പാലാ: പാളത്തൊപ്പി ധരിച്ച് കൈയിൽ മഴുവുമായി വീടുകൾ തോറും കയറിയിറങ്ങി വോട്ട് തേടുന്ന പൂവരണി ആലഞ്ചേരിൽ സുനിലിനെ നിസംശയം നീട്ടി വിളിക്കാം................. അമ്പടാ...ത്രിലത സ്ഥാനാർത്ഥീീീീ..കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലും ളാലം ബ്ലോക്ക് പൂവരണി ഡിവിഷനിലും മീനച്ചിൽ പഞ്ചായത്ത് പാലാക്കാട് വാർഡിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി സുനിൽ ഒരേസമയം ജനവിധി തേടുകയാണ്. മൂന്നിടത്തേയും ചിഹ്നം ഒന്നു തന്നെ: മഴു. ഒരു സ്ഥാനാർത്ഥിക്ക് ഇങ്ങനെ മത്സരിക്കുന്നതിൽ നിയമപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു.
അമ്പത്തിരണ്ടുകാരനായ സുനിൽ പരോപകാരിയാണെന്ന് നാട്ടുകാർ സമ്മതിക്കുന്നു.അവിവാഹിതനാണ്. എന്തു ജോലിയും ചെയ്യും. തൂമ്പാ പണി ,കിണർ തേകൽ, വിറകു കീറൽ, പശു നോട്ടം അങ്ങനെയങ്ങനെ... പ്രീഡിഗ്രി വരെ പഠിച്ച സുനിലിന് 18ാം വയസിൽ സൈന്യത്തിൽ വയർലെസ് ഓപ്പറേറ്ററായി ജോലി ലഭിച്ചെങ്കിലും ട്രെയിനിംഗിനിടെ മുങ്ങി നാട്ടിലെത്തി. കൂലിപ്പണി തൊഴിലാക്കി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കലാണ് പ്രധാന ഹോബി. ഇക്കഴിഞ്ഞ വാശിയേറിയ പാലാ ഉപതിരഞ്ഞെടുപ്പിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് നൂറോളം വോട്ട് നേടി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ളാലം ബ്ലോക്കിൽ മത്സരിച്ച് മൂന്നാമതെത്തിയിരുന്നു. മൂന്നിടത്തെ മത്സരങ്ങൾക്ക് കെട്ടി വയ്ക്കാൻ മാത്രം ആറായിരം രൂപ വേണമായിരുന്നു. ഇതിൽ പകുതിയോളം പണം കൂലിപ്പണിയെടുത്ത് നേടി. കുറച്ചു പണം കടം വാങ്ങി. ബാക്കി സുഹൃത്തുക്കൾ സംഭാവനയായി നൽകുകയായിരുന്നു. സുനിലിന്റെ പിതാവ് റിട്ട ഹെഡ്മാസ്റ്ററായിരുന്നു. സഹോദരങ്ങളെല്ലാം വിവാഹിതരായി മറ്റു സ്ഥലങ്ങളിലാണ് താമസം. പിതാവിന്റെ മരണശേഷം ബ്ലേഡ് മാഫിയയുടെ കുരുക്കിൽപ്പെട്ട് കുടുംബവീട് നഷ്ടപ്പെട്ടു. ഇപ്പോൾ പൂവരണി ക്ഷേത്രത്തിനു സമീപം റോഡു പുറമ്പോക്കിൽ നാലു ചക്രത്തിൽ നിൽക്കുന്ന ഒരു കൊച്ചു മാടക്കടയാണ് വീട്; അന്തിയുറങ്ങാൻ മാത്രമൊരിടം.
രാഷ്ട്രീയ ഭീകരതയെ വെട്ടിക്കീറാൻ മഴു
'കർഷകർ ഉണർന്നെങ്കിൽ മാത്രമേ കേരളം രക്ഷപ്പെടൂ. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഭിന്നിപ്പിക്കുന്ന ഭരണ രാഷ്ട്രീയ ഭീകരതയെ വെട്ടിക്കീറാൻ 'മഴു ' ഒരു വോട്ടു നൽകാൻ ബഹുമാന്യരായ സമ്മതിദായകർ തയ്യാറാകണം'
-സുനിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |