തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ട ആറാം തവണയും ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായി. മേലാംകോട് പൊന്നുമംഗലം പുത്തൻ വീട്ടിൽ മേലാംകോട് കിരണിനെയാണ് നേമം പൊലീസ് പിടികൂടിയത്. അഞ്ചുതവണ ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ഇയാൾ പുറത്തിറങ്ങിയ ശേഷം വീണ്ടും കേസുകളിൽ പ്രതിയായതോടെ ജില്ലാ കളക്ടർ ഇയാളെ 'കാപ്പാ നിയമ പ്രകാരം' ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 40ഓളം കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഒക്ടോബർ 3ന് കാരയ്ക്കാമണ്ഡപം സ്വദേശി സുരേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം അയാളുടെ മൊബൈലും കവർന്ന് ഒളിവിൽ കഴിയവേയാണ് പ്രതി പിടിയിലായത്. ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ദീപു, സി.പി.ഒമാരായ ഗിരി, ബിമൽ മിത്ര, ഷാഡോ ടീം എസ്.ഐ അരുൺ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |