമമായി സോപ്പ് തേയ്ക്കരുത്. കയ്യിൽ വച്ച് സോപ്പ് പതച്ച ശേഷം പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ് നല്ലത്. ആഹാരം കഴിച്ചശേഷം കുളിക്കരുത്. ഏകാഗ്രതയോടെ പഠിക്കുന്നതും യോഗ ശീലിക്കുന്നതും ബുദ്ധിയെ വർദ്ധിപ്പിക്കും.

പഠിച്ചത് ആവർത്തിച്ചു പഠിക്കുക. ആഹാരത്തിന്റെ കൂടെ നെയ്യ് ഉൾപ്പെടുത്തുക.

പഠിക്കാൻ പ്രത്യേക സ്ഥലം ഉപയോഗിക്കുക. ബ്രഹ്മീഘൃതം, സാരസ്വതഘൃതം, സാരസ്വതാരിഷ്ടം തുടങ്ങിയവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുന്നത് നല്ലതാണ്. ബ്രഹ്മിയുടെ നീര് ദിവസവും രാവിലെ 5 മില്ലി വീതം കഴിക്കുക. വായിക്കുമ്പോൾ പുസ്തകം കണ്ണിൽ നിന്ന് 25 സെൻറീമീറ്റർ അകലെ പിടിക്കുക

മുകളിലെ കൺപോള പകുതി അടച്ച് താഴേക്ക് നോക്കി വായിക്കാവുന്ന വിധത്തിൽ പുസ്തകം പിടിക്കുക. അക്ഷരങ്ങൾക്കും വാക്കുകൾക്കുമൊപ്പം തല ചലിപ്പിച്ച്, വായിച്ചു കഴിഞ്ഞ അക്ഷരങ്ങളോ വാക്കുകളോ പിന്നെയും കാണുവാൻ ശ്രമിക്കാത്ത വിധത്തിൽ ആയാസരഹിതമായി വായിക്കുക

വ്യക്തമായ പ്രിന്റ്, അക്ഷരങ്ങളുടെ വലിപ്പം, ലാമിനേറ്റഡ് പേജുകളുടെ ഗ്ലെയർ ഇവ അനുകൂലമായ പുസ്തകങ്ങൾ മാത്രം വായിക്കുക. തീരെ കുറഞ്ഞതും വളരെ കൂടിയതുമായ പ്രകാശം പാടില്ല. വായിക്കുന്ന ആളുടെ പിറകിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റിന്റെ പ്രതിബിംബം പുസ്തകത്തിനുമേൽ ഒരു മുഖം നോക്കുന്ന കണ്ണാടി വച്ചാൽ, അതിൽ കാണാത്തവിധം പുസ്തകം പിടിക്കുക.

ടിവി അധികമായി കാണരുത്. വളരെ വേഗത്തിലുള്ള സീനുകളും മിന്നിമറയുന്ന പ്രകാശവും കണ്ണുകൾക്ക് വളരെ ആയാസം ഉണ്ടാക്കും. കണ്ണട ഉപയോഗിക്കേണ്ടവർ ഇടയ്ക്കിടെ അവ ഒഴിവാക്കുന്നത് നല്ലതല്ല. കുറച്ചുനേരം വായിച്ചശേഷം അൽപനേരം കണ്ണടച്ച് ഇരിക്കുന്നതും വായിൽ വെള്ളം നിറച്ചശേഷം കണ്ണ് കഴുകുന്നതും നല്ലതാണ്.

തലയിൽ തേയ്ക്കുന്ന എണ്ണ ഉള്ളംകാലിൽ കൂടി പുരട്ടുന്നത് നല്ലതാണ്. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിച്ചേ മതിയാകൂ

കുട്ടികളുടെ തലവേദനയ്ക്ക് പ്രധാനകാരണം കാഴ്ചക്കുറവായിരിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കമിളപ്പ് , കിടന്നുള്ള വായന, അമിതമായ ടിവി കാണൽ, മൊബൈൽ ഉപയോഗിക്കൽ, ടെൻഷൻ എന്നിവയും തലവേദനയ്ക്ക് കാരണമാകാറുണ്ട്. ശരിയായി നിവർന്നിരുന്ന് വായിക്കുവാനും എഴുതാനും ശീലിക്കുക. വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വായിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നല്ലതല്ല.

പ്രഭാത ഭക്ഷണം പ്രധാനം

മനുഷ്യന്റെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണമാണ്. പ്രഭാതഭക്ഷണത്തിന് സ്വഭാവരൂപീകരണത്തിൽ ഏറെ പങ്കുണ്ട് . അതിനാൽ അത് ഒഴിവാക്കരുത്. വെറുംവയറ്റിൽ ചായയോ കാപ്പിയോ മാത്രമായി കുടിക്കരുത്. ബിസ്ക്കറ്റ്, ബ്രെഡ് എന്നിവയും വെറും വയറ്റിൽ നല്ലതല്ല. ജങ്ക് ഫുഡ്സ്, കോള, ടിൻ ഫുഡ്സ്, കവർ പലഹാരങ്ങൾ, മൈദ, ഡാൽഡ എന്നിവ പരമാവധി ഒഴിവാക്കണം.

നിറമുള്ളതും ബേക്കറി സാധനങ്ങളും പ്രിസർവേറ്റീവ് ചേർത്തവയും നല്ലതല്ല. ഇവയൊക്കെ രോഗത്തെ ഉണ്ടാക്കുന്നവയും പഠനത്തിലുള്ള ശ്രദ്ധ നശിപ്പിച്ചുകളയുന്നവയുമാണ്.

വിശപ്പില്ലാത്ത സമയത്തും അമിതമായും കഴിച്ച ആഹാരം ദഹിക്കുന്നതിനു മുമ്പും വീണ്ടും ഭക്ഷിക്കരുത്. ഭക്ഷണത്തിന് രുചിക്കുറവുള്ളവർ മാത്രമേ അച്ചാർ ,തൈര് എന്നിവ ഉപയോഗിക്കാവൂ. എന്നാൽ, രാത്രിയിൽ പ്രത്യേകിച്ച് നിത്യവും തൈര് കഴിക്കാൻ പാടില്ല.

സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണത്തിൽ സ്ഥിരമായി അച്ചാറും മുട്ടയും പാടില്ല. ടിഫിൻ ബോക്സിൽ മുക്കാൽ ഭാഗം മാത്രം ആഹാരം നിറയ്ക്കുക. ബാക്കിയുള്ള ഭാഗം വായുസഞ്ചാരം ഉണ്ടായിരിക്കട്ടെ.

ചൂടുള്ള വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ സൂക്ഷിക്കരുത്. അതിന് സ്റ്റീൽ പാത്രമാണ് നല്ലത്. ഏറെ തണുത്തതും നല്ല ചൂടുള്ളതുമായ ഭക്ഷണം ഒഴിവാക്കണം.

ശരിയായ ദഹനത്തിന് ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കുന്നതാണ് നല്ലത്. മെലിഞ്ഞവർ ഭക്ഷണത്തിനു ശേഷവും വണ്ണമുള്ളവർ ഭക്ഷണത്തിനു മുമ്പും വെള്ളം കുടിക്കണം.ആഹാരം കഴിച്ച ഉടനെ ഓടിക്കളിക്കാൻ പാടില്ല. ഇവയെല്ലാം ശ്രദ്ധിച്ച് ഇപ്പോഴേ തുടങ്ങിയാൽ നല്ല ആരോഗ്യത്തോടെ പഠിക്കാനും പരീക്ഷയെഴുതാനും ഉന്നത വിജയം കരസ്ഥമാക്കുവാനുംകഴിയും.

TAGS: HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.