SignIn
Kerala Kaumudi Online
Sunday, 06 July 2025 10.13 PM IST

പൊലീസ് ആക്ടിലെ ഭേദഗതി മാദ്ധ്യമസ്വാതന്ത്ര്യത്തിന് എതിരല്ല: വിമർശനം കടുത്തതോടെ വിശദീകരണവുമായി മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
cm

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പാക്കിയ പൊലീസ് ആക്ട് ഭേദഗതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി. നിയമഭേദഗതി വൻ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. പ്രതിപക്ഷത്തിനും ബി ജെപിക്കുമൊപ്പം സംസ്ഥാനത്തിന് പുറത്തുളളവർപോലും ഭേദഗതിക്കെതിരെ വിമർശനമുയർത്തിയിരുന്നു. സൈബർ അധിക്ഷേപം തടയാനെന്ന പേരിൽ പൊലീസ് ആക്ടിലെ ഭേദഗതി മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനാണെന്നായിരുന്നു പ്രധാന വിമർശനം. ആര് പരാതി നൽകിയാലും ഏത് മാദ്ധ്യമ വാർത്തയ്ക്കെതിരെയും പൊലീസിന് എളുപ്പത്തിൽ കേസെടുക്കാം എന്ന ഭേദഗതിയിലെ വ്യവസ്ഥയാണ് ഏറെ ആശങ്ക ഉയർത്തിയിരുന്നത്. എന്നാൽ, ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാദ്ധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം:


'പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാദ്ധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.

സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരിൽ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാദ്ധ്യമപ്രവർത്തനത്തിന്റെ മറവിൽ ചിലർ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നുണ്ട്. അസത്യം മുതൽ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകർക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താൽപര്യങ്ങൾ, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കുന്ന വിധത്തിലുള്ള പ്രതികാര നിർവഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല.

സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവർക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്‌കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ വ്യക്തിഗതമായ പകരംവീട്ടലുകൾ അല്ലാതെ മാധ്യമപ്രവർത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.

മാദ്ധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സർക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിൻ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കൽപമുണ്ടല്ലോ. കൈവീശാം, എന്നാൽ അത് അപരന്റെ മൂക്കിൻ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാൽ ഇതു തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ മാദ്ധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല.

ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തിൽ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേർന്നുപോകുന്ന നിയന്ത്രണങ്ങളേ പോലീസ് നിയമഭേദഗതിയിൽ ഉള്ളൂ.

വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്‌കൃത സമൂഹത്തിൽ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥമാണ്.

സാമ്പ്രദായിക മാധ്യമങ്ങൾ പൊതുവിൽ ഭരണഘടന കല്പിക്കുന്ന ഈ അതിരുകൾക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കാറ്. എന്നാൽ, ചില വ്യക്തിഗത ചാനലുകൾ ആ ഭരണഘടനാ നിഷ്‌കർഷകളെ പുച്ഛത്തോടെ കാറ്റിൽപറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് സാമൂഹിക ക്രമത്തെ തന്നെ അട്ടിമറിക്കും, അതുണ്ടായിക്കൂടാ.

ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളിൽ നിന്ന് എത്ര ശക്തമായ വിമർശനം നടത്താനും ആർക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അർത്ഥത്തിൽ എടുത്താൽ ആർക്കും ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവർക്കു മാത്രമേ ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്‌കൃത ജനസമൂഹം അനുവദിക്കുന്നതുമല്ല.

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്താൽ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവർ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാൻ സർക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയിൽ മാദ്ധ്യമങ്ങൾക്കുംപൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാദ്ധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവർ നേരിടുന്ന സൈബർ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയർന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദ്ദേശങ്ങളെയും സർക്കാർ തീർച്ചയായും പരിഗണിക്കുക തന്നെ ചെയ്യും.

TAGS: CM EXPLANATIOON IN NEW POLICE-ACT-AMENDMENT-IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.