കുറ്റ്യാടി: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ കായക്കൊടി പഞ്ചായത്തിൽ മുന്നണികൾ തമ്മിലുള്ള പതിവ് പോരിനും അങ്കം കുറിച്ചു. വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തി കഴിഞ്ഞ ഭരണ മുന്നണി വോട്ടർമാരെ സമീപിക്കുമ്പോൾ ഭരണ പരാജയം ചൂണ്ടിക്കാട്ടി ഭരണത്തിലെത്താനുള്ള കച്ചമുറുക്കുകയാണ് പ്രതിപക്ഷം. നാടിന്റെ സമഗ്രവികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഏറെ മുന്നോട്ടുപോയ ഒരു ഭരണകാലമാണ് പിന്നിട്ടതെന്ന അവകാശമാണ് ഭരണ കക്ഷികൾ ഉന്നയിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന് പുറമെ ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം കൂടി നേടുന്നതിനും നടപ്പിലാക്കുന്നതിനും സാധിച്ചുവെന്ന് ഭരണപക്ഷം സ്ഥാപിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വികസന നയം ഗ്രാമപഞ്ചായത്തിന്റെ സുപ്രധാനമായ ചില പദ്ധതികൾ നടപ്പിലാക്കുന്നതിന് സഹായിച്ചു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് നേരിയ പ്രതീക്ഷ പോലുമില്ലാത്ത 148 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീടു വച്ചുനൽകി. സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കാൻ വ്യക്തിഗതമായ ആനുകൂല്യങ്ങൾ അനുവദിച്ചുള്ള പദ്ധതികൾ നടപ്പിലാക്കി. ആരോഗ്യമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമാക്കി കായക്കൊടി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. നിടുമണ്ണൂരിലെ ഹോമിയോ ഡിസ്‌പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിച്ചു. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് കീഴിൽ എം.ആർ.എഫ് സെന്ററുകൾ സ്ഥാപിച്ചു. ക്ലീൻ ഗ്രീൻ കായക്കൊടി പദ്ധതിയിലൂടെ മാലിന്യ സംസ്‌ക്കരണ രംഗത്ത് മുന്നേറാനായി. ഹരിത കേരളം മിഷനിലൂടെ കാർഷിക മേഖല കുതിച്ചു. തരിശ് നിലങ്ങളിൽ കൃഷി, 50 ലക്ഷം രൂപയുടെ കേരഗ്രാമം പദ്ധതികൾ നടപ്പിലാക്കി. കൂടാതെ കൃഷിയിലേക്ക് ആകർഷിക്കാൻ വ്യക്തിഗത ആനുകൂല്യങ്ങളും ലഭ്യമാക്കി. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വിവിധ പദ്ധതികൾ നടപ്പിലാക്കി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് അംഗനവാടികളെല്ലാം സ്മാർട്ടാക്കി.
പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ വികസനം തൊണ്ണൂറ് ശതമാനവും സാദ്ധ്യമാക്കി. ഓതേനാണ്ടി പാലം, മൂരിപ്പാലം ഉൾപ്പെടെ നിരവധി പാലങ്ങൾ പുതുക്കിപണിതു. കരണ്ടോട് സാംസ്‌കാരിക നിലയം നിർമ്മാണത്തിനായി 50 ലക്ഷവും അനുവദിച്ചു. ഇങ്ങനെ പോകുന്നു ഭരണപക്ഷം എടുത്തുകാട്ടുന്ന നേട്ടങ്ങൾ.
അതെസമയം കോടികൾ നഷ്ടപ്പെടുത്തിയ ഭരണമായിരുന്നു അഞ്ചുവർഷം കായക്കൊടിയിൽ ഉണ്ടായതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. യഥാസമയം കരാർ നടപടികൾ സ്വീകരിക്കാതെയും സ്വീകരിച്ചവ സമയബന്ധിതമായി പൂർത്തീകരിക്കാതെയും സർക്കാർ നൽകിയ പദ്ധതി വിഹിതത്തിൽ നിന്ന് ആറ് കോടി രൂപയാണ് നഷ്ടപ്പെടുത്തിയതെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിക്കുന്നു. പ്രതിപക്ഷ ബഹുമാനം നൽകാതെ ശത്രുക്കളെപ്പോലെ പെരുമാറിയെന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്. കോഴി വളർത്തൽ, മുട്ട ഗ്രാമം, ക്ഷീര ഗ്രാമം, ആടുവളർത്തൽ തുടങ്ങി ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടപ്പിലാക്കേണ്ട പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നു. മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ പലതും പാതിവഴിയിലായി. ഹരിത സേന പ്രവർത്തനം വേണ്ട രീതിയിൽ നടത്താനായില്ല. മാലിന്യ സംസ്‌ക്കരണത്തിനായി സ്ഥാപിച്ച എം. ആർ.എഫ് സെന്ററുകൾ നോക്കുകുത്തിയായി. കേന്ദ്രസർക്കാരിന്റെ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ പദ്ധതി ഭരണപക്ഷ വാർഡുകളിൽ മാത്രം എസ്റ്റിമേറ്റെടുത്ത് മൂന്നരകോടിയുടെ പദ്ധതി അട്ടിമറിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പെട്ടിക്കട, കു ടനിർമ്മാണം തുടങ്ങിയ വികലാംഗരായ നിർധനരെ പുനരധിവസിപ്പിക്കാനും സ്വയം പര്യാപ്തതയിലെത്തിക്കാനുമുള്ള പദ്ധികൾ ഉപേക്ഷിച്ചു. ഫണ്ടുണ്ടായിട്ടും കൂട്ടൂർ അംഗൻവാടിക്ക് കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിച്ചി
ല്ലെന്നും പ്രതിപക്ഷം പറയുന്നു. എന്നാൽ ശുചിത്വ പരിപാലനത്തിന് ലഭിച്ച ശുചിത്വ പദവി പുരസ്‌കാരവും ജൈവ വൈവിധ്യ സംരക്ഷണത്തിന് പച്ചത്തുരുത്ത് പുരസ്‌കാരം നേടിയതും മികവായി ഭരണകക്ഷികൾ എടുത്തുകാട്ടുകയാണ്.
കെ.ടി അശ്വതി (പഞ്ചായത്ത് പ്രസിഡന്റ്)
യു.വി. ബിന്ദു (യു.ഡി.എഫ് മെമ്പർ)
കക്ഷിനില
ആകെ സീറ്റ് -16
സി.പി.എം -9
മുസ്ലിം ലീഗ് -5
കോൺഗ്രസ് -2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |