ചങ്ങനാശേരി: അഞ്ചാം പനിയുടെ ചികിത്സ പിഴച്ച് കുട്ടിക്കാലത്തേ ശരീരം തളർന്നതിനാൽ സ്‌കൂളിന്റെ പടിപോലും കാണാത്ത അജികുമാർ വീൽ ചെയറിൽ ഇരുന്ന് സ്വന്തമായി ഒരു വൈദ്യുതി നിലയം നിർമ്മിച്ചു ! പത്തുവർഷത്തെ കഠിനാദ്ധ്വാനത്തിലൂടെ വികസിപ്പിച്ച ഈ നിലയത്തിന്റെ പേര് ഹ്യൂമൻ ഇലക്ട്രോ മാഗ്‌നെറ്റിക് പവർ ജനറേറ്റിംഗ് സിസ്റ്റം.
കറണ്ട് പോകുന്ന വേളകളിൽ അജികുമാറിന്റെ വീട്ടിൽ ഈ യന്ത്രത്തിലാണ് ഫാൻ അടക്കമുള്ള ഗൃഹോപകരണങ്ങൾ പ്രവർത്തിക്കുന്നത്. അഞ്ചര മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. 24 മണിക്കൂറും നിലയ്‌ക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയമാണ് ലക്ഷ്യം.
ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവിട്ട അജികുമാറിന് പരീക്ഷണം തുടരാൻ സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം വേണം.
ഇന്ധനം ഇല്ലാത്തതിനാൽ മലിനീകരണവും ഇല്ല. പ്രകൃതി സൗഹൃദ ഊർജ നിലയം എന്നാണ് അജികുമാർ വിശേഷിപ്പിക്കുന്നത്. സഹായിക്കാൻ ഭാര്യ സിന്ധുവും മക്കളായ അഭിജിത്ത്, സ്തുതി എന്നിവരും ഉണ്ട്.
ചങ്ങനാശേരി തുരുത്തി അറയ്ക്കമറ്റം വീട്ടിൽ അജികുമാറിന്റെ ജീവിതം നിറയെ വേദനകളായിരുന്നു. എട്ടാമത്തെ വയസിലാണ് ശരീരം തളർന്നത്. കുട്ടിക്കാലവും കൗമാരവും ആശുപത്രികളിൽ. സ്‌കൂളിൽ പോയില്ല. നീണ്ട ചികിത്സയിൽ കൈകളും ശരീരവും ചലിച്ചെങ്കിലും കാലുകളുടെ തളർച്ച മാറിയില്ല. ജീവിതം വീൽചെയറിലായി.
ഇലക്ട്രോണിക്‌സ് ജോലിക്കാരനായ സഹോദരൻ ചെയ്യുന്നത് കണ്ടാണ് പലതും പഠിച്ചത്. വാക്മാനിലെ പാട്ട് ഉച്ചത്തിൽ കേൾക്കാൻ ആംപ്ലിഫയർ നിർമ്മിച്ചതാണ് ആദ്യത്തെ സൃഷ്‌ടി. പിന്നീടാണ് വൈദ്യുതി നിലയം എന്ന ആശയം ഉദിച്ചത്.
നിർമ്മാണ സാമഗ്രികൾ
പ്രത്യേകം നിർമ്മിച്ച ഡയനാമോയും ഡി. സി മോട്ടോറുകളും ആണ് പ്രധാന ഭാഗങ്ങൾ. ട്രാൻസ്‌ഫോർമറുകൾ, ഫ്ലൈവീലുകൾ, പുള്ളികൾ തുടങ്ങിയ പാർട്സുകൾ അജി സ്വന്തമായാണ് രൂപകല്പന ചെയ്യുന്നത്.
പ്രവർത്തനം
യന്ത്രത്തിലെ പെഡൽ കൈകൊണ്ട് ശക്തമായി കറക്കുമ്പോൾ അകത്തുള്ള ഫ്ലൈവീലുകൾ പലമടങ്ങ് വേഗതയിൽ കറങ്ങുന്നു. ആ ശക്തിയിൽ യന്ത്രത്തിലെ ഡൈനാമോ പ്രവർത്തിച്ചുണ്ടാകുന്ന കറന്റ് ഒരു റീചാർജിംഗ് സങ്കേതം വഴി നിരവധി മോട്ടോറുകളെ കറക്കുന്നു. മോട്ടോറുകളുടെ ശക്തിയിൽ ഡൈനാമോയും ശക്തമായി പ്രവർത്തിക്കുകയും ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കേബിളിലൂടെ പുറത്തെത്തിക്കുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |