SignIn
Kerala Kaumudi Online
Wednesday, 24 February 2021 10.32 PM IST

സംസ്ഥാന വികസനത്തിന് ഒന്നിച്ചു നിൽക്കണം

kifbi

അടിസ്ഥാനസൗകര്യ വികസനത്തിന് പണമില്ലാതെ ഗതിമുട്ടിനിന്ന കേരളത്തിന് വലിയൊരു കൈത്താങ്ങായി മാറുകയായിരുന്നു കിഫ്ബി എന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്. നാടിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിനു തന്നെ കിഫ്ബി വഴിയൊരുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാലരവർഷക്കാലം സംസ്ഥാനം കണ്ടത്. 1999 ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് രൂപംകൊണ്ട കിഫ്ബി എന്ന സംവിധാനം, കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലയളവിൽ സജീവമായെങ്കിലും അതിന്റെ അലകും പിടിയും മാറ്റി ഇന്നത്തെ രീതിയിൽ കാര്യക്ഷമമാക്കിയത് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ ആശയങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ച പിന്തുണ കൂടി നൽകിയതോടെ കിഫ്ബിയുടെ പരീക്ഷണങ്ങൾക്ക് ചിറകുമുളച്ചു. പിന്നീട് സംഭവിച്ചത് നാടിതുവരെ കണ്ടിട്ടില്ലാത്ത വികസന പ്രവർത്തനങ്ങളാണ്.

കൺമുന്നിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളെ പാടെ വിസ്മരിച്ചു കൊണ്ടല്ലാതെ കിഫ്ബിയെ വിമർശിക്കാൻ പ്രതിപക്ഷത്തിനു പോലും കഴിയുമെന്ന് തോന്നുന്നില്ല. കാരണം പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിലും കിഫ്ബിയുടെ പിന്തുണയോടെ നടക്കുന്ന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്താനുണ്ടാകും. കിഫ്ബിയുടെ വികസന സ്പർശമേൽക്കാത്ത ഒറ്റപ്രദേശം പോലും കേരളത്തിലില്ല. അത് സ്കൂളായും ആശുപത്രികളായും പാലമായും മികച്ച റോഡുകളായും നാട്ടിൽ തെളിഞ്ഞു നിൽക്കുകയാണ്.

ഇതിനെല്ലാം പണം എവിടെ നിന്നു കണ്ടെത്താനാകും എന്നതായിരുന്നു ഇതുവരെയുള്ള ചോദ്യം. നിത്യനിദാനച്ചെലവുകൾ കഴിഞ്ഞാൽ കമ്മി സംസ്ഥാനമായ കേരളത്തിന് വികസനപ്രവർത്തനങ്ങൾക്ക് പണമില്ലെന്ന വാദം വർഷങ്ങളായി കേട്ടുവരുന്നതാണ്. ഓഖിയടക്കം പ്രകൃതി ദുരന്തങ്ങൾ ഒന്നിനു പിറകെ വന്നപ്പോൾ സമ്പദ്ഘടന ആകെ തകർന്ന അവസ്ഥയിലുമായി. അപ്പോൾ പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ പണം എങ്ങനെ കണ്ടെത്തുമെന്നതിനുള്ള ഉത്തരം കൂടിയായിരുന്നു കിഫ്ബി. വായ്‌പയെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്തി വികസന സമ്പൂർണമായ കേരളം കെട്ടിപ്പടുക്കുകയാണ് കിഫ്ബിയുടെ ലക്ഷ്യം. വായ്‌പ ലഭിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള മാർഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള നടപടികളാണ് കിഫ്ബിയിലൂടെ സംസ്ഥാനം സ്വീകരിച്ചത്. മൂലധന നിക്ഷേപം വർദ്ധിപ്പിക്കാൻ മറ്റുമാർഗങ്ങളില്ലാതെ വരുമ്പോൾ നിയമപരമായ വഴികളിലൂടെ ലഭിക്കുന്ന വായ്പകളെ ആശ്രയിക്കുകയേ മാർഗമുള്ളൂ. അതിന് പലരീതിയിലുള്ള വായ്പകൾ തേടേണ്ടി വരും. അതിലൊന്നാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാലബോണ്ട് ഇറക്കിയതടക്കമുള്ള നടപടികൾ. അന്തർദ്ദേശീയ തലത്തിൽ കിഫ്ബിക്ക് പ്രതിഛായ നേടിയെടുക്കാനും അത് സഹായിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറയുമ്പോൾ അവിശ്വസിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഗ്രീൻ ബോണ്ടിറക്കി ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും 1100 കോടി വായ്പയെടുക്കാൻ സാഹചര്യമൊരുങ്ങുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. കിഫ്ബി ഒരു കോർപ്പറേറ്റ് ബോഡിയായതിനാൽ റിസർവ് ബാങ്കിന്റെ അനുമതിയോടെ ബോണ്ടിറക്കാമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കംപ്ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന പരാമർശം വന്നതോടെ സർക്കാരിനെ അടിക്കാനുള്ള വടി കിട്ടിയ ആവേശത്തിലാണ് പ്രതിപക്ഷ കക്ഷികൾ. നിയമസഭയിൽ വയ്ക്കേണ്ട സി.എ.ജി റിപ്പോർട്ട് ധനമന്ത്രി ചോർത്തിയെന്നും അവകാശലംഘനം നടത്തിയെന്നും ആരോപിച്ച് പരാതിയും നൽകിയിട്ടുണ്ട്. സി.എ.ജി റിപ്പോർട്ട് ചോർന്നുവെന്ന് പറഞ്ഞ് ധനമന്ത്രിയെ വിമർശിക്കുന്നവർക്ക് റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് അതിൻമേൽ കേന്ദ്ര ഏജൻസി അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടതിനെക്കുറിച്ച് എന്തു പറയാൻ കഴിയും.

വിവിധ ഭരണവകുപ്പുകൾക്ക് കീഴിലായി 60000 കോടി രൂപയുടെ 817 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. ഘട്ടംഘട്ടമായി വായ്പയെടുത്ത് പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ കാലതാമസം എന്ന കടമ്പ കടക്കാനും കഴിയും. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാതാ വികസനം , റോഡുകൾ,ബൈപ്പാസുകൾ ,റെയിൽവേ മേൽപ്പാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ ,ഫ്ളൈ ഓവറുകൾ, പൊതുവിദ്യാലയങ്ങളുടെ വികസനം, കൊവിഡ് മഹാമാരിയെ നേരിടുന്നതിന് സർക്കാർ ആശുപത്രികളുടെ നവീകരണം, വൈദ്യുതി പ്രസരണം മികവുറ്റതാക്കുന്നതിനടക്കം സമഗ്ര മേഖലകളിലും കിഫ്ബിയുടെ സഹായഹസ്തം നീണ്ടു. ഭരണപ്രതിപക്ഷ കക്ഷികൾ അഞ്ചുവർഷത്തിലൊരിക്കൽ മാറിമാറി വരുന്ന കേരളത്തിൽ വികസന കാര്യങ്ങളിലുള്ള രാഷ്ട്രീയ വിവാദങ്ങൾ സംസ്ഥാനത്തെ എങ്ങും കൊണ്ടെത്തിക്കുകയില്ല.

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ വർഷത്തിലൊരിക്കലെങ്കിലും പോയി വരുന്നവർ ഓരോ തവണ പോകുമ്പോഴും ആ നാട്ടിൽ വരുന്ന മാറ്റങ്ങളിൽ വിസ്മയം കൊള്ളാറുണ്ട്. വിദേശരാജ്യങ്ങളിലെ പോലുള്ള ഫ്ളൈ ഓവറുകളും വിശാലമായ റോഡുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസന മേഖലയിലെ കുതിച്ചുചാട്ടമാണ് അവിടെ കാണാൻ കഴിയുക. വികസനകാര്യങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഉദ്യോഗസ്ഥ വൃന്ദവും അവിടെ ഒറ്റക്കെട്ടായിരിക്കും. ഇവിടെ നേരെ മറിച്ചും. കിഫ്ബിയെ വിവാദങ്ങളിൽ കുരുക്കിയാൽ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിക്കു മുടങ്ങിപ്പോകുമെന്നും അത് കേരള വികസനത്തെ പിന്നോട്ടടിക്കുമെന്നും വിമർശിക്കുന്നവരും വിവാദം സൃഷ്ടിക്കുന്നവരും ഓർക്കുന്നത് നന്നായിരിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, KIFBI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.